മദീന - മദീനയിലെ അബ്‌യാര്‍ അല്‍മാശി ഗ്രാമത്തില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ ആള്‍ക്കു വേണ്ടി സിവില്‍ ഡിഫന്‍സ് തിരച്ചില്‍ നടത്തുന്നു. ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ ഒഴുക്കില്‍ പെട്ട് കാണാതായതെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.
കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദയിലും മക്കയിലും നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മക്ക, ജുമൂം, അല്‍കാമില്‍, ബഹ്‌റ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് മക്ക വിദ്യാഭ്യാസ വകുപ്പും അവധി പ്രഖ്യാപിച്ചു. മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി പഠനം നടക്കുമെന്ന് ജിദ്ദ, മക്ക വിദ്യാഭ്യാസ വകുപ്പുകള്‍ അറിയിച്ചു. മക്കയിലും ജിദ്ദയിലും മറ്റു ചില പ്രവിശ്യകളിലും ഇന്നും സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു.
ജിദ്ദയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തുറമുഖത്ത്
ജിദ്ദ - ഞായറാഴ്ച രാത്രി ഒമ്പതു മണിവരെയുള്ള സമയത്ത് ജിദ്ദയില്‍ ഏറ്റവുമധികം മഴ ലഭിച്ചത് ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടിലും പരിസരപ്രദേശങ്ങളിലുമാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ 83.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബനീമാലിക്കില്‍ 57 ഉം മൂന്നാം സ്ഥാനത്തുള്ള അല്‍വുറൂദ് ഡിസ്ട്രിക്ടില്‍ 51.8 ഉം മില്ലിമീറ്റര്‍ മഴ പെയ്തു.
ജിദ്ദ എയര്‍പോര്‍ട്ടില്‍ 4.8 ഉം കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ 1.6 ഉം അല്‍മതാര്‍ ബലദിയ പരിധിയില്‍ 4.2 ഉം സൗത്ത് ജിദ്ദ ബലദിയ പരിധിയില്‍ 14.4 ഉം ജാമിഅയില്‍ 44.6 ഉം അല്‍ഖുംറയില്‍ 0.6 ഉം അല്‍റൗദയില്‍ 10.8 ഉം ദഹ്ബാനില്‍ 0.4 ഉം തായിഫില്‍ 0.2 ഉം തായിഫ് അല്‍ശഫയില്‍ 0.8 ഉം റാബിഗില്‍ 0.8 ഉം മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)