തോമസ് ചാണ്ടിക്ക് കുരുക്ക് മുറുകി; നടത്തിയത് ഗുരുതര നിയമലംഘനം

ആലപ്പുഴ- മന്ത്രി തോമസ് ചാണ്ടിയുടേത് ഗുരുതര നിയമലംഘനമെന്നാണ് ജില്ലാ കലക്ടര്‍ ടി.വി.അനുപമ സര്‍ക്കാരിനെ അറിയിച്ചതെന്ന് റിപ്പോര്‍ട്ട്.  റോഡ് നിര്‍മാണത്തില്‍ കടുത്ത നിയമലംഘനമുണ്ടെന്ന്  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നെല്‍വയല്‍ സംരക്ഷണ നിയമം മന്ത്രി അട്ടിമറിച്ചുവെന്നും വയല്‍നികത്തുന്നതിന് സര്‍ക്കാരിന്റെ അനുവാദം വാങ്ങിയില്ലെന്നുമാണ് റിപ്പോര്‍ട്ട്. 2003 നുശേഷം റിസോര്‍ട്ട് ഭൂമിയുടെ രൂപത്തില്‍ മാറ്റം വന്നുവെന്നും മറ്റൊരാളുടെ പേരിലാണെങ്കിലും കമ്പനിയുടെ നിയന്ത്രണത്തില്‍ അനുമതി വാങ്ങാതെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിച്ചുവെന്നും കലക്ടര്‍ സ്ഥിരീകരിച്ചു. സ്ഥലം നികത്തിയത് തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ്. പാര്‍ക്കിംഗ് സ്ഥലം തോമസ് ചാണ്ടിയുടെ അധീനതയിലുള്ളതാണ്. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ വസ്തുതകള്‍ പരിശോധിക്കാതെ റിപ്പോര്‍ട്ട് നല്‍കി. റോഡിന് അംഗീകാരം നല്‍കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
അതിനിടെ, തോമസ് ചാണ്ടിയുടെ നിലംനികത്തല്‍ വിഷയത്തില്‍ സി.പി.എം നിലപാട് ഇന്നറിയാം. തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ ചേരുന്ന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും. വിജിലന്‍സ് കോടതി ത്വരിതാന്വേഷണം നിര്‍ദേശിച്ച സാഹചര്യത്തില്‍ സി.പി.എം നിലപാടു കടുപ്പിക്കാനാണു സാധ്യത. എന്നാല്‍ അഭിപ്രായമൊന്നും പറയാതെ  വിഷയം എല്‍.ഡി.എഫിനു വിടാനും സാധ്യതയുണ്ട്. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.എമ്മില്‍ വ്യത്യസ്ത അഭിപ്രായം നില്‍നില്‍ക്കുന്ന സാഹചര്യത്തിലാണിത്. നിയമസഭയിലും പുറത്തും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ജനജാഗ്രതയാത്രയ്ക്കിടെ മന്ത്രി നടത്തിയ പ്രസ്താവനകള്‍ സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 
സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം എല്‍.ഡി.എഫ് യോഗം വിളിക്കാനും സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയ്ക്കും സാധ്യതയുണ്ട്. രാജിവെക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി തോമസ് ചാണ്ടിക്കുപിന്നില്‍ എന്‍.സിപി ഉറച്ച് നില്‍ക്കുകയാണ്. സിപിഐ നിലപാട് കടുപ്പിച്ച സാഹചര്യവും സി.പി.എമ്മിന് പരിഗണിക്കാതിരിക്കാനാവില്ല.
 

Latest News