വന്‍ പ്രദര്‍ശന വിജയം നേടിയ സുഡാനി ഫ്രൈം നൈജീരിയയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഉയര്‍ന്നു വന്ന ഗുരുതരമായ ആരോപണങ്ങള്‍ അലിഞ്ഞില്ലാതായെന്നു സൂചന. തുച്ഛം പ്രതിഫലം നല്‍കി വംശീയ വിവേചനം കാണിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയ നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ച ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം തന്റെ ടൈംലൈനില്‍ നിന്നു നീക്കി. വിശദീകരണമൊന്നും ഇല്ലെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കൂടുതല്‍ പ്രതിഫലം നല്‍കാമെന്നേറ്റതായാണ് സൂചന.
സുഡാനി ഫ്രം നൈജീരിയ വ്യാഴാഴ്ച ഗള്‍ഫില്‍ റിലീസ് ചെയ്യാനിരിക്കെയാണ് മഞ്ഞുരുക്കം. സിനിമ റീലീസിനു ശേഷം കേരളം വിട്ട് സ്വന്തം നാടായ നൈജീരിയയില്‍ എത്തിയ ശേഷമാണ് സാമുവല്‍ താന്‍ ചതിക്കപ്പെട്ടതായി ആരോപണമുന്നയിച്ചത്. തുടര്‍ച്ചയായി പല പോസ്റ്റുകളും ഫേസബുക്കിലിട്ടു. ഇതോടൊപ്പം തന്നെ അനുകൂലിക്കുന്നവരുടെ മലയാളം പോസ്റ്റുകളടക്കം സാമൂവല്‍ ഷെയര്‍ ചെയതിരുന്നു. ഇവയൊന്നും ഇപ്പോള്‍ ടൈംലൈനില്‍ കാണാനില്ല.
അഞ്ചു മാസം സിനിമയക്കു വേണ്ടി കേരളത്തില്‍ ജോലി ചെയ്തിട്ട് വെറും 1.8 ലക്ഷം രൂപ മാത്രമാണ് പ്രതിഫലം നല്‍കിയതെന്നായിരുന്നു സാമുവലിന്റെ പ്രധാന ആരോപണം. ധനമന്ത്രി തോമസ് ഐസക്കും വിടി ബല്‍റാം എംഎല്‍എയും സാമുവലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഇടപെട്ടതിന് സാമുവല്‍ ഇവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
അതിനിടെ സിനിമ നിര്‍മ്മിച്ച ഹാപ്പി ഹവേഴ്‌സ് പ്രതിനിധി സാമുവലിനെ ഈ സിനിമയിലെത്തിക്കാന്‍ സഹായിച്ച അഫ്രിക്കന്‍ ഏജന്റുമായി ബന്ധപ്പെട്ട് സാമുവലിന് കൂടുതല്‍ പ്രതിഫലം നല്‍കാമെന്ന് ഏറ്റതായി അറിയുന്നു. ഈ പ്രശ്‌നം പരിഹരിച്ചതായാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.