തുറൈഫിൽ മഴയും കാറ്റും; സ്‌കൂൾ പ്രവൃത്തി സമയം മാറ്റി

തുറൈഫ്- മഴയും കാറ്റും തുടരുന്നതിനാൽ തുറൈഫിൽ സ്‌കൂൾ പ്രവൃത്തി സമയം മാറ്റി. റോഡുകളിൽ പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നുമുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും പല തവണയായി മഴ വർഷിച്ചു. സാമാന്യം നല്ല മഴയാണ് ലഭിച്ചത്. തണുത്ത കാറ്റുമുണ്ട്. മരുഭൂമികളിൽ വെള്ളം ഒഴുകിപ്പോകാൻ ഉള്ള വലിയ കനാലുകൾ മിക്കതും നിറഞ്ഞൊഴുകുന്നു. ഈ കാലാവസ്ഥ കാരണമാണ് സ്‌കൂളുകൾ ഈ ആഴ്ചയിൽ പ്രവൃത്തി സമയം കാലത്ത് ഒമ്പത് മണി മുതലാക്കി നിശ്ചയിച്ചത്. 
തണുത്ത കാറ്റടിച്ചു വീശുന്നത് നിമിത്തം പുറത്തിറങ്ങി നടക്കാൻ ഏറെ പ്രയാസമാണ്. ജനങ്ങൾ മാർക്കറ്റിൽ എത്തുന്നത് കുറഞ്ഞിരിക്കുന്നു. വിവാഹ മണ്ഡപങ്ങളിൽ കല്യാണമോ പാർട്ടികളോ ഒന്നുമില്ല. മരുഭൂമികളിലെക്ക് വിശ്രമത്തിനും വിനോദത്തിനും പോകുന്നത് മാറ്റിവെക്കാൻ സിവിൽ ഡിഫൻസ് പറഞ്ഞിട്ടുണ്ട്. കുടുംബ സഹിതം മരുഭൂമിയിൽ ഉള്ള ഇസ്തിറാഹകളിൽ പോകുന്നത് ഉത്തര പ്രവിശ്യയിലെ നിത്യ സംഭവമാണ്. അപകടത്തിൽ പെടാൻ സാധ്യത ഉള്ളതു കൊണ്ടാണ് ഇത് തടഞ്ഞിട്ടുള്ളത്. മഴയും കാറ്റും ഏതാനും ദിവസങ്ങൾ കൂടി തുടരാൻ സാധ്യതയുണ്ട്.

Tags

Latest News