ലോകം ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത പുതുപുത്തൻ വികസന ആശയമാണ് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച നിയോം ഫ്യൂച്ചർ ഡെസ്റ്റിനേഷൻ പദ്ധതി. രാജ്യാതിർത്തികളെ സംഘർഷ ഭരിതമാക്കുന്നതിൽ മത്സരിച്ചുകൊണ്ടിരിക്കുന്ന ഭരണകർത്താക്കളുടെ കാലത്ത് സ്വന്തം രാജ്യം വികസിക്കുന്നതോടൊപ്പം സഹകരണം ഊട്ടിയുറപ്പിച്ച് അതിർത്തിക്കപ്പുറവും വികസനമുണ്ടാകണമെന്ന കാഴ്ചപ്പാട് എന്നതാണ് ഈ പദ്ധതിയെ വ്യതിരിക്തമാക്കുന്നത്. മൂന്നു രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ലോകത്തെ ആദ്യ പദ്ധതി. വികസനമെന്നത് തങ്ങളിലേക്കു മാത്രം ഒതുങ്ങേണ്ടതല്ലെന്നും പരസ്പര സഹകരണത്തോടെ അതിർത്തികളെ കൂട്ടിയോജിപ്പിച്ചാൽ പ്രതിരോധത്തിനായുള്ള ചെലവുകൾ കുറക്കാമെന്നു മാത്രമല്ല, സമാധാനവും വിസ്മയ വികസനങ്ങളും തീർക്കാമെന്നുമാണ് പദ്ധതി പ്രഖ്യാപനത്തിലൂടെ കിരീടാവകാശി നടത്തിയിരിക്കുന്നത്.
നിയോം പദ്ധതി പ്രഖ്യാപനത്തിലൂടെ സൗദി അറേബ്യയുടെ കവാടങ്ങൾ നിക്ഷേപങ്ങൾക്കായി മലർക്കെ തുറക്കപ്പെട്ടിരിക്കുന്നുവെന്ന സന്ദേശമാണ് ലോകത്തിനു നൽകിയിരിക്കുന്നത്. പരമ്പരാഗത വികസന കാഴ്ചപ്പാടുകളോടുള്ള വിട ചൊല്ലൽ കൂടിയാണ് ഈ പ്രഖ്യാപനം. നൂതന ആശയങ്ങളെ പ്രത്യുൽപാദന തലത്തിലേക്കു കൊണ്ടുവരാൻ ശേഷിയുള്ള ആർക്കും സ്വാഗതം. അതിനായി ഏതുതരം ആശയ വിനിമയങ്ങൾക്കും വിട്ടുവീഴ്ചകൾക്കും തയാർ. അങ്ങനെ നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഏറ്റവും ശക്തമായ രാജ്യമായി സൗദിയെ മാറ്റുക. ഈ സ്വപ്‌നം യാഥാർഥ്യമാക്കുന്നതിന് 50,000 കോടി ഡോളറിന്റെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക പുരോഗതിക്കൊപ്പം സമയ പരിധിയില്ലാത്ത, വളർന്നുകൊണ്ടിരിക്കുന്ന വികസന കാഴ്ചപ്പാടാണ് നിയോം പദ്ധതിയിലൂടെ വ്യക്തമാവുന്നത്.
88 രാജ്യങ്ങളിൽനിന്നുള്ള 3500 വ്യാപാര പ്രമുഖർ പങ്കെടുത്ത രാജ്യാന്തര വ്യാപാര, സാമ്പത്തിക സമ്മേളനമാണ് ഈ പ്രഖ്യാപനത്തിനായി കിരീടാവകാശി തെരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. സൗദി, ഈജിപ്ത്, ജോർദാൻ രാജ്യാതിർത്തികളെ സംയോജിപ്പിച്ച് 26,500 ചതുരശ്ര കിലോമീറ്ററിൽ യാഥാർഥ്യമാകുന്ന പദ്ധതി മൂന്നു രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ലോകത്തെ ആദ്യ സാമ്പത്തിക മേഖലയെന്ന ഖ്യാതിക്കു കൂടി അർഹമായിരിക്കുകയാണ്. ചെങ്കടലിന്റെയും അഖബ കടലിടുക്കിന്റെയും തീരത്ത് അറബ്, ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ മേഖലകളുടെ സംഗമ കേന്ദ്രം എന്നറിയപ്പെടുന്ന തന്ത്രപധാനമായ സ്ഥലമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്നത് ലോകത്തെ മുഴുവൻ ശ്രദ്ധയും ആകർഷിക്കാൻ കഴിയും. പാരിസ്ഥിതി സൗഹൃദ വികസനം എന്ന കാഴ്ചപ്പാടിന് ഊന്നൽ നൽകി പ്രകൃതി വിഭവ ശേഷിയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പദ്ധതിക്കാവും. സമശീതോഷ്ണ കാലാവസ്ഥയും ഉയർന്ന പർവതങ്ങളും ബദൽ ഊർജ സ്രോതസ്സുകൾക്കാവശ്യമായവിധം കാറ്റും വെളിച്ചവും ലഭിക്കാൻ സഹായകമായ പ്രദേശമെന്നതും പദ്ധതിയുടെ സവിശേഷയാണ്.
