കൊച്ചി: സ്ത്രീയെന്ന പരിഗണനയില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനുള്ള ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ പ്രതിയായ ലൈലയുടെ നീക്കം വിജയിച്ചില്ല. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കണം എന്നായിരുന്നു ലൈല ഉന്നയിച്ച ആവശ്യം.പത്മ, റോസ്ലിന്‍ എന്നിവരെ നരബലി നടത്തിയ കേസിലെ മൂന്നാം പ്രതിയാണ് ലൈല. കേസില്‍കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ്ലൈല ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യം നല്കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ട് മാസം മുമ്പ് പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം തേടി ലൈല എറണാകുളം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. താന്‍ കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്ക്കുക മാത്രമാണ് ചെയ്തതെന്നും കാണിച്ചാണ് അന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.
കേരളത്തെ ഒന്നടങ്കം പിടച്ചുകുലുക്കിയ കേസാണ് പത്തനംതിട്ട ഇലന്തൂരിലെ നരബലി. ഐശ്വര്യമുണ്ടാകാന്‍ 2 സ്ത്രീകളെ അതിദാരുണമായി നരബലി നടത്തിയെന്നാണ് കേസ്. ഭഗവത് സിംഗ്, ഭാര്യ ലൈല, ഷാഫി എന്നിവര്‍ ചേര്‍ന്നാണ് നരബലി നടത്തിയതെന്നും റോസ്ലിന്‍, പത്മ എന്നിവരെയാണ് ഇരയാക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൊച്ചിയില്‍ നിന്നും സ്ത്രീകളെ ഇലന്തൂരിലെത്തിച്ച് കഴുത്തറത്ത് കൊലചെയ്യുകയായിരുന്നു. അതിനുശേഷം വെട്ടിനുറുക്കി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. മൃതദേഹത്തിന്റെ കുറച്ചുഭാഗങ്ങള്‍ മൂവരും ചേര്‍ന്ന് വേവിച്ചു കഴിച്ചുവെന്നും ആരോപണമുണ്ട്. പദ്മയെ വെട്ടി നുറുക്കിയത് ജീവനോടെയായിരുന്നു. ജീവനോടെ തന്നെ ലൈംഗീക അവയവത്തില്‍ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി. ശരീരം പകുതിയോളം വെട്ടിമുറിക്കുന്നത് വരെ ജീവന്‍ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് സത്രീകളെയും നരബലി നടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നെങ്കിലും പല കാരണങ്ങളാല്‍ നീക്കം പാളുകയായിരുന്നു.