Sorry, you need to enable JavaScript to visit this website.

തോമസ് ചാണ്ടി മന്ത്രിയായത് ധാര്‍മികതക്ക് എതിര്, പുനഃപരിശോധിക്കണമെന്ന് എന്‍.എസ് മാധവന്‍

കൊച്ചി- വിദേശത്ത് ശിക്ഷിക്കപ്പെട്ട ഒരാൾ കേരളത്തിൽ മന്ത്രിയാകുന്നത് ധാർമികതക്ക് ചേർന്നതല്ലെന്ന് പ്രമുഖ എഴുത്തുകാരൻ എൻ.എസ് മാധവൻ. ഗതാഗത മന്ത്രിയായി തോമസ് ചാണ്ടിയെ നിയമിച്ചതിനുള്ള പ്രതികരണമാണ് മാധവൻ നടത്തിയത്. 
ഇലക്ഷൻ നിയമം വിദേശത്ത് ശിക്ഷിക്കപ്പെട്ടവരെപ്പറ്റി നിശ്ശബ്ദമാണ്. നൈതികത അങ്ങനെ അല്ല. തോമസ് ചാണ്ടിയുടെ നിയമനം പുനഃപരിശോധിക്കണമെന്നും ട്വിറ്ററിലൂടെ എൻ.എസ് മാധവൻ ആവശ്യപ്പെട്ടു. കുവൈറ്റിലെ ഇന്ത്യക്കാരെ ഭയങ്കരമായി പറ്റിച്ചതിന്റെ കഥയാണീ റിപ്പോർട്ട് എന്നു പറഞ്ഞ്  'ഗൾഫ് ന്യൂസിൽ' 2002 ഡിസംബർ 24-ന് വന്ന വാർത്തയും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. 

കുവൈറ്റിലെ സാൽമിയയിലെ ഇന്ത്യൻ സ്‌കൂളിൽ നിന്നും തോമസ് ചാണ്ടി, കുവൈത്ത് ടൈംസ് ലേഖകനായിരുന്ന കെ.പി മോഹനൻ, കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മാത്യു ഫിലിപ്പ് എന്നിവർ ചേർന്ന് 42 കോടി രൂപ തട്ടിയെടുത്തുവെന്നായിരുന്നു കേസ്.  സ്‌കൂൾ ഫണ്ട് മൂവരുടെയും എക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തുവെന്നായിരുന്നു കേസ്. 2002ൽ കുവൈറ്റ് കോടതി മൂവർക്കും എട്ട് വർഷം തടവും 500 കുവൈറ്റ് ദിനാർ പിഴയും വിധിച്ചു. തട്ടിപ്പ് വാർത്ത പുറത്ത് വന്നതിനെത്തുടർന്ന് തോമസ് ചാണ്ടിയെയും മാത്യു ഫിലിപ്പിനെയും പൊലീസ് പിടികൂടിയിരുന്നു. തോമസ് ചാണ്ടി 85,000 കുവൈറ്റ് ദിനാർ(ഒരു കോടി രൂപയോളം) കെട്ടിവെച്ച് ജാമ്യത്തിൽ ഇറങ്ങി. അറസ്റ്റിലായ മാത്യു ഫിലിപ്പിന് രണ്ട് വർഷം ജയിലിൽ കിടക്കേണ്ടി വന്നിരുന്നു. ജാമ്യത്തിലിറങ്ങിയ മാത്യു പിന്നീട് കേരളത്തിലേക്ക് മുങ്ങി. കെ.പി മോഹനനും പിന്നീട് കേരളത്തിലേക്ക് മുങ്ങി. ഏതെങ്കിലും ഗൾഫ് രാജ്യത്തിലെത്തിയാൽ മോഹനനെ വീണ്ടും അറസ്റ്റ് ചെയ്യും. കുവൈത്തും ഇന്ത്യയും തമ്മിൽ കുറ്റവാളി കൈമാറ്റം നിലവിൽ വരാത്തതിനാൽ മോഹനനെ കുവൈത്തിന് കൈമാറേണ്ടതുമില്ല. 

Latest News