സൗദിയുടെ ജനസംഖ്യയിൽ 70 ശതമാനവും യുവജനതയാണ്. ഇവരുടെ കർമ ശേഷി പദ്ധതിക്ക് കരുത്തായി മാറും. ഇതോടൊപ്പം മനുഷ്യ വിഭവ ശേഷിയെ പൂർണമായും ആശ്രയിക്കാതെ യാന്ത്രിക മനുഷ്യരുടെ സഹായത്തോടെ പ്രവർത്തന സജ്ജമാകുന്ന നഗരി എന്ന സവിശേഷത കൂടി നിയോം കൈവരിക്കും. അതിനു സഹായകമായ അത്യാധുനിക സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തും. അങ്ങനെ യാന്ത്രികതയുടെ പരീക്ഷണ ശാലയും സംഗമ കേന്ദ്രവുമായി പദ്ധതി പ്രദേശം മാറും.
പദ്ധതിയുടെ ആദ്യഘട്ടം 2025 ൽ പൂത്തിയാക്കുക എന്ന ലക്ഷ്യത്തോടെ അതിവേഗത്തിലാണ് കാര്യങ്ങൾ നീക്കുന്നത്. പ്രാദേശിക വ്യവസായങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തിയും വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചും അതിനൂതന പദ്ധതികളിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് രാജ്യത്തിന്റെ ആഭ്യന്തരോൽപാദനം വർധിപ്പിച്ചുകൊണ്ട് ലോക സാമ്പത്തിക ശക്തിയായി സൗദിയെ മാറ്റാൻ പദ്ധതിക്കാവും. ഇതിനായി ജീവിതത്തിന്റെ സമഗ്ര മേഖലെയയും സ്പർശിക്കുന്ന ഒൻപത് നിക്ഷേപ മേഖലകൾക്കായിരിക്കും പദ്ധതി പ്രാമുഖ്യം നൽകുക. ബയോടെക്‌നോളജി, ടെക്‌നിക്കൽ ഡിജിറ്റൽ സയൻസ്, അഡ്വാൻസ്ഡ് ഇൻഡസ്ട്രീസ് എന്നീ മേഖലകളിലൂടെ സാങ്കേതിക രംഗത്തെ വളർച്ചക്കൊപ്പം ഊർജം, ജലം, ഗതാഗതം എന്നീ മേഖലകളിലൂടെ അടിസ്ഥാന സൗകര്യ വികസവും പദ്ധതി വിഭാവനം ചെയ്യുന്നു. അതോടൊപ്പം മാധ്യമ രംഗത്തിനും വിനോദത്തിനും ജീവിത രീതികൾക്കുമെല്ലാം പദ്ധതി ഊന്നൽ നൽകുന്നുവെന്നതും പദ്ധതിയുടെ സമഗ്രതയെയാണ് കാണിക്കുന്നത്. എല്ലാ തരത്തിലുമുള്ള നിക്ഷേപ അവസരങ്ങൾക്കും പദ്ധതി വഴി തുറക്കുകയാണ്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പൊതുമേഖലക്കും വേണ്ടത്ര പ്രാധാന്യം പദ്ധതി നൽകുന്നു. ഇതോടൊപ്പം സ്വകാര്യ-പൊതുമേഖലാ സംയുക്ത നിക്ഷേപ സംരംഭങ്ങളും പദ്ധതിയുടെ ഭാഗമാണെന്നത് ഏതു തരം നിക്ഷേപത്തിനുമുള്ള സാധ്യതകളെയാണ് കാണിക്കുന്നത്.
പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലൂടെ സർക്കാരും പ്രാദേശിക നിക്ഷേപത്തിലൂടെ സ്വദേശികളും പദ്ധതിയുടെ ഭാഗമാകുന്നതോടൊപ്പം വിദേശ നിക്ഷേപകരെയും ഇരു കൈയും നീട്ടി സ്വീകരിക്കാനാവും വിധത്തിലാണ് പദ്ധതിയുടെ രൂപകൽപന. ഇതുവഴി സ്വദേശികൾക്കൊപ്പം വിദേശികൾക്കും പുത്തൻ തൊഴിൽ സാധ്യതകൾ തുറക്കപ്പെടും. പരമ്പരാഗത തൊഴിൽ സാധ്യകൾക്കപ്പുറം സാങ്കേതികത്തികവിന് പ്രാമുഖ്യം നൽകിയുള്ള തൊഴിൽ മേഖലകളാവും സൃഷ്ടിക്കപ്പെടുകയെന്നതിനാൽ പ്രവാസത്തിന്റെ നിലവിലെ കാഴ്ചപ്പാടിനും മാറ്റം വരും. സാംസ്‌കാരിക പാരമ്പര്യം കാത്തു സൂക്ഷിച്ചുകൊണ്ടു തന്നെ എല്ലാ അർഥത്തിലും ആധുനികതയിൽ അധിഷ്ഠിതമായ ഒരു രാജ്യമെന്ന കാഴ്ചപ്പാടിനാണ് നിയോം പദ്ധതി വിത്തു പാകിയിട്ടുള്ളത്. അതു യാഥാർഥ്യമാകുമ്പോൾ സൗദി അറേബ്യയോടുള്ള ലോകത്തിന്റെ നിലപാടുകളിൽ കാതലായ മാറ്റമാവും ഉണ്ടാവുക.