എ.എം. സജിത്ത്
ജിദ്ദ- സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന അഭൂതപൂർവമായ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ സുവർണ അധ്യായമായി മാറുകയാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച നിയോം ഫ്യൂച്ചർ ഡെസ്റ്റിനേഷൻ പദ്ധതി. എണ്ണ ഇതര വരുമാന മാർഗങ്ങൾ കണ്ടെത്തുകയെന്ന മുഖ്യലക്ഷ്യവുമായി തുടരുന്ന വിഷൻ-2030 എന്ന ദീർഘകാല വികസന, സാമ്പത്തിക ദർശനത്തിന്റെ ഭാഗമായാണ് നിയോം വരുന്നത്.
50,000 കോടി ഡോളറിന്റെ നിക്ഷേപമാണ് നിയോം പ്രോജക്ടിൽ വന്നുചേരുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് പ്രഖ്യാപിച്ച ചെങ്കടൽ പദ്ധതി ലോക ടൂറിസത്തെ സൗദി അറേബ്യയിലേക്ക് ആകർഷിക്കാനുള്ളതായിരുന്നെങ്കിൽ നിയോം ലോകത്തെ സവിശേഷ നിക്ഷേപകരെയാണ് സൗദിയിലേക്ക് കൊണ്ടുവരിക.
ഭാവി ഭരണാധികാരി എന്ന നിലയിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്രാന്തദർശിത്വവും ദീർഘവീക്ഷണവുമാണ് ഈ പദ്ധതി പ്രഖ്യാപനങ്ങളിൽ തെളിയുന്നത്. സൗദി യുവത്വത്തിന്റെ പ്രതീകമായ മുഹമ്മദ് ബിൻ സൽമാൻ, ഇന്നലെ റിയാദിൽ സമാരംഭിച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന രാജ്യാന്തര സാമ്പത്തിക ഫോറത്തിൽ നടത്തിയ പ്രസംഗവും പുതിയൊരു യുഗത്തിന്റെ തുടക്കം കുറിക്കുന്നതായിരുന്നു.
സൗദിയിലെ യുവാക്കളെക്കുറിച്ച് കിരീടാവകാശി പറഞ്ഞതിങ്ങനെ: 'ഈ രാജ്യത്തിന്റെ ജനസംഖ്യയിൽ മുക്കാൽ ഭാഗവും യുവാക്കളാണ്. ഇത് ഇരുതല മൂർച്ചയുളള ആയുധമാണ്. യുവാക്കളുടെ ക്രിയാശേഷി സർഗാത്മകമായി ഉപയോഗപ്പെടുത്തിയാൽ അത് സൗദിയെ ലോകത്തെ ഒന്നാം നിര രാജ്യങ്ങളുടെ ഭാഗമാക്കും. തെറ്റായ രീതിയിലാണ് അത് ഉപയോഗിക്കുന്നതെങ്കിലോ രാജ്യം നശിക്കാൻ അതു മതി.'
ലോകം അഭിമുഖീകരിക്കുന്ന ഭീകരവാദ ഭീഷണിയുടെ ഇരയാണ് സൗദി അറേബ്യയും. എന്നാൽ നിശ്ചയദാർഢ്യത്തോടെ ഈ വിപത്തിനെ നേരിടുമെന്ന് മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. തുറന്ന, മിതവാദ സമീപനമുള്ള സൗദി അറേബ്യയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 32 കാരനായ കിരീടാവകാശിയുടെ വാക്കുകൾ വ്യക്തമാണ്. രാജ്യത്ത് സമ്പൂർണമായ മാറ്റമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
'സാധാരണ ജീവിതമാണ് നാം ആഗ്രഹിക്കുന്നത്. നമ്മുടെ മതം, സഹിഷ്ണുതയിലേക്കും നമ്മുടെ കാരുണ്യത്തിന്റെ പാരമ്പര്യത്തിലേക്കും പരിവർത്തനം ചെയ്യപ്പെടുന്ന ജീവിതം. സൗദിയുടെ 70 ശതമാനം ജനങ്ങളും 30 ൽ താഴെ പ്രായമുള്ളവരാണ്. അടുത്ത മുപ്പതു വർഷം നശീകരണത്തിന്റെ ആശയങ്ങളെ കൈകാര്യം ചെയ്തുമാത്രം നമുക്ക് മുന്നോട്ടുപോകാനാവില്ല. അവയെ ഇന്നുതന്നെ നശിപ്പിച്ചുവേണം നമുക്ക് മുന്നേറാൻ.'
സഹിഷ്ണുതയുടെ പാരമ്പര്യത്തിലേക്ക് തിരിച്ചുപോകാനുള്ള ആഹ്വാനം പ്രസംഗത്തിലുടനീളം വ്യക്തമായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽനിന്ന് ഊർജം ഉൾക്കൊള്ളാൻ തയാറാണെന്ന പ്രഖ്യാപനവും അതിലടങ്ങിയിരുന്നു. 1970 കളുടെ അവസാനം ഫൈസൽ രാജാവ് വധിക്കപ്പെട്ടശേഷമുള്ള സന്ദർഭത്തെ എങ്ങനെ അതിജീവിച്ചു എന്ന് മുഹമ്മദ് രാജകുമാരൻ ഓർമപ്പെടുത്തുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സാമ്പത്തിക ഫോറത്തിനെത്തിയ വലിയ ബിസിനസ് പ്രമുഖർ, സാമ്പത്തിക വിദഗ്ധർ എന്നിവരെയെല്ലാം ആശ്ചര്യപ്പെടുത്തിയ പ്രസംഗമായിരുന്നു മുഹമ്മദ് രാജകുമാരന്റേത്. 'ഇത് സൗദി അറേബ്യക്ക് മാത്രമുള്ള സന്ദേശമല്ല, മുഴുവൻ ലോകത്തിനും വേണ്ടിയുള്ളതാണ്- ചിക്കാഗോയിലെ നോർതേൺ ട്രസ്റ്റ് എന്ന വൻ കമ്പനിയുടെ വൈസ് ചെയർമാൻ സ്റ്റീഫൻ പോട്ടർ പറഞ്ഞു. 'ഈ രാജ്യം വലിയ മാറ്റത്തിന്റെ പാതയിലാണ് എന്ന് വിളിച്ചു പറയുന്നു ആ വാക്കുകൾ'.
തീർച്ചയായും മുഹമ്മദ് ബിൻ സൽമാൻ എന്ന യുവരാജകുമാരന്റെ വീക്ഷണങ്ങൾക്കുള്ള ലോകത്തിന്റെ അംഗീകാരമാണ് അത്.