Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ട് റെയ്ഡ്: അഡ്വ. മുബാറക്ക് അഞ്ച് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി- പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി അഡ്വ. മുഹമ്മദ് മുബാറക്കിനെ അഞ്ച് ദിവസം എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. മുഹമ്മദ് മുബാറക് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകനെന്നാണ് എന്‍ ഐ എ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ആയോധന കലാ പരിശീലന സ്ഥാപനം നടത്തുന്നുണ്ടെങ്കിലും പി എഫ് ഐ ബന്ധമില്ലെന്ന് പ്രതിഭാഗം വാദിച്ചു.
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അഡ്വ. മുഹമ്മദ് മുബാറക്കിനെ അറസ്റ്റ് ചെയ്തത്. പ്രമുഖ നേതാക്കളെയടക്കം വധിക്കുന്നതിന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് രൂപവത്കരിച്ച ഹിറ്റ് സ്‌ക്വാഡിലെ അംഗമാണ് മുബാറകെന്നാണ് എന്‍ ഐ എ കോടതിയെ അറിയിച്ചിരിക്കുന്നത്. എടവനക്കാട് സ്വദേശിയായ അഡ്വ. മുഹമ്മദ് മുബാറക് ഹൈക്കോടതിയില്‍ അഭിഭാഷകനാണ്. കുംഫൂ അടക്കമുളള ആയോധന കലകളില്‍ വിദഗ്ധനായിരുന്നു.
കൊച്ചിയിലേക്ക് അഭിഭാഷകനായി പോയതോടെ നാട്ടിലുളള പതിവ് ബന്ധങ്ങള്‍ നിലച്ചെന്നാണ് ലോക്കല്‍ പോലീസിന്റെ കണ്ടെത്തല്‍.  മൂന്ന് വര്‍ഷം മുമ്പാണ് അഭിഭാഷകനായി മുബാറക് കൊച്ചി നഗരത്തിലെത്തിയത്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടുമായും എസ് ഡി പി ഐയുമായും മുബാറകിന് അടുപ്പമുണ്ടായിരുന്നതായി ലോക്കല്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം വിട്ട് പൂര്‍ണ അഭിഭാഷകനായി മാറിയെന്ന് കരുതുന്നതിനിടെയാണ് എന്‍ ഐ എയുടെ പുതിയ കണ്ടെത്തലുകള്‍. എല്ലായ്‌പ്പോഴും സൗമ്യനായിരുന്ന മുബാറകിന്റെ വീട്ടില്‍ നിന്ന് മഴു എന്ന് തോന്നിപ്പിക്കുന്ന ആയുധം കണ്ടെത്തിയതായും എന്‍ ഐ എ കോടതിയെ അറിയിച്ചിട്ടുണ്ട്. മുബാറക്കുമായി സൗഹൃദമുണ്ടായിരുന്ന യുവ അഭിഭാഷകരെ ചുറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News