Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 5000 കോടി ഡോളറിന്റെ പുതിയ നഗരം നിര്‍മിക്കുന്നു

റിയാദ്- സൗദി അറേബ്യയില്‍ മനുഷ്യശേഷിയേക്കാള്‍ റോബോട്ടുകള്‍ക്ക് സ്വാധീനമുള്ള വന്‍ പട്ടണം വരുന്നു. ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തിക്കുള്ളിലേക്ക് കൂടി നീളുന്ന പട്ടണം 5000 കോടി ഡോളര്‍ ചെലവിലാണ് നിര്‍മിക്കുന്നത്.


നിയോം എന്നു പേരിട്ടിരിക്കുന്ന നഗര നിര്‍മാണ പദ്ധതി  കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്നലെ റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ചു.
സൂര്യനില്‍നിന്നും കാറ്റില്‍നിന്നും ഊര്‍ജം സ്വീകരിക്കുന്ന നഗരത്തില്‍ റോബോട്ടുകളായിരിക്കും കൂടുതല്‍.
ഭാവിയെ കുറിച്ച് സ്വപ്‌നം കാണുന്നവര്‍ക്കുള്ളതാണ് നിയോം പദ്ധതി. ചൈനയിലെ വന്‍മതിലിനേക്കാള്‍ വലിയ മതില്‍ സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് പദ്ധതി പ്രദേശത്ത് നിര്‍മിക്കും.  ചെങ്കടല്‍ പ്രദേശത്തെ വെയിലും കാറ്റും ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതിന് പര്യാപ്തമാകും. നിയോം പദ്ധതി സൗദി അറേബ്യയുടെ മുഖച്ഛായ മാറ്റും. പദ്ധതി പ്രദേശത്തെ യാത്രകള്‍ക്ക് പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തും.

http://malayalamnewsdaily.com/sites/default/files/filefield_paths/neom_mega_city_project.jpg
ലോകത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ നിയോം പദ്ധതി പ്രദേശം ലോകത്തെ ഏറ്റവും വലിയ സുരക്ഷിത മേഖലയായിരിക്കും. ഇതിനായി ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും. സൗദി അറേബ്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നിയമങ്ങളാണ് നിയോം പദ്ധതി പ്രദേശത്തുണ്ടാവുകയെന്നും കിരീടാവകാശി പറഞ്ഞു.
പദ്ധതി പ്രദേശത്തെ കസ്റ്റംസ്, തൊഴില്‍, നികുതി നിയമങ്ങള്‍ അടക്കമുള്ള സാധാരണ നിയമങ്ങളെല്ലാം സൗദിയിലേതിന് വ്യത്യസ്തമായിരിക്കും. എന്നാല്‍ പരമാധികാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിയോം പദ്ധതി പ്രദേശത്ത് അടക്കം രാജ്യത്ത് എല്ലായിടത്തും ഒന്നു തന്നെയായിരിക്കും. റിയാദിലെ ഖിദിയ വിനോദ നഗരി പദ്ധതി, ചെങ്കടലിലെ ദ്വീപുകള്‍ വിനോദ സഞ്ചാര വ്യവസായത്തിന് പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള റെഡ് സീ പദ്ധതി, മക്കയിലും മദീനയിലും ലക്ഷക്കണക്കിന് ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്ഥാപിച്ച പുതിയ കമ്പനികള്‍ എന്നിവയെല്ലാം അടുത്ത കാലത്ത് സൗദി അറേബ്യ പ്രഖ്യാപിച്ച വന്‍കിട പദ്ധതികളാണ്. ഇക്കൂട്ടത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് ഇന്നലെ പ്രഖ്യാപിച്ച നിയോം ഫ്യൂച്ചര്‍ ഡെസ്റ്റിനേഷന്‍ പദ്ധതി.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വന്‍കരകള്‍ സന്ധിക്കുന്ന സ്ഥലം കൂടിയാണിത്. ലോക ജനസംഖ്യയില്‍ 70 ശതമാനം പേര്‍ക്ക് നിയോം പദ്ധതി പ്രദേശത്ത് എട്ടു മണിക്കൂറിനകം എത്തിച്ചേരാന്‍ സാധിക്കും. വൈജ്ഞാനിക, സാങ്കേതിക, ഗവേഷണ, വിദ്യാഭ്യാസ തൊഴില്‍, ചികിത്സാ, താമസ മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. ഏഷ്യ, ആഫ്രിക്ക വന്‍കരകളെ ബന്ധിപ്പിക്കുന്ന കിംഗ് സല്‍മാന്‍ കോസ്‌വേയുടെ പ്രധാന പ്രവേശന കവാടം നിയോം പദ്ധതി പ്രദേശത്താകും. ഇത് പദ്ധതിയുടെ സാമ്പത്തിക പ്രാധാന്യം വര്‍ധിപ്പിക്കും.
പദ്ധതിയിലെ പ്രധാന മുതല്‍ മുടക്ക് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ വകയാകും. ലോകത്തെങ്ങുമുള്ള വന്‍കിട നിക്ഷേപകരെയും കമ്പനികളെയും പദ്ധതിയിലേക്ക് ആകര്‍ഷിക്കും. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭം ഉറപ്പുവരുത്തുന്ന പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ഭീമമായ വരുമാനം നല്‍കും. ഇത് സൗദി സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരും. വിദ്യാഭ്യാസ, ചികിത്സാ, ടൂറിസം, നിക്ഷേപ, ഇറക്കുമതി ആവശ്യങ്ങള്‍ക്ക് പ്രതിവര്‍ഷം സൗദിയില്‍ നിന്ന് പതിനായിരം കോടിയിലേറെ ഡോളര്‍ പുറത്തേക്കൊഴുകുന്നുണ്ട്. ഇതിന് തടയിടുന്നതിനും പുതിയ പദ്ധതി സഹായകമാകും.
പദ്ധതിയുടെ വിജയത്തിന് ആശ്രയിക്കുന്ന പ്രധാന ഘടകം സൗദി യുവാക്കളാണ്. സൗദി ജനതയില്‍ എഴുപതു ശതമാനവും 30 നു താഴെ പ്രായമുള്ളവരാണ്. തീവ്രവാദം കാരണമായി ജനങ്ങളുടെ ജീവിതം നഷ്ടപ്പെടുത്തുന്നതിന് അനുവദിക്കില്ലെന്നും നിയോം പദ്ധതിയെ കുറിച്ച ചര്‍ച്ചക്കിടെ കിരീടാവകാശി പറഞ്ഞു.
 

Latest News