Sorry, you need to enable JavaScript to visit this website.

മന്ത്രി തോമസ്ചാണ്ടിയുടെ കായൽ കയ്യേറ്റം: മുഖ്യമന്ത്രിയുടെ മൗനം ഘടക കക്ഷികളേയും വെട്ടിലാക്കുന്നു

സമരമുഖത്ത് സി.പി.എം കാഴ്ചക്കാരായി; സമ്മേളനങ്ങളിൽ വിമർശനം 
ആലപ്പുഴ-അനധികൃത കയ്യേറ്റം നടത്തിയതായി മന്ത്രി തോമസ് ചാണ്ടിക്കെതിരെ  നിരവധി തെളിവുകൾ പുറത്തു വന്നിട്ടും മുഖ്യമന്ത്രി അവലംബിക്കുന്ന മൗനം  ഘടക കക്ഷികളേയും സി പി എമ്മിന്റെ താഴെത്തട്ടിലെ നേതൃത്വങ്ങളേയും വെട്ടിലാക്കുന്നു. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചതിനാൽ നിലവിലുള്ള പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് സി പി എം നേതൃത്വം. 
സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തലിൽ തോമസ് ചാണ്ടി വിഷയം ചൂടേറിയ ചർച്ചയ്ക്ക് വഴിവെക്കുമെന്ന കാര്യത്തിൽ സംശയമില്ല; പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിൽ. കയ്യേറ്റത്തിനെതിരെ ശക്തമായി രംഗത്തുള്ള കോൺഗ്രസും പോഷക സംഘടനകളും യു ഡി എഫും നടത്തുന്ന തുടർസമരങ്ങൾ കണ്ടുനിൽക്കാൻ മാത്രമേ സി പി എം പ്രാദേശിക നേതൃത്വത്തിന് പോലും കഴിയുന്നുള്ളൂവെന്നതാണ് വസ്തുത. സമര മുഖത്തേയ്ക്ക് പാർട്ടി ഇറങ്ങാത്തതിന്റെ രോഷം പ്രാദേശിക നേതൃത്വത്തിനുണ്ട്. ഇതിനിടെ എല്ലാ ദിവസവും തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്നത് സർക്കാരിനെ ക്ഷീണിപ്പിക്കുന്നുവെന്നാണ് സി പി ഐയുടെ ആക്ഷേപം. കയ്യേറ്റത്തിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച് മൂന്നാറിൽ സി പി എമ്മിനെതിരെ പോലും തിരിഞ്ഞ സി പി ഐ ഇവിടെ മൗനത്തിലാകുന്നത് മന്ത്രിയുമായി നേതാക്കൾക്കുള്ള വ്യക്തി ബന്ധം കൊണ്ടാണെന്നത് മറ്റൊരു വസ്തുത. എന്നിരുന്നാലും അനധികൃത കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ സി പി ഐ നേതൃത്വത്തിനും സമരം ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ഇവരുടെ പോഷക സംഘടനകളും ഇതേ അവസ്ഥയിൽ പരിതപിക്കുന്നു. 
ആളും തരവുമില്ലാത്ത പാർട്ടികളാണെങ്കിലും മറ്റ് ഘടക കക്ഷികളും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഈ വിഷയം പരിഹരിക്കണമെന്ന് പറയാനുള്ള ആർജ്ജവമില്ല. എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന നേതാക്കൾ പലരും, പ്രത്യേകിച്ച് ജില്ലയിൽ നിന്നുള്ള മന്ത്രി ജി സുധാകരൻ പോലും പിണറായിയെ ഭയന്ന് മിണ്ടുന്നുമില്ല. തോമസ് ചാണ്ടിയെ സംരക്ഷിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മൗനം തന്നെയാണ് പാർട്ടിയിലേയും ഭരണത്തിലേയും എതിർസ്വരങ്ങളെ നിശ്ശബ്ദമാക്കുന്നത്.  കായൽ കയ്യേറ്റവും പാടശേഖരം നികത്തിയുള്ള കയ്യേറ്റവും സർക്കാർ ഫണ്ട് ഉപയോഗിച്ച് റിസോർട്ടിലേയ്ക്ക് റോഡ് നിർമ്മിച്ചതുൾപ്പടെ മന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിരവധി ആരോപണം ഉയർന്നിട്ടും അന്വേഷണത്തിന് പോലും മുതിരാതെ മുഖ്യമന്ത്രി പിണറായി വിജയൻ  എന്താണ് ലക്ഷ്യമിടുന്നതെന്ന് ഇനിയും വ്യക്തമല്ല.
 

Latest News