റിയാദ് - ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ചൊവ്വാഴ്ച സൗദി അറേബ്യയുടെ സ്വന്തമാവുന്നു. റിയാദിലെ അന്നസര്‍ ക്ലബ്ബുമായി രണ്ടു വര്‍ഷത്തെ കരാറൊപ്പിട്ട റൊണാള്‍ഡോയെ ചൊവ്വാഴ്ചയാണ് ആരാധകര്‍ക്കു മുന്നില്‍ മഞ്ഞ ജ്‌ഴ്‌സിയില്‍ അവതരിപ്പിക്കുക. വ്യാഴാഴ്ച എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ കുടുംബവും ടെക്‌നിക്കല്‍ സ്റ്റാ്ഫുമൊത്ത് മുപ്പത്തേഴുകാരന്‍ റിയാദില്‍ വിമാനമിറങ്ങുമെന്ന് ക്ലബ്ബ് വക്താവ് അല്‍വലീദ് അല്‍മുഹൈദിബ് അറിയിച്ചു. വര്‍ഷത്തില്‍ 20 കോടി ഡോളറിന്റെ കരാറാണ് പോര്‍ചുഗല്‍ താരം ഒപ്പിട്ടത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ മൂന്നു കോടി യൂറോക്കടുത്തായിരുന്നു വേതനം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ചിനും ഉമടകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനെത്തുടര്‍ന്ന് ഉഭയസമ്മതപ്രകാരം കരാര്‍ അവസാനിപ്പിച്ചതു മുതല്‍ സ്വതന്ത്രനായിരുന്നു റൊണാള്‍ഡൊ.
ചൊവ്വാഴ്ച വൈകുന്നേരം ഏഴിനാണ് മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ റൊണാള്‍ഡോയെ അവതരിപ്പിക്കുക. കാല്‍ ലക്ഷം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് സൂചന. 2025 ജനുവരി വരെയാണ് നസ്‌റുമായി റൊണാള്‍ഡൊ കരാറൊപ്പിട്ടിരിക്കുന്നത്.
ജോര്‍ജ് വിയ, പെപ് ഗാഡിയോള, ഷാവി തുടങ്ങിയവര്‍ ഗള്‍ഫ് ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം വന്നത് പ്രതാപകാലം അസ്തമിച്ചപ്പോഴാണ്. റൊണാള്‍ഡൊ ഇപ്പോഴും മികച്ച കളിക്കാരനാണ്. നസ്‌റും ചില്ലറക്കാരല്ല. സൗദിയുടെ എക്കാലത്തെയും മികച്ച കളിക്കാരന്‍ മാജിദ് അബ്ദുല്ല പ്രശസ്തമാക്കിയ ക്ലബ്ബാണ് ഇത്. കാമറൂണിന്റെ വിന്‍സന്റ് അബൂബക്കര്‍, കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പീന, ബ്രസീല്‍ താരം ഗുസ്റ്റാവൊ തുടങ്ങിയവര്‍ ടീമിലുണ്ട്. ആറ് സൗദി ദേശീയ താരങ്ങളും നസര്‍ ജഴ്‌സിയാണ് ധരിക്കുന്നത്.
ഉന്നത നിലവാരമുള്ള കളിക്കാരെ സ്വന്തമാക്കാന്‍ മറ്റു ക്ലബ്ബുകളെയും സഹായിക്കുമെന്ന് സൗദി സ്‌പോര്‍ട്‌സ് മന്ത്രി പ്രിന്‍സ് അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
റൊണാള്‍ഡൊ അഞ്ചു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട് -2008, 2014, 2016, 2017, 2018 വര്‍ഷങ്ങളില്‍). ഇറ്റലിയിലും (2019, 2020) സ്‌പെയിനിലും (2012, 2017) ഇംഗ്ലണ്ടിലും (2007, 2008, 2009) ലീഗ് കിരീടം നേടി. ചാമ്പ്യന്‍സ് ലീഗിലെ ടോപ്‌സ്‌കോററാണ്. ഏറ്റവുമധികം ഇന്റര്‍നാഷനല്‍ ഗോളുകളുടെ റെക്കോര്‍ഡും ക്രിസ്റ്റിയാനോക്കാണ്. 206 ല്‍ യൂറോപ്യന്‍ കിരീടം നേടിയ പോര്‍ചുഗലിന്റെ നായകനായിരുന്നു. അഞ്ച് ലോകകപ്പുകളില്‍ ഗോളടിച്ച ഒരേയൊരു പുരുഷ കളിക്കാരന്‍ കൂടിയാണ് റൊണാള്‍ഡൊ.