റിയാദ് - സൗദി വനിതയും ഇവരുടെ വിദേശിയായ ഭര്‍ത്താവും ഉള്‍പ്പെട്ട 23 അംഗ തട്ടിപ്പ് സംഘത്തെ പ്രത്യേക കോടതി ആകെ 111 വര്‍ഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതികള്‍ക്ക് ആകെ 2,86,30,000 റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. വെളുപ്പിച്ച പണത്തിന് തുല്യമായ തുക പ്രതികളില്‍ നിന്ന് കണ്ടുകെട്ടാനും വിധിയുണ്ട്. നാലു റിയല്‍ എസ്റ്റേറ്റുകളും വാഹനങ്ങളും അടക്കം കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച സമ്പത്തും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങളും പ്രതികളില്‍ നിന്ന് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. പ്രതികളുടെ പേരില്‍ തട്ടിപ്പുകള്‍ക്ക് ആരംഭിച്ച വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ റദ്ദാക്കാനും വിധിയുണ്ട്. തടവു ശിക്ഷ അനുഭവിച്ച ശേഷം വിദേശികളെ സൗദിയില്‍ നിന്ന് നാടുകടത്തും. സംഘം വിദേശങ്ങളിലേക്ക് കടത്തിയ പണം വീണ്ടെടുക്കാനും ഈ പണം വിദേശങ്ങളില്‍ സ്വീകരിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും നടപടികള്‍ ആരംഭിച്ചതായും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സംഘത്തിന്റെ തട്ടിപ്പിനിരയായവര്‍ സുരക്ഷാ വകുപ്പുകള്‍ക്ക് പരാതികള്‍ നല്‍കുകയായിരുന്നു. സൗദി പൗരന്മാരും വിദേശികളും അടക്കം നിരവധി പേര്‍ സംഘത്തിന്റെ തട്ടിപ്പുകള്‍ക്ക് ഇരയായിരുന്നു. വെര്‍ച്വല്‍ കറന്‍സികളിലും സ്വര്‍ണത്തിലും എണ്ണയിലും പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കൂപ്പണുകളിലും വിദേശങ്ങളിലും വലിയ ലാഭം ലഭിക്കുന്ന നിക്ഷേപാവസരങ്ങളുള്ളതായി ഫോണിലൂടെയും മറ്റും ബന്ധപ്പെട്ടാണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഇരകളുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈക്കലാക്കിയ ശേഷം അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിച്ച് വ്യാപാര സ്ഥാപനങ്ങളുടെയും സംഘത്തില്‍ ഉള്‍പ്പെട്ടവരുടെയും മറ്റും അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം വിദേശത്തേക്ക് അയക്കുകയാണ് സംഘം ചെയ്തിരുന്നത്.
സൗദി വനിതയുടെ വിദേശിയായ ഭര്‍ത്താവ് തങ്ങളുടെ പേരുകളില്‍ വ്യാജ സ്ഥാപനങ്ങള്‍ ആരംഭിക്കാനും ഈ സ്ഥാപനങ്ങളുടെ പേരുകളില്‍ അക്കൗണ്ടുകള്‍ തുറക്കാനും സൗദി പൗരന്മാരെയും സൗദി വനിതകളെയും പ്രേരിപ്പിക്കുകയും ഈ അക്കൗണ്ടുകളുടെ മാനേജ്‌മെന്റ് സ്വയം വഹിക്കുകയും ഇരകളുടെ പണം സ്വീകരിക്കാനും പിന്നീട് പണം വിദേശത്തേക്കയക്കാനും ഈ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയുമായിരുന്നെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി. അതിവേഗ ലാഭം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ചും കൂടുതല്‍ പണം നിക്ഷേപിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചും നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണത്തില്‍ ഒരു ഭാഗം ലാഭവിഹിതം എന്നോണം മറ്റു നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക് പ്രതികള്‍ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വ്യാജ ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ട്‌ഫോളിയോകള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും കൃത്രിമവും അയഥാര്‍ഥവുമായ രീതിയില്‍ ഓഹരിയിടപാടുകളുടെ ലാഭം പ്രദര്‍ശിപ്പിച്ച് വഞ്ചിക്കാനും പ്രതികള്‍ വെബ്‌സൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ്, പണം വെളുപ്പിക്കല്‍, വ്യാജ രേഖാനിര്‍മാണം, ബിനാമി ബിസിനസ്, സൈബര്‍ കുറ്റകൃത്യം എന്നീ ആരോപണങ്ങളാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.