തിരുവനന്തപുരം- സോളാർ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിയിൽ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലേക്ക്. സോളാർ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുളള കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വന്ന് ഒരാഴ്ച്ചയായിട്ടും ഇതേവരെ ഇക്കാര്യത്തിൽ ഒരു നീക്കവും നടത്താൻ സർക്കാറിന് സാധിച്ചിട്ടില്ല. സാധാരണഗതിയിൽ 48 മണിക്കൂറിനകം പ്ര്‌ത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകാൻ കഴിയുമെങ്കിലും ഇക്കാര്യത്തിൽ സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്നാണ് വിമർശനം. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ തിരക്ക് പിടിച്ച നടപടികളാണ് സർക്കാർ സ്വീകരിച്ചത് എന്ന വിമർശനത്തിന് ബലം നൽകുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. എന്തെല്ലാം തരത്തിലുള്ള തുടർനടപടികളാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തിൽ സർക്കാറിന്റെ നിയമവൃത്തങ്ങൾ തന്നെ വ്യത്യസ്ത തട്ടിലാണ്. ശ്രദ്ധിച്ച് നീങ്ങിയില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് സർക്കാറിന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. സോളാർ കമ്മിഷൻ റിപ്പോർട്ടിൽ സർക്കാർ സ്വീകരിച്ച നടപടികൾ കോടതിയിൽ നിലനിൽക്കില്ലെന്നാണ് വാദം.
അതിനിടെ, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സോളാർ കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന് നേരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ പോലീസിലെ തന്നെ ഉദ്യോഗസ്ഥർ രംഗത്തെത്തി. സർക്കാർ നടപടിക്കെതിരെ സോളാർ അന്വേഷണത്തിന് നേതൃത്വം നൽകിയ ഡി.ജി.പി എ. ഹേമചന്ദ്രൻ പൊലീസ് മേധാവിക്കും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കും കത്തു നൽകി. ഹേമചന്ദ്രൻ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടും തന്റെ അതൃപ്തി അറിയിച്ചിരുന്നു. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എന്ത് ഭവിഷ്യത്തും നേരിടാൻ തയ്യാറാണെന്നുമാണ് ഹേമചന്ദ്രന്റെ വാദം. മറ്റ് ഉദ്യോഗസ്ഥരെ നടപടിയിൽ നിന്നും ഒഴിവാക്കണമെന്നും ഹേമചന്ദ്രൻ കത്തിൽ ആവശ്യപ്പെടുന്നു. സോളാർ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളിൽ വിയോജിപ്പില്ലെന്നും സോളാർ കമ്മീഷന്റെ നടപടികളിലാണ് അതൃപ്തിയെന്നും ഹേമചന്ദ്രൻ പിന്നീട് വിശദീകരിച്ചെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ സർക്കാർ നടപടി കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ചില പോലീസ് ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരമാണ് സോളാർ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിലെ മുൻ ഉദ്യോഗസ്ഥരെ ബലിയാടാക്കാൻ നീക്കം നടക്കുന്നത് എന്നാണ് ആക്ഷേപം. ഇത് ശരിവെക്കുന്ന തരത്തിലാണ് ഹേമചന്ദ്രന്റെ കത്തും ഉന്നത ഉദ്യോഗസ്ഥരുടെ അതൃപ്തിയും.
