എന്തിനാണ് സിനിമക്ക് സങ്കീർണ്ണമായ കഥയും താരങ്ങളും വൻമൂലധനവും നഗരപശ്ചാത്തലവും പ്രണയവും വയലൻസും? അതൊന്നും വേണ്ട, സ്േനഹം മാത്രം മതി എന്നു തന്നെയാണ് ആദ്യസിനിമയിലൂടെ സംവിധായകൻ സക്കറിയ വിളിച്ചു പറയുന്നത്.
സിനിമക്കുണ്ടൊരു ഭാഷ. ഫുട്‌ബോളിനുണ്ടൊരു ഭാഷ. അവ രണ്ടും ചേർന്നാൽ അത് സ്‌നേഹത്തിന്റെ ഭാഷയാകുന്നു. അങ്ങനെയാണ് സുഡാനി ഫ്രം നൈജീരിയ ഉണ്ടാകുന്നത്. ഇതാണ് മലയാളത്തിലെ നവസിനിമ. പുതിയ ചെറുപ്പക്കാരുടെ കൈകളിൽ മലയാള സിനിമ കരുത്താർജ്ജിക്കുകയാണെന്ന് നിസ്സംശയം പറയാം.
മലയാളസിനിമയിൽ സംവിധാനത്തിനും അഭിനയത്തിലുമെല്ലാം താരാധിപത്യമെല്ലാം അവസാനിച്ച് കാലം കുറച്ചായി. പോയ വർഷം ഏറ്റവും ശ്രദ്ധേയമായ സിനിമകളെല്ലാം ചെറുപ്പക്കാരുടേയും പുതുമുഖങ്ങളുടേതുമായിരുന്നു. ആ പ്രവണത തുടരുക തന്നെയാണ്. അതേസമയം പുതു സംവിധായകരുടെ സിനിമകൾ നഗരകേന്ദ്രീകൃതമാണെന്നും വയലൻസാണ് അവയിൽ മുഴച്ചുനിൽക്കുന്നതെന്നും സ്‌നേഹത്തിനോ എന്തിന് മാതാപിതാക്കൾക്കോ പോലും സ്ഥാനമില്ലെന്നുമുള്ള വിമർശനങ്ങൾ ധാരാളമാണ്. അതിനുള്ള മറുപടി കൂടിയാണ് ഈ സിനിമ. മലപ്പുറത്തെ ഗ്രാമങ്ങളിൽ സ്‌നേഹിക്കാൻ മാത്രമറിയുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് സുഡാനി ഫ്രം നൈജീരിയ. ആ സ്‌നേഹം ഏതു കണ്ണുകളേയും ഈറനണിയിക്കുമെന്നുറപ്പ്.
തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ വളരെ സജീവമായ സെവൻസ് ഫുട്‌ബോളിൽ നൈജീരിയയിൽ നിന്നുള്ള കളിക്കാർ സ്ഥിരമായി കളിക്കാറുണ്ട്. ലാറ്റിനമേരിക്കയിൽ നിന്നോ യൂറോപ്പിൽ നിന്നോ കളിക്കാരെ കൊണ്ടുവരാനുള്ള സാമ്പത്തിക ശേഷി സെവൻസ് ക്ലബ്ബുകൾക്കില്ലാത്തതിനാൽ നറുക്കു വീഴുക മിക്കവാറും നൈജീരിയക്കാർക്കാണ്. ജീവിതം ദുരിതമയമായ അവർക്കാകട്ടെ ഈ സെവൻസ് ഫുട്‌ബോൾ ഒരാശ്വാസമാണ്. ജീവിതമാർഗ്ഗമാണ്. നാട്ടിൻ പുറത്തെ ഏതെങ്കിലും കൊച്ചു ലോഡ്ജിലോ ചെറിയ വീടുകളിലോ മറ്റൊ ആയിരിക്കും അവരെ താമസിപ്പിക്കുക. നാട്ടുകാരുടെ മുന്നിൽ ഇവർ ഹീറോകളാണ്. മലപ്പുറം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ ആശ്രയകേന്ദ്രം. മറ്റെന്തിനേക്കാളും ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന ഒരു ജനത. അതിനായി ജീവിതം തന്നെ മാറ്റിവെച്ച നിരവധി പേരുണ്ടവിടെ. അവരിലൊരാളായ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന, സെവൻസ് ക്ലബ്ബ് മാനേജർ മജീദും സാമുവൽ എബിയോള റോബിൻസണെന്ന നൈജിരിയൻ നടൻ അവതരിപ്പിച്ച സുഡാനി എന്ന പന്തുകളിക്കാരനും തമ്മിലുള്ള, സമാനതകളില്ലാത്ത, അതിരുകളില്ലാത്ത