Sorry, you need to enable JavaScript to visit this website.

വസ്ത്രമുരിഞ്ഞ് അർജന്റീന ആരാധിക, വിവാദമാക്കി ബി.ബി.സി; ചൂടേറിയ ചർച്ച

ദോഹ - ആവേശപ്പോരിൽ രാജ്യം വിശ്വകിരീടം ചൂടിയതിന്റെ ആഹ്ലാദത്തിമിർപ്പിൽ അർജന്റീന ആരാധിക വസ്ത്രമുരിഞ്ഞത് വിവാദത്തിൽ. ഷൂട്ടൗട്ടിൽ അർജന്റീനൻ താരം ഗോൺസാലോ മോണ്ടിയലിന്റെ പെനാൽറ്റി കിക്ക്, ഫ്രഞ്ച് നായകൻ ലോറിസിനെ മറികടന്ന് വലയിലെത്തിയപ്പോൾ തന്റെ ടോപ്പ് ഊരി ആർമാദിക്കുകയായിരുന്നു അർജന്റീന ആരാധിക. 
 ലൂസൈൽ സ്റ്റേഡിയത്തിലെ ഈ വസ്ത്രമുരിയാടൽ ബി.ബി.സിയാണ് പുറത്തുവിട്ടത്. അതോടെ ദൃശ്യം വ്യാപക ചർച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഖത്തറിലെ നിയമലംഘനത്തിന് ആരാധിക ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്നതിലാണ് ഫുട്ബാൾ ആരാധകരുടെ ചർച്ച. അതിരുവിട്ട ആഘോഷം ആരാധികയ്ക്ക് ഖത്തറിൽ പ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്ന് പറയുമ്പോൾ ക്രൊയേഷ്യൻ മോഡൽ ഇവാന നോളിന്റെ ചില പ്രകടനങ്ങൾ ഖത്തർ കണ്ടില്ലെന്നു നടിച്ചത് ചൂണ്ടിക്കാട്ടി നടപടിയിൽനിന്ന് ഒഴിവാക്കിയേക്കാമെന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. വിവസ്ത്രയായി ആഘോഷിച്ച ആരാധികയ്ക്ക് പിഴ ചുമത്തുകയോ ജയിലിൽ അടയ്ക്കുന്നത് വരെയുള്ള ശിക്ഷകൾ നേരിടുകയോ ചെയ്യുമെന്നാണ് ട്വിറ്ററിൽ ഉയരുന്ന അഭിപ്രായങ്ങൾ. 
 മികച്ച രീതിയിൽ ലോകകപ്പ് സംഘടിപ്പിച്ചതിന് ഖത്തറിന് ലോകസമൂഹത്തിന്റെ നിറഞ്ഞ കൈയടി ലഭിക്കുമ്പോൾ ആരാധികയുടെ പരിധിവിട്ട ആവേശപ്രകടനത്തോട് രാജ്യത്തെ നിയമവൃത്തങ്ങൾ ദയ കാണിക്കുമോ എന്നതിൽ പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല.
 ലോകകപ്പിന് മുമ്പ് തന്നെ രാജ്യത്തിന്റെ സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും നിയമങ്ങൾ പാലിക്കണമെന്നും ഫുട്ബാൾ ആരാധകർക്കും സന്ദർശകർക്കും ഖത്തർ കർശന നിർദേശം നൽകിയിരുന്നു. തോളുകളും കാൽമുട്ടുകളും മൂടത്തക്ക രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തറിലെ നിയമം. ലോകകപ്പിനായി വരുന്നവർ ഒരു പരിധിക്കപ്പുറം ശരീരം പുറത്തുകാട്ടുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്നും ഓർമിപ്പിച്ചിരുന്നു.
  36 വർഷത്തിനുശേഷമാണ് ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം വിശ്വകിരീടത്തിൽ മുത്തമിട്ടത്. ദോഹയിലും അർജന്റീനയിലും ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങളാണ് വിജയം തെരുവുകളിൽ ആഘോഷമാക്കിയത്.
 

Latest News