അർഹമായ പ്രതിഫലം ലഭിച്ചു; വിവാദങ്ങള്‍ അവസാനിപ്പിച്ച് സുഡു

മലപ്പുറം- സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അവസാനിപ്പിച്ചു കൊണ്ട്  നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലഭിച്ച പ്രതിഫലം ന്യായമായ തുകയായിരുന്നില്ലെന്നാണ് ഏതാനും ദിവസം മുമ്പ് ഞാന്‍ ഉന്നയിച്ച പ്രശ്നം. എന്നാല്‍ ഈ സിനിമയില്‍ അഭിനയിച്ചതിന് എനിക്ക് അര്‍ഹമായ പ്രതിഫലം ശമ്പളമായി നിര്‍മാതാക്കളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നോട് വംശീയ വിവേചനം കാണിച്ചു എന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നിര്‍മാതാക്കളായ ഹാപ്പി അവേഴ്സ് എന്റര്‍ടൈന്‍മെന്റിന്റെ വിശദീകരണത്തില്‍ നിന്നും അവരുമായുള്ള ചര്‍ച്ചകളില്‍ നിന്നും വംശീയ വിവേചനമായിരുന്നില്ല പ്രശനമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. തെറ്റിദ്ധാരണയും ആശയക്കുഴപ്പവും തെറ്റായ വിവരങ്ങളുമാണ് ഇതിന് ഇടവരുത്തിയത്. എന്റെ മുന്‍ പ്രസ്താവനകള്‍ ഏതെങ്കിലും മലയാളിയെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു- സാമുവല്‍ വ്യക്തമാക്കി. 

വിവാദത്തിനു തിരികൊളുത്തിയ മുന്‍ പോസ്റ്റുകളും തുടര്‍ന്നുള്ള വിശദീകരണ പോസ്റ്റുകളെല്ലാം കഴിഞ്ഞ ദിവസം സാമുവല്‍ ടൈംലൈനില്‍ നിന്ന് നീക്കിയിരുന്നു. ഇതിനു തൊട്ടു പിറകെയാണ് ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ പ്രശ്നങ്ങളെല്ലാം തീര്‍ന്നെന്ന് വ്യക്തമാക്കി സാമുവലിന്റെ പുതിയ പോസ്്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ട മന്ത്രി തോമസ് ഐസക്കിന് സാമുവല്‍ നന്ദി അറിയിച്ചു. കൂടെ നിന്ന് മാധ്യമങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. 

നിര്‍മാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സംവിധായകന്‍ സക്കരിയ തുടങ്ങി ഹാപ്പി അവേഴ്സുമായി ബന്ധപ്പെട്ട ആര്‍ക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കരുതെന്നും സാമുവല്‍ അഭ്യര്‍ത്ഥിച്ചു. ഈ പ്രശനം പരിഹരിക്കാന്‍ അവര്‍ സ്വീകരിച്ച സമീപനം അത്യാകര്‍ഷകമായിരുന്നെന്നും ഇതോടെ അവര്‍ നല്ല മനുഷ്യരാണെന്ന് മനസ്സിലായെന്നും സാമുവര്‍ പറയുന്നു. വിവാദത്തിനു മുമ്പ് ഞങ്ങള്‍ ഒരു കുടുംബമായിരുന്നു. കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അതു പരിഹരിക്കുന്നതോടെ വീണ്ടും ഒരു കുടുംബമായി മാറും.

ഈ സിനിമയില്‍ നിന്ന് ലഭിച്ച മതിയായ പ്രതിഫലത്തിന്റെ ഒരു ഭാഗം വംശീയ വിവേചനത്തിനെതിരെ പൊരുതുന്ന ദി റെഡ് കാര്‍ഡ് ആന്റി റേസിസം എന്ന സംഘടനയ്ക്ക് സംഭാവനയായി നല്‍കുമെന്ന പ്രഖ്യാപനവും സാമുവല്‍ നടത്തി. എല്ലാം സമാധാനപരമായി പരിഹരിച്ചതിന് എല്ലാവരോടും സ്നേഹം അറിയിച്ചാണ് സാമുവല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Latest News