കൊല നടന്നത് ജൂൺ 6, സെപ്തംബർ 26 തിയ്യതികളിൽ
കൊച്ചി- നരബലിയുടെ സൂത്രധാരണത്തിലേക്ക് നീണ്ടത് ഷാഫിയിലെ ക്രിമിനൽ കണ്ണ്. സ്ത്രീകളെ സംഘടിപ്പിച്ചതും വ്യാജ പ്രൊഫൈലുണ്ടാക്കി ഭഗവവൽസിംഗിനു മുമ്പിൽ സിദ്ധനായി ചമഞ്ഞതും ഷാഫി തന്നെയാണെന്നാണ് പൊലീസ് നിഗമനം.
വ്യാജ പ്രൊഫൈലിലൂടെയാണ് ഷാഫി, ഭഗവൽസിംഗിന് സിദ്ധനെ പരിചയപ്പെടുത്തിയത്. ശ്രീദേവി എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു ഇത്. തുടർന്ന് റഷീദ് എന്ന സിദ്ധനെ കണ്ടാൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ചു. ശേഷം സിദ്ധനായി ഭഗവൽസിംഗിന്റെയും ഭാര്യയുടെയും മുന്നിലെത്തിയതും ഷാഫിയാണ്. രണ്ട് സ്ത്രീകളെയും എത്തിക്കാൻ ഏജന്റായതും ഷാഫി തന്നെ. ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കൊല നടത്തിയ രീതി വിവരിക്കാനാവാത്തതാണെന്നും പൊലീസ് പറഞ്ഞു. റോസ്ലിയെയും പദ്മയെയും കട്ടിലിൽ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്നുവെന്നാണ് ഷാഫിയുടെ മൊഴി. കേരളത്തിന് തീർത്തും അപരിചിതമായ ദുർമന്ത്രവാദത്തിലൂടെയുള്ള നരബലിയിൽ ഞെട്ടിയിരിക്കുകയാണ് കേരളം. നരബലിക്ക് വേണ്ടി കൂടുതൽ സ്ത്രീകളെ ഷാഫി സമീപിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്. ജൂൺ 6, സെപ്തംബർ 26 എന്നീ തിയ്യതികളിലാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്.