അബുദാബി - യു.എ.ഇ യാത്രാ വിമാനങ്ങൾക്ക് ഖത്തർ യുദ്ധ വിമാനങ്ങൾ മാർഗ തടസ്സം സൃഷ്ടിച്ച സംഭവത്തിൽ ഖത്തറിനെതിരെ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് പരാതി നൽകുമെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സൈഫ് മുഹമ്മദ് അൽസുവൈദി പറഞ്ഞു. ചിക്കാഗോ കരാർ ഖത്തർ ലംഘിച്ചെന്ന ആരോപണമാണ് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് തെളിവുകൾ സഹിതം നൽകുന്ന പരാതിയിൽ ഉന്നയിക്കുക. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ നിന്ന് ഖത്തറിനെ തടയാൻ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഇടപെടണമെന്ന് ആവശ്യപ്പെടുമെന്നും സൈഫ് മുഹമ്മദ് അൽസുവൈദി പറഞ്ഞു.
യു.എ.ഇ യാത്രാ വിമാനങ്ങൾക്ക് ഖത്തർ യുദ്ധ വിമാനങ്ങൾ മാർഗ തടസ്സം സൃഷ്ടിച്ചതിനെ സൗദി വിദേശ മന്ത്രാലയം അപലപിച്ചു. ഖത്തറിന്റെ നടപടി വ്യോമയാന സുരക്ഷക്ക് ഭീഷണിയാണ്. വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെയും കരാറുകളുടെയും ലംഘനമാണെന്നും വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ ഖത്തറിനെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന് സമർപ്പിക്കുമെന്നും ബഹ്‌റൈൻ പറഞ്ഞു.
യു.എ.ഇയിൽനിന്ന് മനാമയിലേക്ക് പതിവ് അന്താരാഷ്ട്ര പാതയിലൂടെ സർവീസ് നടത്തുന്നതിനിടെയാണ് രണ്ടു യു.എ.ഇ വിമാനങ്ങൾക്ക് ഖത്തർ യുദ്ധ വിമാനങ്ങൾ മാർഗ തടസ്സം സൃഷ്ടിച്ചത്. ഇതിൽ ഒരു വിമാനത്തിന്റെ രണ്ടു മൈൽ അടുത്തു വരെ ഖത്തർ യുദ്ധ വിമാനങ്ങൾ എത്തി. ഇത് യു.എ.ഇ വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് അപകട ഭീഷണി സൃഷ്ടിച്ചു. ബഹ്‌റൈൻ എയർ ട്രാഫിക് കൺട്രോൾ ടവറിലെ ഉദ്യോഗസ്ഥർ തൽക്ഷണം ഇടപെട്ട് വ്യോമഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു.
യു.എ.ഇ വിമാനങ്ങൾക്കു മുന്നിൽ ഖത്തർ യുദ്ധ വിമാനങ്ങൾ വഴി തടഞ്ഞെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ഖത്തർ ഓഹരി വിപണി കനത്ത തകർച്ച നേരിട്ടു. വിദേശ നിക്ഷേപകർ കൂട്ടത്തോടെ വിപണിയിൽനിന്ന് പണം പിൻവലിച്ചു. ആറു മാസം മുമ്പ് ഖത്തർ പ്രതിസന്ധി പ്രത്യക്ഷപ്പെട്ട ശേഷം ആദ്യമായാണ് ഖത്തർ ഓഹരി വിപണി ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്. തിങ്കളാഴ്ച ഖത്തർ സൂചിക രണ്ടര ശതമാനമാണ് ഇടിഞ്ഞത്.