റിയാദ് - സൗദിയില്‍ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മത്സരങ്ങള്‍ ഒരുമിച്ച് നടത്തുന്ന ആദ്യ പ്രോഗ്രാം ആണ് 'ഉത്‌റുല്‍കലാം' എന്ന് പേരിട്ട പരിപാടി. ലോകത്ത് ഇത്തരത്തില്‍പെട്ട ഏറ്റവും വലിയ മത്സരവുമാണിത്.
നാലു ഘട്ടങ്ങളായാണ് മത്സരം നടത്തുക. ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി വോയ്‌സ് ക്ലിപ്പിംഗുകള്‍ അപ്‌ലോഡ് ചെയ്യലുമാണ് നടക്കുക. ജഡ്ജിംഗ് കമ്മിറ്റികള്‍ വോയ്‌സ് ക്ലിപ്പുകള്‍ പരിശോധിച്ച് മത്സരാര്‍ഥികളില്‍ നിന്ന് യോഗ്യരായവരെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. രണ്ടാം ഘട്ടത്തില്‍ മത്സരാര്‍ഥികള്‍ പുതിയ വോയ്‌സ് ക്ലിപ്പിംഗുകള്‍ സമര്‍പ്പിക്കണം. ഇവ വിലയിരുത്തിയാണ് മൂന്നാം ഘട്ടത്തിലേക്കുള്ളവരെ ജഡ്ജിംഗ് കമ്മിറ്റികള്‍ തെരഞ്ഞെടുക്കുക. മത്സര ഘട്ടങ്ങള്‍ക്കനുസരിച്ച് മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ ഉയരും. മൂന്നാം ഘട്ടത്തില്‍ നിന്ന് ഏറ്റവും മികച്ച മത്സരാര്‍ഥികളെ ഫൈനല്‍ ആയ നാലാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. ഫൈനല്‍ മത്സരം അടുത്ത റമദാനില്‍ എം.ബി.സി ചാനലും ശാഹിദ് ആപ്പും വഴി സംപ്രേഷണം ചെയ്യും.
ഇംഗ്ലീഷിലും അറബിയിലും കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ലോഗ് ഇൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വര്‍ഷം നടത്തിയ ആദ്യ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ 80 രാജ്യങ്ങളില്‍ നിന്നുള്ള 40,000 ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ നിന്ന് 36 പേരാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. മത്സരാര്‍ഥികളുടെ ശബ്ദ സൗകുമാര്യത്തിന് മുഖ്യ പ്രാധാന്യം നല്‍കുന്ന മത്സരമാണ് 'ഉത്‌റുല്‍കലാം.' വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളെ പങ്കെടുപ്പിച്ച് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരവും സൗദിയിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി കിംഗ് സല്‍മാന്‍ ഖുര്‍ആന്‍ മത്സരവും എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഈ മത്സരങ്ങളിലെല്ലാം മനഃപാഠത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഏറ്റവും മനോഹരമായ ശബ്ദത്തില്‍, തെറ്റുകള്‍ കൂടാതെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കും ബാങ്ക് വിളിക്കുന്നവര്‍ക്കും വേണ്ടിയുള്ള മത്സരമാണ് 'ഉത്‌റുല്‍കലാം'. മത്സരത്തില്‍ മനഃപാഠം പരിഗണിക്കപ്പെടില്ല.
ഏറ്റവും മധുരമനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കും ബാങ്ക് വിളിക്കുന്നവര്‍ക്കും വേണ്ടിയുള്ള മത്സരങ്ങളില്‍ ലോകത്തുള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. മത്സര വിജയികള്‍ക്ക് ആകെ 1.2 കോടി റിയാല്‍ (32 ലക്ഷം ഡോളര്‍) സമ്മാനമായി വിതരണം ചെയ്യും. ലോകത്ത് ഏറ്റവും മാധുര്യമാര്‍ന്ന ശബ്ദത്തില്‍, ശ്രോതാക്കളില്‍ സ്വാധീനം ചെലുത്തുന്ന നിലക്ക്, ആശയം ഉള്‍ക്കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരെ കണ്ടെത്താനും അവരുടെ പാരായണങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കാനുമാണ് ഖുര്‍ആന്‍ പാരായണ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. വളര്‍ന്നുവരുന്ന തലമുറകളെ വിശുദ്ധ ഖുര്‍ആനുമായി ബന്ധിപ്പിക്കാനും ഖുര്‍ആന്‍ പഠനത്തിന് പ്രേരിപ്പിക്കാനും ഇതിലൂടെ ഉന്നമിടുന്നു.
ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാര്‍ഥിക്ക് അമ്പതു ലക്ഷം റിയാല്‍ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാരന് ഇരുപതു ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് പത്തു ലക്ഷം റിയാലും നാലാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാലും സമ്മാനം ലഭിക്കും.
ബാങ്ക് വിളി മത്സരത്തിലൂടെ ബാങ്ക് വിളി ശബ്ദത്തിന്റെ മനോഹാരിതയും മാധുര്യവും ആഘോഷിക്കാന്‍ ലക്ഷ്യമിടുന്നു. ബാങ്ക് വിളി മത്സരത്തിലെ വിജയിക്ക് ഇരുപതു ലക്ഷം റിയാല്‍ സമ്മാനം ലഭിക്കും. രണ്ടാം സ്ഥാനക്കാരന് പത്തു ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാലും സമ്മാനം ലഭിക്കും. നാലാം സ്ഥാനത്തെത്തുന്ന മത്സരാര്‍ഥിക്ക് രണ്ടര ലക്ഷം റിയാലാണ് സമ്മാനമായി ലഭിക്കുക. ലോകത്ത് ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന മത്സരങ്ങളാണ് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)