റിയാദ് - സൗദിയിൽ അവശേഷിക്കുന്ന ഭീകരവാദവും ഉന്മൂലനം ചെയ്യുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഉറച്ച കാൽവെപ്പുകളോടെയാണ് സൗദി അറേബ്യ മുന്നോട്ടുപോകുന്നതെന്നും രാജ്യത്തിന്റെ മോഹങ്ങൾക്ക് അതിരുകളില്ലെന്നും കിരീടാവകാശി പറഞ്ഞു. റിയാദിൽ ഇന്നലെ ആരംഭിച്ച ത്രിദിന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഉദ്ഘാടനം ചെയ്താണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇക്കാര്യം വ്യക്തമാക്കിയത്. നവസാങ്കേതികവിദ്യകൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം. ഇവ അവസരങ്ങളാണ്, അല്ലാതെ ഭീഷണികളല്ല. എല്ലാവരും പരസ്പരം സഹകരിക്കുന്നതിലൂടെ കൂടുതൽ മികച്ച ലോകം സൃഷ്ടിക്കുന്നതിന് സാധിക്കുമെന്നും കിരീടാവകാശി പറഞ്ഞു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പ്രതിനിധീകരിച്ച് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബിയാണ് അദ്ദേഹത്തിന്റെ പ്രസംഗം വായിച്ചത്. അറുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള 2,500 ലേറെ പ്രമുഖ വ്യക്തികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.