Sorry, you need to enable JavaScript to visit this website.

VIDEO സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി, അഭിമാനത്തോടെ വനിതാ ഡ്രൈവര്‍മാരും

ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന സൗദി യുവതികള്‍ ജിദ്ദ റെയില്‍വെ സ്റ്റേഷനില്‍.

റിയാദ് - കഴിഞ്ഞ വര്‍ഷം സൗദിയില്‍ 41 ലക്ഷത്തിലേറെ പേര്‍ ട്രെയിനുകളില്‍ യാത്ര ചെയ്തതായി സൗദി അറേബ്യ റെയില്‍വെയ്‌സ് അറിയിച്ചു. മശാഇര്‍ മെട്രോ വഴി 13.5 ലക്ഷം ഹജ് തീര്‍ഥാടകര്‍ക്കും യാത്രാ സൗകര്യം നല്‍കി. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ട്രെയിന്‍ യാത്രക്കാരുടെ എണ്ണം 100 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ കൊല്ലം ട്രെയിന്‍ മാര്‍ഗം 2.4 കോടി ടണ്‍ ചരക്കുകള്‍ നീക്കം ചെയ്തു. ചരക്ക് നീക്കത്തില്‍ 22 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതിലൂടെ രാജ്യത്തെ റോഡുകളില്‍ നിന്ന് 18 ലക്ഷത്തിലേറെ ട്രക്ക് സര്‍വീസുകള്‍ അകറ്റിനിര്‍ത്താന്‍ സാധിച്ചു. സൗദി അറേബ്യ റെയില്‍വെയ്‌സില്‍ സൗദിവല്‍ക്കരണം 87 ശതമാനമായി ഉയര്‍ന്നു. സൗദി ജീവനക്കാരുടെ ശേഷികള്‍ പരിപോഷിപ്പിക്കാന്‍ സൗദി അറേബ്യ റെയില്‍വെയ്‌സ് കഴിഞ്ഞ വര്‍ഷം 1,03,467 മണിക്കൂര്‍ പരിശീലനങ്ങള്‍ നല്‍കി. ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവര്‍മാരായി 32 സൗദി യുവതികള്‍ക്കും പരിശീലനം നല്‍കി.
കഴിഞ്ഞ വര്‍ഷം ഖുറയ്യാത്ത് റെയില്‍വെ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. ട്രെയിന്‍ മാര്‍ഗം കാറുകള്‍ നീക്കം ചെയ്യുന്ന സേവനവും പുതുതായി ആരംഭിച്ചു. ജുബൈല്‍ നഗരത്തിനകത്തെ റെയില്‍വെ ശൃംഖലയും ഉത്തര, കിഴക്ക് റെയില്‍പാതയെയും ജുബൈല്‍ നഗരത്തിനകത്തെ റെയില്‍വെ ശൃംഖലയെയും ബന്ധിപ്പിക്കുന്ന റെയില്‍പാതയും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തതായും സൗദി അറേബ്യ റെയില്‍വെയ്‌സ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഹറമൈന്‍ ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവര്‍മാരായി പരിശീലനം പൂര്‍ത്തിയാക്കിയ സൗദി യുവതികളില്‍ പെട്ട ആദ്യ ബാച്ച് ലോകത്തെ ഏറ്റവും വേഗം കൂടിയ ട്രെയിനുകളില്‍ എന്‍ജിന്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി അറേബ്യ റെയില്‍വെയ്‌സ് പുറത്തുവിട്ടു. കാലതാമസം കൂടാതെയും മറ്റു പ്രശ്‌നങ്ങളില്ലാതെയും ട്രെയിനുകള്‍ അന്തിമ ലക്ഷ്യസ്ഥാനത്തെത്തുന്നത് ഉറപ്പുവരുത്തുന്ന നിലക്ക് ഏറ്റവും ഉയര്‍ന്ന സേഫ്റ്റി, സെക്യൂരിറ്റി മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് വനിതാ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതെന്ന് പരിശീലകനും എന്‍ജിന്‍ ഡ്രൈവറുമായ മുഹന്നദ് ശാകിര്‍ മലാഹ് പറഞ്ഞു. അതിവേഗ ട്രെയിനുകള്‍ ഓടിക്കുന്നതില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം സൗദി യുവതികള്‍ പ്രകടിപ്പിച്ചു.
മധ്യപൗരസ്ത്യദേശത്ത് അതിവേഗ ട്രെയിനുകള്‍ ഓടിക്കുന്ന ആദ്യ വനിതാ ഡ്രൈവര്‍മാരായി മാറിയതില്‍ അഭിമാനിക്കുന്നതായി ട്രെയിന്‍ എന്‍ജിന്‍ ട്രെയിനി ഡ്രൈവറായ സാറ അല്‍ശഹ്‌രി പറഞ്ഞു. ട്രെയിന്‍ എന്‍ജിന്‍ ഡ്രൈവിംഗ് വലിയ ഉത്തരവാദിത്തമാണെന്നും ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും യാത്രാ സേവനം നല്‍കല്‍ അടക്കമുള്ള ഉത്തരവാദിത്തമടങ്ങിയ ഈ ജോലി ഏറെ ശ്രദ്ധയോടെ നിര്‍വഹിക്കേണ്ടതാണെന്നും മറ്റൊരു ട്രെയിനി ഡ്രൈവറായ നൂറ ഹിശാം പറഞ്ഞു.


 

 

Latest News