- നിയമങ്ങൾ ലംഘിക്കാതെ തന്നെ നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റും
റിയാദ് - സൗദി അറേബ്യയിൽ മദ്യം അനുവദിക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. അര ലക്ഷം കോടി ഡോളർ നിക്ഷേപത്തോടെ പൂർത്തിയാക്കുന്ന നിയോം മെഗാസിറ്റി പ്രദേശത്ത് ഇസ്‌ലാമിക മൂല്യങ്ങൾക്കും സൗദി അറേബ്യയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കാത്ത യാതൊന്നും അനുവദിക്കില്ല. രാജ്യത്തെ നിയമങ്ങൾ ലംഘിക്കാതെ തന്നെ വിദേശ നിക്ഷേപകരുടെയും ടൂറിസ്റ്റുകളുടെയും എല്ലാ ആവശ്യങ്ങളും നിയോം പദ്ധതി നിറവേറ്റും.
സമാനമായ മറ്റ് നഗരങ്ങളിൽ നടപ്പാക്കുന്ന 98 ശതമാനം സൗകര്യങ്ങളും നിയോം പദ്ധതിയിലും നടപ്പാക്കാൻ കഴിയും. എന്നാൽ മദ്യം അടക്കം രണ്ടു ശതമാനം സൗകര്യങ്ങൾ സാധ്യമല്ല. സൗദിയിലെ നിയമങ്ങൾ ലംഘിക്കാതെ തന്നെ വിദേശ നിക്ഷേപകരുടെയും ടൂറിസ്റ്റുകളുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് പദ്ധതിക്ക് സാധിക്കും.
മദ്യം കഴിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് നിയോം പദ്ധതി പ്രദേശത്ത് നിന്ന് എളുപ്പം ഈജിപ്തിലേക്കും ജോർദാനിലേക്കും പോകാം. തൈറാൻ ദ്വീപിൽനിന്ന് മൂന്നര കിലോമീറ്റർ മാത്രം ദൂരെയാണ് ഈജിപ്ത്. റാസ് അൽശൈഖ് ഹുമൈദിൽനിന്ന് 15 കിലോമീറ്ററാണ് ജോർദാനിലേക്കുള്ള ദൂരം. നിയോം മെഗാസിറ്റിയിൽ ഈജിപ്തിന് സമീപമാണ് വിദേശിയുള്ളതെങ്കിൽ രണ്ടു മിനിറ്റു കൊണ്ട് ഈജിപ്തിലെത്താം. മെഗാസിറ്റിയിൽ വേറെ ഭാഗത്താണെങ്കിൽ കാർ മാർഗം ഈജിപ്തിൽ എത്തിച്ചേരുന്നതിന് 20 മിനിറ്റ് മതിയാകും.
റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട്, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, ജിസാൻ ഇക്കണോമിക് സിറ്റി എന്നീ പദ്ധതികൾക്ക് തടസ്സമുണ്ടായിട്ടില്ല. പതിനായിരക്കണക്കിനാളുകൾ ഈ പദ്ധതികളിൽ ജോലി ചെയ്യുന്നുണ്ട്. 2020 ജി-20 ഉച്ചകോടി കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലാണ് നടക്കുക. പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം ഉദ്ഘാടനം ചെയ്യും. റിയാദ് നഗരത്തിന്റെ പ്രധാന ചാലകശക്തിയായി കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് മാറും. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് പദ്ധതി ഘടനയിൽ ഭേദഗതികൾ വരുത്തുക മാത്രമാണ് ചെയ്തത്. ഓഫീസുകളുടെ എണ്ണം കുറക്കുകയും പാർപ്പിട യൂനിറ്റുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. പദ്ധതി പ്രദേശത്ത് ഓഫീസുകൾക്ക് നീക്കിവെച്ച സ്ഥലം റിയാദിന്റെ ആവശ്യത്തേക്കാൾ ഏറെ കൂടുതലായിരുന്നു.
കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി തുറമുഖം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഏതാനും ഹോട്ടലുകൾ ഇക്കണോമിക് സിറ്റിയിൽ തുറന്നിട്ടുണ്ട്. ന്യൂ ജിദ്ദ എന്നാണ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയെ ജിദ്ദ നിവാസികൾ വിളിക്കുന്നത്. നഗരവാസികളിൽ നിരവധി പേർ ഇക്കണോമിക് സിറ്റിയിലേക്ക് താമസം മാറിത്തുടങ്ങി. പദ്ധതി പ്രദേശത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങളുണ്ട്. ആൾതാമസമില്ലാത്ത പ്രേതനഗരമല്ല ഇത്. മറിച്ച്, അനുദിനം വളർന്നുവരുന്ന ആധുനിക നഗരമാണ്.
ജിസാൻ ഇക്കണോമിക് സിറ്റിയിൽ സൗദി അറാംകൊക്കു കീഴിൽ വൻകിട പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ചൈനക്കാരും ഇവിടെ പദ്ധതികൾ നടപ്പാക്കുന്നു. അടുത്തിടെ നടത്തിയ ചൈനീസ് സന്ദർശനത്തിനിടെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ജിസാൻ ഇക്കണോമിക് സിറ്റിയിൽ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെച്ചിരുന്നു. മൂന്നു വർഷത്തിനു ശേഷം ജിസാൻ ഇക്കണോമിക് സിറ്റിയിൽ സൗദികളെക്കാൾ കൂടുതൽ ചൈനക്കാരാകും എന്ന കാര്യം ഉറപ്പാണ്
സൗദിയിൽ രണ്ടു ട്രില്യൻ ഡോളറിലധികം മൂല്യം കണക്കാക്കുന്ന ധാതു സമ്പത്തുണ്ട്. ഇതിന്റെ 95 ശതമാനവും ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ല. 240 ബില്യൺ ഡോളറിന്റെ സ്വർണ ശേഖരവും 150 ബില്യൺ ഡോളറിന്റെ വെള്ളി ശേഖരവും രാജ്യത്തുണ്ടെന്നാണ് കണക്കാക്കുന്നത്. സൗദിയിലുള്ള ധാതുനിക്ഷേപത്തിന്റെ മൂല്യം കൃത്യമായി കണക്കാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിവരികയാണ്. ഇതിനകം കണ്ടെത്തിയതിലും കൂടുതൽ ധാതുശേഖരം രാജ്യത്തുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. രണ്ടു ട്രില്യൺ ഡോളറിലധികം മൂല്യമുള്ള ധാതുശേഖരം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതേ കുറിച്ച് രണ്ടു മാസത്തിനുള്ളിൽ വിശദമായി പരസ്യപ്പെടുത്തും.
2030 ഓടെ പ്രതിവർഷം സൗദി അറേബ്യ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണം നാലു കോടിയിൽ അധികമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ മൂന്നു കോടി പേർ മക്കയും മദീനയും സന്ദർശിക്കുന്നതിനാണ് എത്തുക. അവശേഷിക്കുന്ന ഒരു കോടി പേർ ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും വാണിജ്യ ആവശ്യങ്ങൾക്കും രാജ്യം സന്ദർശിക്കും. മധ്യപൗരസ്ത്യദേശത്ത് നൂറു വർഷമായി ഒരുവിധ സംഘർഷങ്ങളും അരങ്ങേറാത്ത, സുരക്ഷാ ഭദ്രതയും സമാധാനവും നിലനിൽക്കുന്ന ഏക രാജ്യം സൗദി അറേബ്യയാണ്. ഖത്തർ പ്രതിസന്ധി നിക്ഷേപകരുടെ വിശ്വാസത്തെ ഒരുനിലക്കും ബാധിക്കില്ല. ഇത് തീർത്തും അപ്രസക്തമായ നിസാര പ്രശ്‌നമാണെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.