ദുബായ്-ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അന്നസ്്ർ ക്ലബിൽ ചേർന്നതിന്റെ ആഘോഷം തീരും മുമ്പ് മറ്റൊരു വാർത്തയാണ് സാമൂഹ്യമാധ്യമങ്ങൾ തിളച്ചുമറിയുന്നത്. അർജന്റീനയുടെ നായകനും പി.എസ്.ജിയിലെ സൂപ്പർ താരവുമായ ലിയണൽ മെസി സൗദിയിലേക്ക് വരുമെന്നാണ് പുതിയ റിപ്പോർട്ട്. സൗദിയിലെ ഒന്നാം നമ്പർ ക്ലബ്ബായ അൽ ഹിലാൽ മെസിയുമായി ചർച്ച നടത്തിയെന്ന് ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്തു. സൗദിയിൽ അന്നസ്ർ ക്ലബ്ബിന്റെ ബദ്ധവൈരികളാണ് അൽ ഹിലാൽ. ക്രിസ്റ്റിയാനോയുടെ അന്നസ് ർ ജഴ്‌സി സൗദിയിൽ ചൂടപ്പം പോലെ വിറ്റഴിയുന്നതിനിനിടെ മെസിയുടെ ജഴ്‌സി അൽ ഹിലാൽ തങ്ങളുടെ ഷോപ്പുകളിൽ വിൽപ്പനക്ക് വെച്ചു.
ഇറ്റാലിയൻ പത്രമായ 'കാൽസിയോ മെർക്കാറ്റോ' റിപ്പോർട്ട് അനുസരിച്ച്, അൽ ഹിലാൽ ക്ലബ് മെസ്സിയുമായി കൂറ്റൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കരാറായിരിക്കും ഇതെന്നും പത്രം വ്യക്തമാക്കുന്നു.
സൗദി അറേബ്യയിലെ അന്നസ്്ർ ക്ലബിന്റെ ഏറ്റവും വലിയ എതിരാളിയായ ഹിലാൽ ലയണൽ മെസ്സിയെ തങ്ങളുടെ ടീമിൽ ചേർക്കാൻ എന്തും ചെയ്യുമെന്ന് ഇതേ പത്രം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ അന്നസ്്ർ ക്ലബ്ബിൽ ചേർന്നതിന് പിന്നാലെ മെസ്സിയെ ടീമിലെത്തിക്കാനുള്ള കരാർ അൽ ഹിലാൽ ഗൗരവമായി പരിഗണിക്കുകയാണെന്ന് കുവൈറ്റിലെ മുൻ ഇൻഫർമേഷൻ മന്ത്രി ഡോ. സാദ് ബിൻ തഫേല അൽ അജ്മി പറഞ്ഞു.
മെസ്സിയുമായി കരാറിലേർപ്പെടുന്നതിലൂടെ സൗദി ലീഗ് ലോകത്തെ ഫുട്‌ബോൾ ആരാധകരുടെ ശ്രദ്ധാകേന്ദ്രമാകുമെന്ന് മുൻ മന്ത്രി പറഞ്ഞു.
അതേസമയം, ഇതു സംബന്ധിച്ച് മെസ്സിയോ അൽ ഹിലാലോ ക്ലബ് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
അടുത്ത സീസണിൽ ലയണൽ മെസ്സി ക്ലബ്ബിൽ തുടരുമോയെന്ന് അറിയില്ലെന്ന് പാരീസ് സെന്റ് ജെർമെയ്ൻ പരിശീലകൻ ക്രിസ്റ്റഫ് ഗാൽറ്റിയർ പറഞ്ഞു. 35 കാരനായ മെസ്സി അടുത്ത വേനൽക്കാലത്ത് ഒരു സ്വതന്ത്ര ഏജന്റാകും. പി.എസ്.ജിയുമായി പുതിയ കരാർ ഒപ്പിട്ടിട്ടില്ല. പി.എസ്.ജിയുമായി അർജന്റീന സൂപ്പർതാരത്തിന് 2024 ജൂൺ വരെ കരാറുണ്ട്.
അടുത്ത സീസണിൽ മെസ്സി പി.എസ്.ജിയിൽ തുടരുമോ എന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിക്കാൻ നിരവധി പാരാമീറ്ററുകൾ ഉണ്ട് എന്നായിരുന്നു പരിശീലകൻ ഗാൽറ്റിയർ പറഞ്ഞത്. ഒന്നാമത്തേത് മെസിയുടെ ആഗ്രഹമാണ്. പിഎസ്ജിയിൽ തുടരാൻ മെസി ആഗ്രഹിക്കുന്നുണ്ടോ? മെസി ഇവിടെ സന്തുഷ്ടനാണോ? ഇവിടെ തുടരാൻ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് ആദ്യം അറിയേണ്ടത് എന്നെല്ലാമായിരുന്നു കോച്ചിന്റെ മറുപടി. നിലവിൽ സൗദിയുടെ ടൂറിസം അംബാസിഡറാണ് മെസി.