കയ്‌റോ-ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും മുന്നോട്ടുവെച്ച പതിമൂന്നു ഉപാധികളിൽ ഉറച്ചുനിൽക്കുന്നതായി ഈജിപ്തും യു.എ.ഇയും വ്യക്തമാക്കി. ഈജിപ്ത്, യു.എ.ഇ വിദേശ മന്ത്രിമാർ ഇന്നലെ കയ്‌റോയിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പ്രതിസന്ധി പരിഹരിക്കുന്നതിന് പതിമൂന്നു ഉപാധികൾ ഖത്തർ പാലിക്കണമെന്ന ആവശ്യത്തിൽ സഖ്യ രാജ്യങ്ങൾ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കിയത്. സഖ്യ രാജ്യങ്ങളുമായുള്ള ബന്ധത്തിന് കോട്ടം തട്ടിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഖത്തർ അകന്നുനിൽക്കണമെന്ന് ഈജിപ്ഷ്യൻ വിദേശ മന്ത്രി സാമിഹ് ശുക്‌രി ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങൾ തമ്മിൽ നടത്തുന്ന ചർച്ചകളിൽ ഖത്തർ പ്രതിസന്ധിക്ക് കാര്യമായ ഇടം നൽകുന്നില്ല. ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ച ചർച്ചകൾക്ക് വൈകാതെ യോഗം നടക്കുമോയെന്ന കാര്യത്തെ കുറിച്ച ചോദ്യത്തിന് ഇതേക്കുറിച്ച് തനിക്കറിയില്ലെന്ന് ഈജിപ്ഷ്യൻ വിദേശ മന്ത്രി പറഞ്ഞു.
സൗദി അറേബ്യയും ഈജിപ്തും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതൽ കരുത്താർജിച്ചുവരികയാണെന്ന് യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽനഹ്‌യാൻ പറഞ്ഞു. പ്രതിസന്ധികളിൽ നിന്ന് ഈജിപ്ത് കരകയറിയതായും അദ്ദേഹം പറഞ്ഞു. സിറിയ, ലിബിയ, യെമൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പുതിയ സ്ഥിതിഗതികൾ ഇരു മന്ത്രിമാരും വിശകലനം ചെയ്തതായി ഈജിപ്ഷ്യൻ വിദേശ മന്ത്രാലയ വക്താവ് അഹ്മദ് അബൂസൈദ് പറഞ്ഞു. ഭീകര വിരുദ്ധ പോരാട്ടത്തിന് ശ്രമങ്ങൾ ശക്തമാക്കുന്നതിനെ കുറിച്ചും സഹകരിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. ഇറാഖിൽ ഐ.എസ് പരാജയപ്പെടുകയും സിറിയയിൽ നിരവധി പ്രദേശങ്ങൾ ഐ.എസിന്റെ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഐ.എസ് ഭീകരർ മറ്റു അറബ് രാജ്യങ്ങളിലേക്ക് നുഴഞ്ഞു കയറുന്നതിന് സാധ്യത കൂടുതലാണ്. സിനായിൽ ഈജിപ്ത് നടത്തുന്ന ഭീകര വിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ ഈജിപ്ഷ്യൻ വിദേശ മന്ത്രി യു.എ.ഇ വിദേശ മന്ത്രിയെ അറിയിച്ചതായും അഹ്മദ് അബൂസൈദ് പറഞ്ഞു.
അതേസമയം, ഹിസ്ബുല്ല, അൽനുസ്‌റ ഫ്രന്റ് പോലുള്ള ഭീകര സംഘടനകൾക്ക് ഖത്തർ 100 കോടി ഡോളർ നൽകിയിട്ടുണ്ടെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. ഭീകരതക്ക് പിന്തുണ നൽകുന്ന കാര്യം ഖത്തറിന് നിഷേധിക്കുന്നതിന് കഴിയില്ല. ഇതിനുള്ള തെളിവുകൾ വർധിച്ചുവരികയാണ്. ഭീകരതക്ക് ഖത്തർ പിന്തുണ നൽകുന്നതാണ് ഖത്തർ പ്രതിസന്ധിയുടെ കാതലെന്നും യു.എ.ഇ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.