ആലപ്പുഴ- ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വാട്ടർ വേൾഡ് ടൂറിസം കമ്പനി കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് വൻതോതിൽ നിലം നികത്തിയതായി ജില്ലാ കലക്ടറുടെ റിപ്പോർട്ട്. റവന്യൂ മന്ത്രിക്കും റവന്യൂ സെക്രട്ടറിക്കും കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ ടി.വി അനുപമ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അനധികൃത നിലം നികത്തൽ അക്കമിട്ടു നിരത്തിയിരിക്കുകയാണ്. വാട്ടർവേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ലേക്ക് പാലസ് റിസോർട്ടിന്റെയും ആലപ്പുഴ നഗരസഭയുടെ പരിധിയിലുള്ള സ്ഥാപനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടാണിത്.
2014 നു മുമ്പും ശേഷവുമുള്ള നിലം നികത്തിയതിനെ കുറിച്ച് അഞ്ചു പേജുള്ള റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസിൽ കാർ പാർക്കിങ് ഏരിയക്കായി വയൽ നികത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പാർക്കിംഗിനും വഴിക്കുമായി 50 സെന്റ് യാതൊരു അനുമതിയുമില്ലാതെ നികത്തിയിട്ടുണ്ട്. ശരാശരി 4.6 മീറ്റർ-12.5 മീറ്റർ വീതിയിൽ 250 മീറ്റർ നീളത്തിലാണ് നികത്തിയിട്ടുള്ളത്. ഈ നികത്തൽ നടന്നിട്ടുള്ളത് 2014ന് ശേഷമാണെന്ന് ഉപഗ്രഹ ചിത്രത്തിൽ വ്യക്തമാകുന്നുണ്ടെന്ന് കലക്ടർ റിപ്പോർട്ടിൽ പറയുന്നു.
റിസോർട്ടിനോട് ചേർന്നുള്ള നീർച്ചാലിന്റെ ഗതിമാറ്റുകയും ചാലിന്റെ വീതി കൂട്ടുകയും കല്ല് കെട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന് അനുമതി നൽകിയിട്ടില്ലെന്ന് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചതായി കലക്ടർ റിപ്പോർട്ടിൽ പറുന്നു. ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിൽ 2008ൽ റിസോർട്ടിലേക്ക് കരമാർഗം റോഡ് ഉണ്ടായിരുന്നില്ലെന്നും 2011ന് ശേഷം പടിപടിയായാണ് അപ്രോച്ച് റോഡും പാർക്കിംഗ് ഏരിയയും ഉണ്ടായതെന്നും വ്യക്തമാകുന്നതായും കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റിസോർട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിർമിച്ചതും നിയമം ലംഘിച്ചാണ്.
2012 ൽ അമ്പലപ്പുഴ അഡീഷണൽ തഹസിൽദാർ തയ്യാറാക്കിയ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. സി പി എം വാർഡ് മെമ്പർ ജയപ്രസാദ് നൽകിയ പരാതിയെ തുടർന്ന് അന്ന് അന്വേഷണം നടത്തിയിരുന്നു. 2014ൽ പ്രദേശത്ത് നിലം നികത്തൽ കണ്ടെത്തിയതിനെ തുടർന്ന് അന്നത്തെ ജില്ലാ കലക്ടർ എൻ. പത്മകുമാർ സ്ഥലം പൂർവസ്ഥിതിയിലാക്കാൻ നിർദേശം നൽകിയെങ്കിലും ആർ ഡി ഒ നടപടി സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു ശേഷമാണ് 2014-17 വരെയുള്ള കാര്യം പറയുന്നത്. എംപി ലാഡ്‌സ് വഴി നിർമാണത്തിലിരിക്കുന്ന വലിയകുളം-സീറോജെട്ടി റോഡിൽ കൃഷിയില്ലാതെ തരിശായി കിടക്കുന്ന ഉദ്ദേശം അഞ്ച് സെന്റ് നിലം ഗ്രാവൽ ഇട്ട് നികത്തി.
റോഡിന് സമാന്തരമായി പടിഞ്ഞാറ് ഭാഗത്തേക്ക് 130 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലുമായി നിലം നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിക്കുകയും ഇതിന്റെ വശങ്ങൾ കരിങ്കൽ കെട്ടി ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനോട് ചേർന്ന് ഒമ്പത് മീറ്റർ വീതിയിലും 38 മീറ്റർ നീളത്തിലുമായി എൽ ആകൃതിയിൽ ഉദ്ദേശം ആറ് സെന്റ് നിലം നികത്തിയിട്ടുണ്ട്. പൊതുചാലിൽ വശങ്ങളിൽ കരിങ്കൽ കെട്ടുന്നതിന് പാടശേഖരസമിതിയുടെയോ കൃഷി ഓഫീസറുടെയോ അനുമതി വാങ്ങിയിട്ടില്ല. നിർമാണത്തിലിരിക്കുന്ന റോഡിന്റെ കിഴക്ക് ഭാഗത്തായി ഉദ്ദേശം ഒന്നര സെന്റ് നികത്തിയിട്ടുണ്ട്. അനധികൃത നിലം നികത്ത് നിർത്തിവെക്കാൻ കമ്പനി എം ഡിക്ക് മുല്ലക്കൽ വില്ലേജ് ഓഫീസർ ഉത്തരവ് നൽകിയിട്ടുള്ളതാണ്.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം സെക്ഷൻ 3ന്റെ ലംഘനം വ്യക്തമായതിനാൽ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും നിയമനടപടി സ്വീകരിക്കുന്നതിലേക്കുമായാണ് 26ന് നേരിട്ട് ഹാജരാകാൻ ജില്ലാ കലക്ടർ ആവശ്യപ്പെട്ടത്. എന്നാൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ വാട്ടർവേൾഡ് ടൂറിസം കമ്പനി കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ ഒക്ടോബർ നാലിലേക്ക് ഹിയറിംഗ് മാറ്റിവെക്കുകയായിരുന്നു.