റിയാദ്- സൗദി അറേബ്യയിലെ അന്നസ്ര്‍ ക്ലബ് താരമായി മാറിയ ലോകോത്തര ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സൗദി അരങ്ങേറ്റത്തിന്റെ ഓരോ നിമിഷവും ശ്രദ്ധേയമാക്കി മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും.
റൊണാള്‍ഡോ സഞ്ചരിച്ച കാറിലെ ആപ്പിന്റെ പരസ്യവും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. വ്യക്തികളേയും കമ്പനികളേയും പെട്രോള്‍ ഉപയോഗം നിരീക്ഷിക്കാനും മറ്റും സഹായിക്കുന്ന പെട്രോആപ്പിന്റെ ചിഹ്നം കാറിന്റെ വിന്‍ഡോയിലാണ് ദൃശ്യമായത്. വാഹന ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചയായി വരുന്ന ആപ്പാണിത്.
റിയാദിലെ മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് തിങ്ങിക്കൂടി ജനത്തിനു മുന്നില്‍ റൊണാള്‍ഡോയെ പരിചയപ്പെടുത്തിയത്.
റൊണാള്‍ഡോയെ സൗദിയിലേക്ക് സ്വാഗതം ചെയ്ത് റിയാദിലെ റോഡുകള്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ ഫോട്ടോ അടങ്ങിയ കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍കൊണ്ട് അലങ്കരിച്ചിരുന്നു. 15 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. ടിക്കറ്റ് വില്‍പനയിലൂടെ ലഭിച്ച മുഴുവന്‍ തുകയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമിന് കൈമാറുമെന്ന് അല്‍നസ്ര്‍ ക്ലബ്ബ് അറിയിച്ചു.
തിങ്കളാഴ്ച രാത്രിയാണ് പോര്‍ച്ചുഗല്‍ താരവും ലോകത്തെ മുന്‍നിര കളിക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അറബ് ആതിഥേയത്വത്തിന്റെ ഊഷ്മളതയിലേക്ക് കുടുംബ സമേതം വിമാനമിറങ്ങിയത്.
റിയാദിലെ ലക്ഷ്വറി ഡിസ്ട്രിക്ട് ആയ അല്‍മുഹമ്മദിയയിലെ കൊട്ടാര സമാനമായ വീട്ടിലാണ് റൊണാള്‍ഡോയും കുടുംബവും താമസിക്കുന്നത്. എട്ടു ബെഡ്‌റൂമുകളും വലിയ ജലധാരയും സ്വിമ്മിംഗ് പൂളും പച്ചവിരിച്ച വിശാലമായ പ്രദേശങ്ങളും അടങ്ങിയ കൊട്ടാരത്തിന്റെ കോംപൗണ്ടില്‍ ജീവനക്കാര്‍ക്കും മറ്റും താമസിക്കാനുള്ള മൂന്നു വില്ലകളുമുണ്ട്.
അന്നസ്ര്‍ ക്ലബ്ബ് സ്റ്റോറില്‍ റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജഴ്‌സി ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. റൊണാള്‍ഡോയുമായി കരാര്‍ ഒപ്പുവെച്ചതായി അന്നസ് ര്‍ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജഴ്‌സി തേടി ക്ലബ്ബ് ആരാധകര്‍ സ്റ്റോറില്‍ എത്താന്‍ തുടങ്ങിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)