സ്‌നേഹമാണ് സിനിമയെ നനവുള്ളതാക്കുന്നത്. ആ സ്‌നേഹത്തിന്റെ പശ്ചാത്തലമാണ് ഫുട്‌ബോൾ. ഇവരേക്കാളുപരി ആ നാട്ടിലെ രണ്ടു ഉമ്മമാർ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി താമസമാക്കും. പരിക്കേറ്റ നൈജീരിയക്കാരനെ സ്വന്തം മക്കളേക്കാൾ ആർദ്രതയോടെ ശുശ്രൂഷിക്കുന്നു ഈ ഉമ്മമാർ. അവനായി നെഞ്ചുരുകി പ്രാർത്ഥിക്കുന്നു. സ്വന്തം വേദനകളേക്കാൾ മറ്റുള്ളവരുടെ വേദനകളിലാണ് ഈ ഉമ്മമാർ അസ്വസ്ഥരാകുന്നത്. അതിനിടെ കുറച്ചുസമയം ക്യാമറ നൈജീരിയയിലെ ദുരിതങ്ങളിലേക്ക് ഫോക്കസ് ചെയ്യുന്നു. മൈതാനങ്ങളിൽ നമ്മെ ആവേശം കൊള്ളിക്കുന്നവരുടെ യഥാർത്ഥജീവിതം സംവിധായകൻ വരച്ചിടുമ്പോൾ പ്രേക്ഷകർ ഞെട്ടുന്നു.
കുടിവെള്ളവും ഭക്ഷണവുമില്ലാത്ത അവസ്ഥ. അവിടത്തെ ഒരു അഭയാർത്ഥി കേമ്പിൽ നിന്നാണ് കുടുംബം പോറ്റാനായി കള്ള പാസ്‌പോർട്ട് സംഘടിപ്പിച്ച് സുഡാനി മലപ്പുറത്തെത്തിയത്. അവസാനം തിരിച്ചുപോകുമ്പോൾ ഒരു ഗ്രാമം മുഴുവനായും തേങ്ങുന്നു. എത്രയോ ലളിതമായ പ്രമേയം. എന്തിനാണ് സിനിമക്ക് സങ്കീർണ്ണമായ കഥയും താരങ്ങളും വൻമൂലധനവും നഗരപശ്ചാത്തലവും പ്രണയവും വയലൻസും? അതൊന്നും വേണ്ട, സ്േനഹം മാത്രം മതി എന്നു തന്നെയാണ് ആദ്യസിനിമയിലൂടെ സംവിധായകൻ സക്കറിയ വിളിച്ചു പറയുന്നത്. വളരെ പ്രസക്തമായ മറ്റൊന്നു കൂടി ചൂണ്ടികാണിക്കേണ്ടിയിരിക്കുന്നു. ആദ്യകാലത്തൊഴികെ മലയാളത്തിലെ മുഖ്യധാര സിനിമയിൽ വില്ലന്മാരും സാമൂഹ്യവിരുദ്ധരുമായാണ് മലപ്പുറവും അവിടത്തെ മുസ്‌ലിം ജീവിതവും ചിത്രീകരിക്കപ്പെട്ടിട്ടുളളത്. കള്ളക്കടത്തുകാരും ഭീകരവാദികളും ബോംബ് നിർമ്മാതാക്കളും ദേശവിരുദ്ധരും തുടങ്ങി എല്ലാ തിന്മകളുടേയും പ്രതീകങ്ങൾ. മലപ്പുറത്തുപോയാൽ ബോംബുകിട്ടുമെന്ന് തമ്പുരാക്കന്മാർ ഉറക്കെ പ്രഖ്യാപിച്ച സിനിമകളുമുണ്ട്. സ്ത്രീകളാകട്ടെ ഭക്ഷണമുണ്ടാക്കുന്ന യന്ത്രങ്ങൾ മാത്രം. അതൊന്നുമല്ല മലപ്പുറമെന്ന് അവിടെ ജീവിക്കുന്നവർക്കറിയാം. അതാണ് ഈ സിനിമയും വിളിച്ചുപറയുന്നത്. ജാതി - മത - ദേശ ഭേദമന്യേ സ്‌നേഹിക്കാൻ മാത്രമറിയുന്നവർ. അതുപോലെ തന്നെയാണ് സ്‌നേഹം മാത്രം നൽകുന്ന അമ്മമാരാകണമെങ്കിൽ ആറന്മുള പൊന്നമ്മയോ കവിയൂർ പൊന്നമ്മയോ അവതരിപ്പിക്കുന്ന സവർണ്ണ കഥാപാത്രങ്ങളാകണമെന്ന സങ്കൽപ്പവും. അതും ഈ സിനിമ തകർക്കുന്നു. നാടകനടികളായ സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി എന്നിവർ അവതരിപ്പിക്കുന്ന ഉമ്മമാരാണ് ഈ ചിത്രത്തിലെ ശരിക്കുള്ള സൂപ്പർ സ്റ്റാറുകൾ.... അങ്ങനേയും ഈ സിനിമ പുതിയ ചരിത്രമെഴുതുന്നു.
