Sorry, you need to enable JavaScript to visit this website.

സൽവ കനാൽ നിർമാണം നിയമ വിരുദ്ധമല്ല -അൽഖഹ്താനി

സൽവ അതിർത്തി പോസ്റ്റിൽ പൂർണമായും ഒഴിപ്പിച്ച സൗദി കസ്റ്റംസ് വിഭാഗത്തിനു മുന്നിൽ നിലയുറപ്പിച്ച അതിർത്തി സുരക്ഷാ സേനാ വാഹനങ്ങൾ. 

റിയാദ് - സൗദി, ഖത്തർ അതിർത്തിക്കു സമീപം സൗദിയുടെ ഭാഗത്ത് സമുദ്ര കനാൽ നിർമിക്കുന്നതും കനാലിനും ഖത്തർ അതിർത്തിക്കുമിടയിലെ ഭാഗത്ത് ആണവ മാലിന്യ നിക്ഷേപ കേന്ദ്രവും സൈനിക താവളവും സ്ഥാപിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമല്ലെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും സെന്റർ ഫോർ സ്റ്റഡീസ് ആന്റ് ഇൻഫർമേഷൻ അഫയേഴ്‌സ് സൂപ്പർവൈസർ ജനറലുമായ സൗദ് അൽഖഹ്താനി പറഞ്ഞു.
കനാൽ നിർമാണത്തിന് സൗദി അറേബ്യക്ക് അവകാശമുണ്ട്. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഭാഗമാണ്. കനാൽ നിർമാണത്തോടെ ഖത്തർ സൽവ ദ്വീപിന്റെ ഭാഗമായി മാറും. സൽവ ദ്വീപിൽ സൗദി സൈനിക താവളവുമുണ്ടാകും. സ്വന്തം രാജ്യത്തേക്ക് ഖത്തർ കൊണ്ടുവന്ന വിദേശ സൈനിക താവളങ്ങൾക്കു സമീപമാകും സൗദി സൈനിക താവളം. സൽവ ദ്വീപിൽ ഒരു രാജ്യമുണ്ടായിരുന്നെന്ന് ചരിത്രം ഓർക്കുന്ന കാലം വരുമെന്നും ഭരണാധികാരികളുടെ തലതിരിഞ്ഞ നയങ്ങൾ ഖത്തറിനെ വിസ്മൃതിയിലാക്കുമെന്ന് സൂചിപ്പിച്ച് സൗദ് അൽഖഹ്താനി പറഞ്ഞു.
സൗദി, ഖത്തർ അതിർത്തിയിൽ സൽവ പോസ്റ്റിലെ കസ്റ്റംസ്, ജവാസാത്ത് ഓഫീസുകളും കൗണ്ടറുകളും പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്. സൽവയുടെ പൂർണ നിയന്ത്രണ ചുമതല അതിർത്തി സുരക്ഷാ സേന ഏറ്റെടുത്തു. കനാൽ നിർമാണത്തിനും സൈനിക താവളം സ്ഥാപിക്കുന്നതിനും മുന്നോടിയായാണിത്. കനാൽ നിർമാണത്തോടെ കരയിൽനിന്നു തീർത്തും വേർപെട്ട ദ്വീപായി സൽവ മാറും. കനാലിനും ഖത്തർ അതിർത്തിക്കുമിടയിൽ സൽവ ദ്വീപിൽ ഒരു കിലോമീറ്റർ അകലമാണുണ്ടാവുക. ഈ ഭാഗത്ത് സൗദി അറേബ്യ സൈനിക താവളവും അന്താരാഷ്ട്ര പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചുള്ള ആണവ മാലിന്യ നിക്ഷേപ കേന്ദ്രവും സ്ഥാപിക്കും. 
അതേസമയം, ഭരണാധികാരികളുടെ നയങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തിയതായി ഖത്തർ പ്രതിപക്ഷ നേതാവ് ശൈഖ് സുൽത്താൻ ബിൻ സുഹൈം അൽഥാനി പറഞ്ഞു. ഖത്തർ ഭരണാധികാരികളോട് ചരിത്രം കരുണ കാണിക്കില്ല. ഖത്തർ ജനത അവർക്ക് മാപ്പ് നൽകുകയുമില്ല. അയൽവാസികളും സഹോദരങ്ങളും ഒപ്പം നിലയുറപ്പിച്ച കാലത്ത് ഖത്തർ എല്ലാവർക്കും വേണ്ടപ്പെട്ട രാജ്യമായിരുന്നു. ഇന്ന് ഖത്തർ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു. ഭരണാധികാരികൾ തുർക്കികളെയും ഇറാനികളെയും ഖത്തറിലേക്ക് കൊണ്ടുവന്നു. ഖത്തറിന്റെ നയങ്ങൾമൂലം അയൽ രാജ്യങ്ങൾ അവരുടെ താൽപര്യങ്ങൾക്കു വേണ്ടി പ്രതിരോധം തീർക്കുന്നത് കാണേണ്ടിവരുന്നത് ഏറ്റവും വലിയ ആശ്ചര്യമാണെന്നും ശൈഖ് സുൽത്താൻ ബിൻ സുഹൈം അൽഥാനി പറഞ്ഞു. 

Latest News