മദീന - മദീനയില്‍ ശക്തമായ ഒഴുക്കില്‍ പെട്ട് കാണാതായ ആള്‍ക്കു വേണ്ടി സിവില്‍ ഡിഫന്‍സ് തിരച്ചില്‍ തുടരുന്നു. മദീന പ്രവിശ്യയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നാലു പേരാണ് കഴിഞ്ഞ ദിവസങ്ങൡ ഒഴുക്കില്‍ പെട്ടത്. ഇതില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മദീനക്ക് തെക്ക് 28 കിലോമീറ്റര്‍ ദൂരെ അബ്‌യാര്‍ അല്‍മാശിയില്‍ രണ്ടു പേര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍ പെട്ട് രണ്ടു പേര്‍ മരണപ്പെട്ടു. ഇക്കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം ആദ്യം തന്നെ കണ്ടെത്തിയിരുന്നു. 50 വയസ് പ്രായമുള്ള സൗദി പൗരന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലൂടെയാണ് കണ്ടെത്തിയത്. ബദ്‌റില്‍ ഒഴുക്കില്‍ പെട്ട് മരിച്ച യുവാവിന്റെയും മൃതദേഹം കണ്ടെത്തി. മക്ക പ്രവിശ്യയില്‍ പെട്ട അല്‍മുദൈലിഫില്‍ മഴയില്‍ രൂപപ്പെട്ട വെള്ളക്കുഴിയില്‍ കഴിഞ്ഞ ദിവസം 9, 10, 12 വയസ് വീതം പ്രായമുള്ള ബന്ധുക്കളായ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചിരുന്നു.
അതിനിടെ, മലവെള്ളപ്പാച്ചിലിന് നടുവില്‍ കുടുങ്ങിയ പിഞ്ചുബാലനെ ഏതാനും പേര്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. മഴവെള്ളം തിരിച്ചുവിടാന്‍ നിര്‍മിച്ച കനാലിന്റെ മധ്യത്തില്‍ ഉയര്‍ന്ന പാറയില്‍ നിലയുറപ്പിച്ച ബാലനെയാണ് രക്ഷിച്ചത്. ബാലന്‍ എങ്ങിനെയാണ് പാറക്കു മുകളില്‍ എത്തിപ്പെട്ടത് എന്ന് വ്യക്തമല്ല. കനാലില്‍ ഇറങ്ങി കളിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലുണ്ടായതോടെ ബാലന്‍ മധ്യത്തിലെ പാറക്കു മുകളില്‍ കയറി നിലയുറപ്പിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
യുവാക്കളില്‍ ഒരാള്‍ ശക്തമായ ഒഴുക്കുള്ള വെള്ളത്തില്‍ ഇറങ്ങി ബാലനു സമീപമെത്തുകയും മറ്റുള്ളവര്‍ ചേര്‍ന്ന് കനാലിന്റെ ഭിത്തിയില്‍ നിന്ന് ജലവിതാനം എത്താത്ത ഭാഗത്തേക്ക് മരപ്പലകള്‍ നീട്ടിയിടുകയും മറ്റുള്ളവരുടെ സഹായത്തോടെ ഇതില്‍ ചവിട്ടി കുഞ്ഞിനെയുമായി യുവാവ് കരക്ക് കയറുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച് വെള്ളത്തില്‍ ഇറങ്ങിയ യുവാവിന് അല്‍പദൂരം ഒലിച്ചുപോയ ശേഷമാണ് കനാലിന് മധ്യത്തില്‍ വെള്ളമില്ലാത്ത ഭാഗത്ത് കയറാന്‍ സാധിച്ചത്. രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയായതോടെ എല്ലാവരും ആഹ്ലാദം പ്രകടിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)