മനാമ - ഗൾഫ് സഹകരണ കൗൺസിലിൽനിന്ന് ഖത്തറിനെ പുറത്താക്കില്ലെന്ന് ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവ് പറഞ്ഞു. അറബിസത്തിലേക്കും ഇസ്‌ലാമിക മൂല്യങ്ങളിലേക്കും സമാധാനത്തിലേക്കും ഐക്യദാർഢ്യത്തിലേക്കും ഖത്തർ തിരിച്ചുവരണം. സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും മുന്നോട്ടുവെച്ച ഉപാധികൾ ഖത്തർ പാലിക്കുകയും ഗൾഫ് രാജ്യങ്ങളുമായും അറബികളുമായും ബന്ധം വിച്ഛേദിക്കുന്ന നയങ്ങളിൽ മാറ്റം വരുത്തുകയും വേണം. ഗൾഫ് രാജ്യങ്ങൾ തമ്മിലെ സഹകരണത്തിന്റെ ലക്ഷ്യം ഇപ്പോഴും മാതൃകാപരമാണ്. കൂട്ടത്തിൽ നിന്ന് ഖത്തർ പുറത്തുപോകുന്നത് ഗൾഫ് രാജ്യങ്ങളെ ബാധിക്കില്ല. അവസാനം ഖത്തർ വിവേകം വീണ്ടെടുത്ത് ഗൾഫ് രാജ്യങ്ങളുടെ നിരയിലേക്കു തന്നെ തിരിച്ചുവരും.
ഈജിപ്തിലെ ഒരു ഹോട്ടലിന് സമമാണ് ഖത്തറെന്ന് മുൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് സായിദ് വിശേഷിപ്പിച്ചിരുന്നു. ഖത്തർ ജനത നമ്മുടെ കുടുംബമാണ്. അവരെ നമുക്ക് നന്നായി അറിയാം. എന്നാൽ ഖത്തറിൽ രണ്ടോ മൂന്നോ പേർ ശക്തി സംഭരിക്കുന്നതിന് പുറത്തുനിന്നുള്ളവരുടെ സഹായം തേടുകയാണ്. ഗൾഫ് രാജ്യങ്ങളുടെ നിരയിൽ നിന്ന് ഖത്തർ ഒരിക്കലും പുറത്തുപോകില്ല. ഖത്തറിനെതിരെ തങ്ങൾ എത്ര ശക്തമായ തീരുമാനമെടുത്താലും അത് ഗൾഫ് സഹകരണ കൗൺസിലിൽ നിന്ന് പുറത്താക്കുന്നതിലേക്കെത്തില്ല. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് യാഥാർഥ്യത്തിനു നിരക്കുന്നതല്ല. ഈജിപ്തിനെ വെല്ലുവിളിക്കുന്നത് ഖത്തറിന് തുടരാൻ കഴിയില്ലെന്നും ബഹ്‌റൈൻ രാജാവ് പറഞ്ഞു.
ഭീകരതക്ക് പിന്തുണ നൽകുന്നതായി ആരോപിച്ച് ജൂൺ ആറിനാണ് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യബന്ധങ്ങൾ വിച്ഛേദിച്ചത്. ബന്ധം പുനഃസ്ഥാപിക്കുന്നതിന് അൽജസീറ ചാനലും തുർക്കിയുടെ സൈനിക താവളവും അടച്ചുപൂട്ടുകയും ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്യണമെന്നത് അടക്കം 13 ഉപാധികൾ സൗദി അറേബ്യ അടക്കമുള്ള നാലു രാജ്യങ്ങൾ ഖത്തറിനു മുന്നിൽ വെച്ചിരുന്നു.