നാല് ദിവസങ്ങളിലായി നടന്ന മുജാഹിദ് സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
രാഷ്ട്രീയ നേതാക്കളായി നടക്കുമ്പോൾ ജനങ്ങളോട് സംസാരിക്കേണ്ടി വരുമെന്ന ബോധ്യമുള്ളവർ പലവിധ ചരിത്രങ്ങളിൽ ചിലതൊക്കെ പഠിച്ചുവെക്കുന്നത് സ്വാഭാവികമാണ്. കേരള മുസ്‌ലിംകളുടെ നവോത്ഥാന ചരിത്രം പറയുമ്പോൾ മുൻകാലത്ത് മുന്നിൽ നടന്ന സച്ചരിതരായ മഹാന്മാരെ മുഖ്യമന്ത്രി മുമ്പും അനുസ്മരിച്ചിട്ടുണ്ട്. (പേഴ്‌സണൽ സ്റ്റാഫിനോടോ മറ്റോ പ്രസംഗം എഴുതിത്തയാറാക്കാൻ പറയുന്നതാണെങ്കിൽ പോലും എഴുതുന്നവർക്ക് ചില കാര്യങ്ങളെക്കുറിച്ച് സൂചന നൽകാനുള്ള വിവരം എഴുതാൻ ആവശ്യപ്പെടുന്നവർക്ക് ഉണ്ടാകണം. എഴുതിയത് വായിക്കുന്നത് നിറുത്തി ഇടക്കൊക്കെ മുഖ്യമന്ത്രി സ്വന്തമായി പറഞ്ഞത്, പറയുന്ന കാര്യങ്ങളിൽ സ്വന്തം ബോധ്യങ്ങളുണ്ടെന്നതിന് തെളിവാണ്)
മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ സനാഉല്ല മക്തിതങ്ങൾ, വക്കം അബ്ദുൽ ഖാദർ മൗലവി, കെ.എം. സീതി സാഹിബ്, കെ.എം. മൗലവി, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് തുടങ്ങിയവരുടെ പേരുകൾ പരാമർശിച്ചു. (വേറെയും പേരുകൾ സൂചിപ്പിച്ചിരുന്നു.
ആരുടെയൊക്കെയായിരുന്നുവെന്ന് ഞാൻ മുഴുവനായി ഓർക്കുന്നില്ല). മേൽപറഞ്ഞവരുടെ പേരുകൾക്ക് പുറമെ, നവോത്ഥാന രംഗത്ത് തങ്ങളുടേതായ സംഭാവനകളർപ്പിച്ച ഹലീമ ബീവി ഉൾപ്പെടെയുള്ള സ്ത്രീരത്‌നങ്ങളുടെ പേരുകളും പ്രസംഗത്തിൽ മുഖ്യമന്ത്രി പരാമർശിച്ചു.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം എങ്ങനെയാണ് രൂപപ്പെട്ടു വന്നതെന്നും കഴിഞ്ഞ കാലങ്ങളിൽ എന്തൊക്കെ വെല്ലുവിളികളാണ് നേരിട്ടതെന്നും എന്ത് ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നതിനെക്കുറിച്ചുമൊക്കെ വ്യക്തമായ ധാരണയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്ന് ബോധ്യപ്പെട്ടു.
കമ്യൂണിസ്റ്റ് (മാർക്‌സിസ്റ്റ്) പാർട്ടിയിൽ എത്ര ശതമാനം മുജാഹിദുകളുണ്ടെന്നും മുജാഹിദുകളിൽ എത്ര ശതമാനത്തിന്റെ വോട്ടുകൾ അരിവാൾ ചുറ്റികയിൽ പതിയുന്നുണ്ടെന്നും നോക്കിയല്ല കൃത്യമായി നാല് മണിക്ക് തന്നെ മുജാഹിദ് സമ്മേളനത്തിൽ മുഖ്യമന്ത്രി എത്തിയതും എല്ലാവരും പ്രതീക്ഷിച്ചതിൽ കൂടുതൽ സമയമെടുത്ത് പ്രസംഗിച്ചതും.
മുജാഹിദുകൾ കേരള മുസ്‌ലിംകളിൽ ഭൂരിപക്ഷമല്ലെന്ന് മുഖ്യമന്ത്രിക്കറിയാം. പക്ഷേ, സമുദായത്തിൽ വിദ്യാഭ്യാസവും ഉദ്ബുദ്ധതയും കൂടുന്നതിനനുസരിച്ച് മുജാഹിദുകളുടെ എണ്ണം കൂടിവരികയാണെന്ന് മുഖ്യമന്ത്രിയും നിരീക്ഷിച്ചിട്ടുണ്ടാകും. ഇനി മുതൽ തന്റെ പാർട്ടിക്ക് മുജാഹിദുകളുടെ പിന്തുണ കൂടുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കില്ല മുഖ്യമന്ത്രിയുടെ പ്രസംഗം. അങ്ങനെയായിരുന്നെങ്കിൽ മുജാഹിദുകളുടെ എതിർപക്ഷത്തുള്ളവരുടെ പിന്തുണ കുറയുമോ എന്ന ആശങ്കയും മുഖ്യമന്ത്രിക്കുണ്ടാകേണ്ടതായിരുന്നു.
വിദ്യാസമ്പന്നരായ മുസ്‌ലിം സ്ത്രീകൾ കൂടി ഉൾപ്പെട്ട ഒരു വൻ ജനാവലിയെ അഭിസംബോധന ചെയ്യാനുള്ള അവസരം കിട്ടിയപ്പോൾ താൻ മനസ്സിലാക്കിയ കാര്യങ്ങളും ഉദ്‌ബോധിപ്പിക്കാനുള്ള കാര്യങ്ങളും തുറന്നു പറയാൻ അദ്ദേഹം കിട്ടിയ അവസരം ഉപയോഗിച്ചു. അതിൽ അദ്ദേഹത്തിന് സംതൃപ്തിയും സന്തോഷവുമുണ്ടാകും.
മുജാഹിദ് സമ്മേളനത്തിലേക്ക് ക്ഷണം കിട്ടിയിട്ടും സമുദായത്തിലെ ആരുടെയൊക്കെയോ ഭീഷണി മൂലം അവസരം ഉപയോഗപ്പെടുത്താൻ കഴിയാതെ പോയ ചില നേതാക്കൾക്ക് തീർച്ചയായും നഷ്ടബോധവും കുറ്റബോധവുമുണ്ടാകും. അവരുടെ നിസ്സഹായാവസ്ഥയിൽ സഹതപിക്കുന്നു.