- ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ മാറ്റുരച്ചത് ഇന്ന്, 24 വേദികളിലായി 2849 പേർ.
കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാംദിവസത്തെ മത്സരങ്ങൾ പുരോഗമിക്കവെ കരുത്തു കാട്ടി കണ്ണൂർ മുന്നേറ്റം തുടരുന്നു. 598 പോയിന്റുമായാണ് കണ്ണൂർ സ്വർണക്കപ്പിലേക്കുള്ള കുതിപ്പ് തുടരുന്നത്. രണ്ടാംസ്ഥാനത്ത് 589 പോയിന്റുള്ള ആതിഥേയരായ കോഴിക്കോട് ജില്ലയ്ക്കാണ്. 585 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് ജില്ലയാണ് മൂന്നാംസ്ഥാനത്ത്.
565 പോയിന്റുമായി തൃശൂരും 554 പോയിന്റുമായി എറണാകുളംവും പിറകിലുണ്ട്. ആകെയുള്ള 239 ഇനങ്ങളിൽ ഇതുവരെയായി 151 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോഴുള്ള സ്ഥിതിയാണിത്.
ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതഗാനത്തിലെ വിവാദ വീഡിയോ ചിത്രീകരണം മാറ്റിനിർത്തിയാൽ കാര്യമായ പരാതികൾക്കൊന്നും ഇടം കൊടുക്കാതെ 24 വേദികളിലും മത്സരങ്ങളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാൻ സംഘാടകർക്കാവുന്നു എന്നതാണ് ഇത്തവണത്തെ മേളയെ ശ്രദ്ധേയമാക്കുന്നത്. മുൻ വർഷങ്ങളിലെല്ലാം മണിക്കൂറുകൾ വൈകിയാണ് പല വേദികളിലും മത്സരങ്ങൾ തുടങ്ങുകയും അവസാനിക്കുകയും ചെയ്യാറുള്ളത്. ഇത് മത്സരാർത്ഥികൾക്കുണ്ടാക്കുന്ന പ്രയാസങ്ങൾ ഇത്തവണ കോഴിക്കോട്ടുണ്ടായില്ല. കോൽക്കളി മത്സരത്തിൽ കാർപ്പെറ്റിൽ തട്ടി വീണ് മത്സാർത്ഥിയുടെ കൈ ഒടിഞ്ഞതും ഒപ്പന മത്സരത്തിനിടെ അഞ്ച് തോഴിമാർ തലകറങ്ങി വീണതുമാണ് മത്സരാർത്ഥികൾക്കുണ്ടായ പ്രയാസങ്ങൾ. ആദ്യ ദിവസം മീഡിയാ സെന്ററിൽ നെറ്റ്‌വർക്കുകളിലൂണ്ടായ കടുത്ത പ്രയാസം രണ്ടാംദിവസം ഉച്ചയോടെ പരിഹരിക്കാനുമായി.
എല്ലാ വേദികളിലും ആവശ്യത്തിന് കുടിവെളളവും വൈദ്യസഹായവും ഭക്ഷണ പന്തൽ ഉൾപ്പെടെ വേദികളെ ബന്ധിപ്പിച്ചുളള വാഹന സൗകര്യവും ലഭ്യമാക്കാൻ സംഘാടകർക്കായിട്ടുണ്ട്. മന്ത്രിമാരായ വി ശിവൻകുട്ടിയും പി.എ മുഹമ്മദ് റിയാസും ഓരോ വേദികളിലെയും പ്രശ്‌നങ്ങളും പ്രയാസങ്ങളും അപ്പപ്പോൾ മനസ്സിലാക്കി സംഘാടനം കുറ്റമറ്റതാക്കാനാവശ്യമായ ജാഗ്രത്തായ ഇടപെടലാണ് തുടരുന്നത്.
മേളയിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ മാറ്റുരച്ചത് ഇന്നാണ്. 2849 പേരാണ് ഇന്ന് വിവിധ വേദികളിലായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ദിനത്തിലിത് 2309 ആയിരുന്നുവെങ്കിൽ രണ്ടാംദിനമായ ഇന്നലെയത് 2590 മത്സരാർത്ഥികളായിരുന്നു. നാളെ നാലാം ദിനത്തിൽ 2161 പേർ വിവിധ വേദികളിൽ തങ്ങളുടെ പ്രകടനം പുറത്തെടുക്കുമെങ്കിൽ അവസാനദിവസമത് 499 പേരിലൊതുങ്ങും.
അപ്പീൽ കാര്യങ്ങളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇതുവരെ 301 ലോവർ അപ്പീലുകളാണ് ലഭിച്ചത്. അതിൽ 222 ഡി.ഡി.ഇ തലത്തിലും 7 എണ്ണം ഹൈക്കോടതി, 23 എണ്ണം ജില്ലാ കോടതി, 48 പരാതികൾ മുൻസിഫ് കോടതി വഴി, ഒരു പരാതി ലോകായുക്ത മുഖേനയുമാണ്. ഹയർ അപ്പീലിൽ 93 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 63 എണ്ണത്തിന്റെ ഹിയറിംഗ് പൂർത്തിയായിട്ടുണ്ട്.
വലിയൊരു ആൾക്കൂട്ടം ഒഴുകിയിട്ടും ഭക്ഷണ കേന്ദ്രത്തിൽ വിതരണത്തിലോ വിഭവങ്ങളിലോ രുചിയിലോ യാതൊരു കുറവുമില്ലാതെ കാര്യങ്ങൾ മുന്നോട്ടു നീക്കാനായിട്ടുണ്ട്. വിഭവസമൃദ്ധമായ ഭക്ഷണമാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നൽകി വരുന്നത്. മൂന്നു നേരങ്ങളിലായി ആദ്യദിനം 30,000 പേരും രണ്ടാം ദിനത്തിൽ 40,000 പേരും മൂന്നാം ദിനമായ ഇന്ന് വൈകീട്ട് അഞ്ചു വരെയായി 30,000 പേരും ക്രിസ്ത്യൻ കോളജിലെ വിശാലമായ പന്തലിൽ വച്ച് ഭക്ഷണം കഴിക്കുകയുണ്ടായി.
കലോത്സവത്തോടനുബന്ധിച്ച് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ എല്ലാ ദിവസവും വിവിധ സാംസ്‌കാരിക പരിപാടികളും നടക്കുന്നുണ്ട്. സാംസ്‌കാരിക സായാഹ്നം സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വിവിധ ദിവസങ്ങളിലായി കൈതപ്രം ദാമോതരൻ നമ്പൂതിരി, സുനിൽ പി ഇളയിടം, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. ഇതോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറുന്നു.
കോഴിക്കോടിന്റെ മുഴുവൻ സ്‌നേഹവും ആതിഥ്യവും മേളയിൽ പ്രകടമാണ്. കോഴിക്കോട്ടുകാർ ഹൃദയത്തിലേറ്റിയ മേളയായി ആവേശകരമായി മൂന്നാം ദിനവും പൂർത്തിയാകാനിരിക്കുകയാണ്.