അതേസമയം തിയറ്ററിനു പുറത്തു സാമുവൽ തൊടുത്തുവിട്ട വിവാദം തുടരുകയാണ്. തനിക്കു ചെറിയ പ്രതിഫലം മാത്രമേ ലഭിച്ചുള്ളൂ എന്നും അതിനുകാരണം വംശീയവിവേചനവുമാണെന്നാണ് സാമുവൽ പറയുന്നത്. ' കേരളത്തിൽ വച്ച് ഞാൻ വംശീയ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ മുഖത്തിന് നേരേ നിന്നുള്ളതോ അക്രമാസക്തമോ ആയിട്ടുള്ള ഒന്നും സംഭവിച്ചിട്ടില്ല. സുഡാനി ഫ്രം നൈജീരിയയിൽ ഞാൻ ചെയ്ത വേഷത്തിന് ലഭിച്ച പ്രതിഫലം മലയാള സിനിമയിലെ ഒരു നവാഗത അഭിനേതാവിന് കിട്ടുന്നതിലും വളരെ കുറവായിരുന്നു. സാധാരണ ഗതിയിൽ എനിക്ക് കിട്ടുന്ന വരുമാനത്തിന്റെ എത്രയോ കുറഞ്ഞ ഒന്ന്! പോപ്പുലാരിറ്റിയോ അഭിനയ പരിചയമോ ഇല്ലാത്ത ഇന്ത്യൻ അഭിനേതാക്കളെക്കാളെത്ര കുറഞ്ഞ പ്രതിഫലമാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തത്.നിരവധി യുവതാരങ്ങളുമായി അവരുടെ പ്രതിഫലത്തുകയെപ്പറ്റി ചർച്ച ചെയ്ത് എനിക്കു നേരിട്ട അവമതിയെപ്പറ്റി ഉറപ്പു വരുത്തിയതിനുശേഷമാണിത് ഞാൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്.
എന്റെ നിറവും, എല്ലാ ആഫ്രിക്കക്കന്മാരും ദരിദ്രരും പണത്തിന്റെ മൂല്യത്തെ കുറിച്ച് ബോധമില്ലാത്തവരാണ് എന്ന അബദ്ധ ധാരണയും കൊണ്ടു മാത്രമാണ് ഇത് സംഭവിച്ചത് എന്ന് ഞാൻ കരുതുന്നു.' എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
കരാർ പ്രകാരമുള്ള തുക നൽകിയെന്നാണ് നിർമ്മാതാക്കളുടെ മറുപടി. ആ മറുപടി സാങ്കേതികമായി ശരിയാകാം.
എന്നാൽ ധാർമ്മികമായും രാഷ്ട്രീയമായും സാമുവലിനോട് ചെയ്തത് ശരിയാണോ എന്നാണ് നാം ആലോചിക്കേണ്ടത്. മധുവും അശാന്തനും വിനായകനുമൊക്കെ നമ്മുടെ വംശീയവിവേചനത്തിന്റെ ഉദാഹരണങ്ങളാണ്. മെട്രോ നിർമ്മാണത്തിൽ പോലും ഇതര സംസ്ഥാന തൊഴിലാളികൾക്ക് കുറവ് കൂലി കൊടുത്തവരുമാണ് നാം. അതിനാൽതന്നെ സാമുവലിന്റെ ആരോപണം തള്ളിക്കളയാവുന്നതല്ല.