സിഡ്‌നി-സിറിയന്‍ തടങ്കല്‍പ്പാളയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ യുവതിയെ കോടതിയില്‍ വിചാരണ ചെയ്യും. മുന്‍ ഭര്‍ത്താവിന് ഭീകര സംഘടനയായ ഐ.എസിലുണ്ടായിരുന്ന പങ്ക് കണ്ടെത്താനാണ് ഓസ്‌ട്രേലിയന്‍ യുവതിയായ മറിയം റഅദിനെ ചോദ്യം ചെയ്യുക.
ഓസ്‌ട്രേലിയന്‍ സ്ത്രീകളെയും കുട്ടികളെയും സിറിയയിലെ കുപ്രസിദ്ധ ക്യാമ്പുകളില്‍ നിന്ന് മോചിപ്പിക്കാനുള്ള മാനുഷിക ദൗത്യത്തിന്റെ ഭാഗമായി ഒക്ടോബറിലാണ് മറിയം റഅദിനെ നാട്ടിലെത്തിച്ചത്.
ഐ.എസ് പോരാളികളുടെ ഭാര്യമാരായാണ് സിറിയയിലെത്തിയതെന്നാണ് രക്ഷപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ നല്‍കുന്ന മൊഴി . ഭര്‍ത്താക്കന്മാരോടൊപ്പം സിറിയയിലേക്ക് പോകാന്‍ നിര്‍ബന്ധിതരായെന്ന് ഇവര്‍ പറയുന്നു.
മുന്‍ ഭര്‍ത്താവ് മുഹമ്മദ് സഹാബ് ഐഎസിലെ ഉയര്‍ന്ന നേതാവും റിക്രൂട്ടറുമാണെന്ന് 31 കാരിയായ മറിയം റഅദിന് അറിയാമായിരുന്നുവെന്നും സംഘര്‍ഷ മേഖലയിലേക്ക് ഇഷ്ടത്തോടെയാണ് പോയിരുന്നതെന്നും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ഓസ്‌ട്രേലിയന്‍ പോലീസ് ആരോപിക്കുന്നു.
ഐഎസ് നിയന്ത്രണത്തിലുള്ള സിറിയയുടെ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തതിന് മറിയം റഅദിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട് ഓസ്‌ട്രേലിയന്‍ നിയമപ്രകാരം കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും.
സിഡ്‌നിയില്‍ കണക്ക് അധ്യാപകനായിരുന്ന സഹാബ് 2018ല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി കരുതുന്നതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് അറിയിച്ചു. മറ്റ് മൂന്ന് സ്ത്രീകള്‍ക്കും 13 കുട്ടികള്‍ക്കുമൊപ്പമാണ് മറിയം റഅദ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയത്.
ഖിലാഫത്തുമായി രംഗത്തുവന്ന ഐ.എസ് 2019 ല്‍ തകര്‍ന്ന ശേഷം കുര്‍ദിഷ് നിയന്ത്രണത്തിലുള്ള വടക്കുകിഴക്കന്‍ സിറിയയില്‍ തടവിലാക്കപ്പെട്ട 20 ഓസ്‌ട്രേലിയന്‍ സ്ത്രീകളെയും 40 കുട്ടികളെയും തിരികെ കൊണ്ടുവരാനുള്ള നടപടികളില്‍ ആദ്യത്തേതായിരുന്നു ഇത്.
ഐ.എസ് വധുക്കള്‍ എന്ന് വിളിക്കപ്പെടുന്നവരെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നത് ഓസ്‌ട്രേലിയയില്‍ വിവാദമായിട്ടുണ്ട്. ഇവര്‍ ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ ആരോപിക്കുന്നു. അതേസമയം, ഓസ്‌ട്രേലിയന്‍ പൗരന്മാരെ ഭീകരമായ അവസ്ഥകളില്‍ നിന്ന് രക്ഷിച്ചതിന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലുള്ള സംഘടനകള്‍ സര്‍ക്കാരിനെ പ്രശംസിക്കുന്നു.
സ്വദേശത്തേക്ക് തിരിച്ചെത്തിച്ച ശേഷം മറിയം റഅദ് സിഡ്‌നിയില്‍നിന്ന് 370 കിലോമീറ്റര്‍ പടിഞ്ഞാറുള്ള യങ് എന്ന ചെറുപട്ടണത്തിലാണ് മറിയം റഅദ് താമസമാക്കിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)