ബംഗളൂരു- ചൈനയടക്കം ചില വിദേശ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത് സുപ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് കര്‍ണാടകം.
കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചില രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് 7 ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 6 രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് 7 ദിവസത്തെ ഹോം ക്വാറന്റൈന്‍ ആണ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്.
ചൈന, ഹോങ്കോംഗ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരിയ്ക്കുകയാണ്. അതായത്, ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അവരുടെ ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്ന നിയമം കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് പുറമെയാണ് ഈ നിയമം കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയത്.
കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്
രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരും എയര്‍പോര്‍ട്ട് വിട്ടതിന് ശേഷ, 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഈ സമയത്ത് സ്വയം നിരീക്ഷണം, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ ശുചിത്വം പാലിക്കുക, തുടങ്ങിയ കോവിഡ് ഉചിതമായ പെരുമാറ്റങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ 7 ദിവസം യാത്രക്കാര്‍ ഹോം ക്വാറന്റൈനില്‍ തുടരണം.
അതേസമയം, ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ഡിസംബറില്‍ എത്തിയ യാത്രക്കാരില്‍ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് വകഭേദങ്ങള്‍ കണ്ടെത്താനായി എല്ലാ പോസിറ്റീവ് കേസുകളുടേയും സാമ്പിളുകള്‍ ജീനോം സീക്വന്‍സിംഗിനായി അയച്ചതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കര്‍ണാടകയില്‍, സ്‌കൂളുകള്‍, കോളേജുകള്‍, മാളുകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിങ്ങനെ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ഇതിനോടകം നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.