ഖത്തറിന് മേൽ കൂടുതൽ സമ്മർദം
റിയാദ് - സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കാത്ത ഖത്തറിനെ കൂടുതൽ സമ്മർദത്തിലാക്കി, സൗദി-ഖത്തർ അതിർത്തിയിലെ സൽവയിൽ സൗദി അറേബ്യ സൈനിക താവളം സ്ഥാപിക്കുന്നു. സൗദി-ഖത്തർ അതിർത്തിയിലെ സൽവ അതിർത്തി പോസ്റ്റിൽനിന്ന് ജവാസാത്ത്, കസ്റ്റംസ് വിഭാഗങ്ങളെ ഒഴിപ്പിക്കുന്നതിന് ഉന്നതാധികൃതർ നിർദേശം നൽകി. പകരം പ്രദേശത്തിന്റെ പൂർണ നിയന്ത്രണം അതിർത്തി സുരക്ഷാ സേനയെ ഏൽപിച്ചു.
സൽവയിൽ സൗദി അതിർത്തിയിൽ പെടുന്ന ഭാഗത്ത് സമുദ്ര കനാൽ നിർമിച്ച് ഖത്തറിനെ കരയിൽനിന്നു പൂർണമായും വേർപെടുത്തി 'ദ്വീപ്' ആക്കി മാറ്റുന്നതിനുള്ള പദ്ധതി ദിവസങ്ങൾക്കു മുമ്പ് പുറത്തു വന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് സൽവ ദ്വീപിൽ സൗദിയുടെ ഭാഗത്ത് സൈനിക താവളം സ്ഥാപിക്കുന്നത്.
സൗദിയിലെയും യു.എ.ഇയിലെയും സ്വകാര്യ നിക്ഷേപകരുടെ സഹായത്തോടെയാണ് സൽവയിൽ കനാൽ പദ്ധതി നടപ്പാക്കുക. കനാലിന്റെ പൂർണ നിയന്ത്രണവും പരമാധികാരവും സൗദി അറേബ്യക്കാകും. കനാൽ നിർമാണ ചുമതല ഈ രംഗത്ത് ഏറെ പരിചയ സമ്പത്തുള്ള ഈജിപ്തിലെ മുൻനിര കമ്പനികൾ വഹിക്കും. സൂയസ് കനാൽ നിർമാണത്തിൽ ഈജിപ്ഷ്യൻ കമ്പനികൾക്കുള്ള പരിചയ സമ്പത്ത് പ്രയോജനപ്പെടുത്താൻ പദ്ധതി നടപ്പാക്കുന്ന കൺസോർഷ്യത്തിന് കഴിയും.
സൗദി-ഖത്തർ അതിർത്തിക്കും സൽവ കനാലിനും ഇടയിൽ ഒരു കിലോമീറ്റർ ദൂരത്തിലുള്ള സ്ഥലത്താണ് സൈനിക താവളം നിർമിക്കുക. കനാലിനും അതിർത്തിക്കും ഇടയിൽ അവശേഷിക്കുന്ന ഭാഗത്ത് സൗദിയിൽ പുതുതായി നിർമിക്കുന്ന ആണവ റിയാക്ടറുകളിൽ നിന്നുള്ള ആണവ മാലിന്യം തള്ളുന്ന കേന്ദ്രമാക്കി മാറ്റും. അന്താരാഷ്ട്ര പരിസ്ഥിതി മാനദണ്ഡങ്ങളും വ്യവസ്ഥകളും പൂർണമായും പാലിച്ചാണ് ആണവ മാലിന്യ നിക്ഷേപ കേന്ദ്രം സ്ഥാപിക്കുക. യു.എ.ഇ ആണവ റിയാക്ടറും ആണവ മാലിന്യ നിക്ഷേപ കേന്ദ്രവും യു.എ.ഇ-ഖത്തർ അതിർത്തിയിൽ യു.എ.ഇയുടെ അറ്റത്താകും.
ഖത്തർ അതിർത്തിക്കും സൽവ കനാലിനും ഇടയിലുള്ള പ്രദേശത്ത് സൈനിക താവളം സ്ഥാപിക്കുന്നത് ഖത്തറിന്റെ ഭാഗങ്ങൾ ഉൾപ്പെട്ട സൽവ ദ്വീപിൽ സൗദി അറേബ്യക്ക് തന്ത്രപ്രധാന സ്ഥാനം ലഭ്യമാക്കും. സൽവ ദ്വീപിന്റെ ഒരു ഭാഗത്ത് സൗദിയുടെ സൈനിക താവളമാകുമെന്നതിനാൽ സൗദി-ഖത്തർ അതിർത്തിയിൽ സമുദ്ര കനാൽ പദ്ധതി യാഥാർഥ്യമായാലും ബഹ്‌റൈനെ പോലെ ഖത്തർ സ്വതന്ത്ര ദ്വീപായി മാറില്ല. സൽവയിൽനിന്ന് ഖോർ അൽഉദൈദിലേക്കാണ് പുതിയ സമുദ്ര കനാൽ നിർമിക്കുന്നത്. പ്രദേശത്ത് വിനോദ സഞ്ചാര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും ചരക്ക് ഗതാഗതം എളുപ്പമാക്കുന്നതിനും കനാൽ പദ്ധതി സഹായകമാകും.