Sorry, you need to enable JavaScript to visit this website.

നയന സൂര്യയുടെ മരണം; തുടരന്വേഷണം പോലീസ് ആലോചിക്കുന്നു

തിരുവനന്തപുരം-യുവ സംവിധായിക നയനാ സൂര്യയെ(28) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്തു ഞെരിഞ്ഞാണ് മരണമെന്ന രേഖകള്‍ പുറത്തുവന്നതോടെ കൂടുതല്‍ അന്വേഷണത്തിന് പോലീസ്. കഴുത്ത് ഞെരിഞ്ഞാണ് മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ഇതുവരെയുള്ള നടപടികള്‍ പരിശോധിക്കാനും തുടരന്വേഷണം വേണമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ക്രൈം റിക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ജെ.കെ. ദിനിലിനെ ചുമതലപ്പെടുത്തി തിരുവനന്തപുരം ഡി.സി.പി വി. അജിത്ത് ഉത്തരവിട്ടു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി കേസ് ഡയറിയടക്കമുള്ള ഫയലുകള്‍  പരിശോധിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കേസ് ഡയറിയും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് എസിയോട് നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണ കാര്യത്തില്‍ തീരുമാനമുണ്ടാകും.
2019 ഫെബ്രുവരി 24നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍ പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാ സൂര്യ (28) യെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാട്ടി സുഹൃത്തുക്കളാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. നയനയുടെ കഴുത്തില്‍ കയറിട്ട് മുറുക്കിയ പാട്, വയറ്റില്‍ ക്ഷതമേറ്റുള്ള ആന്തരികസ്രാവം ഇവ വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് സംശയങ്ങളെ ശക്തമാക്കുന്നത്. പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ലെനിന്‍ രാജേന്ദ്രന്‍ മരണപ്പെട്ട് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു നയനയുടെ മരണം. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നയനയുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനാണ് മ്യൂസിയം പോലീസ് കേസെടുത്തത്. തുടരന്വേഷണത്തിനായി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് ഫയല്‍ കൈമാറുകയും ചെയ്തു. അന്വേഷണം തുടരാതെ കേസ് നിര്‍ജീവാവസ്ഥയിലായിരുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 കൊലപാതകം അല്ലെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. എന്നാല്‍ ശരീരത്തിലുള്ള ക്ഷതം എങ്ങനെ വന്നുവെന്നതാണ് ചോദ്യം. നയനയെ മരിച്ചനിലയില്‍ കണ്ടെത്തുമ്പോള്‍ വീടും മുറിയും അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വീടും മുറിയും അകത്തുനിന്നും പൂട്ടിയ സാഹചര്യത്തില്‍ കൊലപാതക സാധ്യത ആദ്യ അന്വേഷണസംഘം തള്ളിക്കളഞ്ഞിരുന്നു.  എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പറയുന്നു. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീ മീറ്റര്‍ വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ലെനിന്‍ രാജേന്ദന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയന സിനിമയില്‍ തുടക്കം കുറിച്ചത്. ക്രോസ് റോഡ് എന്ന ആന്തോളജി സിനിമയില്‍ പക്ഷികളുടെ മണം എന്ന സിനിമ സംവിധാനം ചെയ്തത് നയനയാണ്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്‌റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

 

Latest News