തിരുവനന്തപുരം- മുഖ്യമന്ത്രിയും ഗവർണറും നടന്നുവരുന്ന തുറന്ന രാഷ്ട്രീയ പോര് ചായകോപ്പയിലെ കൊടുങ്കാറ്റ് മാത്രമായി മാറിയേക്കും. ബുധനാഴ്ച രാജ് ഭവനിൽ സജിചെറിയാൻ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ശേഷം ഗവർണർ നടത്തിയ ചായ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഗവർണർക്കൊപ്പമിരുന്ന് ചായസൽക്കാരത്തിൽ പങ്കുചേർന്നതോടെ ഇരുവരും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതായാണ് സൂചന.
സർവ്വകലാശാല വി.സി നിയമന കാര്യത്തിലും രാഷ്ട്രീയ-ബന്ധു നിയമനങ്ങളിലും തുടങ്ങി ഇരുവരും നടത്തിവരുന്ന ഏറ്റുമുട്ടൽ ചാൻസിലർ പദവിയിൽനിന്ന് ഗവർണറെ നീക്കുന്ന ബില്ലിൽ വന്നു മുട്ടി നിൽക്കുകയാണ്. കോടതിയിലും സർക്കാരും ഗവർണറും ഏറ്റുമുട്ടൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഗവർണറും മുഖ്യമന്ത്രിയും ചായകപ്പിന് ചുറ്റും ഒരുമിച്ചിരുന്നത്. ഇത് ഗവർണർ-സർക്കാർ ബന്ധത്തിൽ കാതലായ മാറ്റം കൊണ്ടുവരും.
സജി ചെറിയാനെ മന്ത്രിയായി തിരികെ കൊണ്ടുവരുന്നകാര്യത്തിൽ ഗവർണറെ അനുനയിപ്പിക്കാൻ കേരളത്തിലെ ഉന്നതനായ ബി.ജെ.പി.നേതാവ് ഇടപെട്ടുവെന്നാണ് വിവരം. ഇതിന്റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടിയുണ്ടെന്ന് കണക്ക് കൂട്ടുന്നവരുണ്ട്. ദൽഹിയിലായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ രാഷ്ട്രിയ സ്ഥിതിഗതികൾ ഇരുവരും ചർച്ചചെയ്തുവെന്നാണ് അറിയുന്നത്. ലോകസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ നടത്തുന്ന രാഷ്ട്രിയ കരുനീക്കങ്ങളുടെ കൂടി ഭാഗമായാണ് ഇപ്പോൾ സർക്കാരും ഗവർണറും തമ്മിലുണ്ടായിരിക്കുന്ന മഞ്ഞുരുക്കം. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഗവർണറുമായുള്ള ബന്ധം സാധാരണ നിലയിലാകുന്നത് വളരെ ഗുണം ചെയ്യും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ അതിരുവിടുന്നുവെന്ന തോന്നൽ പരക്കെയുണ്ടായിരുന്നു. ഗവർണറോട് അതേനിലയിൽ മറുപടി പറയാൻ പാർട്ടി മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകിയതോടെ പ്രശ്‌നം കൂടുതൽ വഷളാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗവർണർ ക്രിസ്തുമസിനോടനുബന്ധിച്ച് സൗഹൃദ ചായസൽക്കാരത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഗവർണർ നടത്തിയ ചായ സൽക്കാരത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെയും ഉൾപ്പെടെയുള്ള പ്രമുഖരെ ക്ഷണിച്ചിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഗവർണറുടെ ക്ഷണത്തെ അവഗണിക്കുകയാണ് ചെയ്തത്.
ഗവർണർക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചായ സൽക്കാരത്തിലേക്ക് ഗവർണറെ ക്ഷണിച്ചില്ലെന്നതും ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇങ്ങനെ ചായസൽക്കാരം രാഷ്ട്രീയ ചർച്ചയായി കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഗവർണർക്കൊപ്പം മുഖ്യമന്ത്രി ചായസൽക്കാരത്തിൽ പങ്കുചേർന്നത്. സർക്കാരിനൊപ്പംനിന്ന് ഗവർണറെ തള്ളിപ്പറഞ്ഞ പ്രതിപക്ഷം ഇതോടെ ഒറ്റപ്പെടുകയും ചെയ്തു.
സത്യപ്രതിജ്ഞ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കുശലാന്വേഷണം നടത്തുകയുണ്ടായി. ചായസൽക്കാരത്തിൽ പങ്കെടുക്കാനുള്ള ക്ഷണമായിരുന്നു ഇതെന്നാണ് വിലയിരുത്തുന്നത്. സജി ചെറിയാന്റെ വിവാദ പ്രസംഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ആരായുകയായിരുന്നു ഗവർണർ ചെയ്തതെന്ന പ്രചാരണത്തിൽ കഴമ്പില്ല.
സത്യപ്രതിജ്ഞാചടങ്ങിനെത്തിയ മാധ്യമപ്രവർത്തകരെ രാജ്ഭവന് മുമ്പിൽ തടഞ്ഞു. ചാനലുകളുടേതുൾപ്പെടെയുള്ള വാഹനങ്ങൾ കടത്തിവിട്ടില്ല. ഫോട്ടോഗ്രാഫി അനുവദിക്കില്ലെന്ന് നേരത്തെ രാജ് ഭവൻ വ്യക്തിമാക്കിയിരുന്നു. റിപ്പോർട്ടർമാരുടെ വാഹനങ്ങൾ മാത്രമേ തർക്കങ്ങൾക്കൊടുവിൽ രാജ് ഭവന് അകത്തേക്ക്് കടത്തിവിട്ടുള്ളു. ഇന്നലെ നടന്ന സൗഹൃദ ചായസൽക്കാരത്തിന്റെ ഊഷ്മളത വരും ദിവസങ്ങളിൽ കേരളരാഷ്ട്രിയത്തെ സ്വാധിച്ചേക്കും.