സോളാർ റിപ്പോർട്ടിന്റെ പേരിൽ സ്ഥലം മാറ്റിയ എസ്.പിമാരായ റെജി ജേക്കബ്, വി അജിത്, കെ.എസ് സുദർശൻ, ഡിവൈ.എസ്.പി ജെയ്‌സൺ കെ എബ്രഹാം എന്നിവർക്കെതിരെയുള്ള നടപടി പിൻവലിക്കണമെന്നാണ് ഹേമചന്ദ്രന്റെ ആവശ്യം. സോളാർ കേസ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ചുമതല തനിക്കായിരുന്നുവെന്നും താനാണ് മറ്റ് നാല് പേരേയും സംഘത്തിൽ ഉൾപ്പെടുത്തിയതെന്നുമാണ് ഹേമചന്ദ്രൻ കത്തിൽ പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥർ എന്ന നിലയിൽ മാത്രമാണ് അവർ ഇടപെട്ടത്. മറ്റൊരു വീഴ്ചയും അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഹേമചന്ദ്രൻ പറയുന്നു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫീസിൽ പ്രത്യേക ദൂതൻ വഴിയാണ് കത്ത് എത്തിച്ചത്. പോലീസ് മേധാവി സുബ്രതോ ബിശ്വാസ് ലോക്‌നാഥ് ബെഹ്‌റയ്ക്ക് അദ്ദേഹം കത്തു നൽകുകയായിരുന്നു. സർക്കാരിനെതിരെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തു നൽകുമെന്നാണ് വിവരം. സ്ഥലം മാറ്റിയ നടപടി നിലനിൽക്കുന്നതല്ലെന്നും സോളാർ റിപ്പോർട്ടിന്റെ പകർപ്പ് തങ്ങൾക്ക് ലഭിക്കണമെന്നും ഇവർ സർക്കാരിനോട് ആവശ്യപ്പെടും.
സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തുന്നതിനുള്ള പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള സർക്കാർ നീക്കവും എവിടെയുമെത്തിയിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാനും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനുമുള്ള സർക്കാർ നീക്കമാണ് പ്രതിസന്ധിയിലായത്. നിലവിലുള്ള അവസ്ഥയിൽ കേസെടുത്താൽ സർക്കാറിന് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കമ്മീഷനെ നിയോഗിക്കുമ്പോൾ നിശ്ചയിച്ച ടേംസ് ഓഫ് റഫറൻസിൽ പറയാത്ത കാര്യങ്ങളിൽ കൂടി കമ്മീഷൻ അന്വേഷണം നടത്തുകയും നിഗമനങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ കോടതിയിൽ എത്തിയാൽ സർക്കാറിന് പിടിച്ചുനിൽക്കാനാകില്ലെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിക്ക് ലഭിച്ച നിയമോപദേശവും സമാനമാണ്. സർക്കാർ നടപടിയെ നിയമവഴിയിൽ നേരിടാൻ തന്നെയാണ് കോൺഗ്രസ് നീക്കം. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരുടെ സേവനം ഉമ്മൻ ചാണ്ടി ഉറപ്പുവരുത്തിയിട്ടുണ്ട്.
അതിനിടെ, സോളാർ കമ്മീഷൻ റിപ്പോർട്ട് നൽകില്ലെന്ന സർക്കാർ നിലപാടിനെതിരെയും വിമർശനമുയർന്നു. നിയമസഭയുടെ മേശപ്പുറത്ത് വെക്കാതെ സോളാർ കമ്മീഷൻ റിപ്പോർട്ട് പൊതുരേഖയാകില്ലെന്നാണ് സർക്കാർ നിലപാട്. നിയമമന്ത്രി എ.കെ ബാലൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. വിവരാവകാശ നിയമപ്രകാരം സോളാർ കമ്മീഷൻ റിപ്പോർട്ട് ഉമ്മൻ ചാണ്ടി തേടിയെങ്കിലും നൽകില്ലെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു സംസ്ഥാന സർക്കാർ. ഇതേതുടർന്ന് ഉമ്മൻ ചാണ്ടി സോളാർ കമ്മീഷൻ റിപ്പോർട്ടും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നിയമോപദേശത്തിന്റെ പകർപ്പും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിലും മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട് ഉമ്മൻ ചാണ്ടിയെ കൂടുതൽ നാറ്റിക്കാനാണോ കോൺഗ്രസ് നേതാക്കളുടെ നീക്കമെന്നാണ് കോടിയേരി ബാലകൃഷ്ണൻ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. എന്നാൽ, കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ അടക്കമുള്ള നേതാക്കളെല്ലാം റിപ്പോർട്ട് പുറത്തുവിടണമെന്ന നിലപാട് ആ്‌വർത്തിച്ചു. കേസിൽ ആരോപണ വിധേയരായവർക്ക് റിപ്പോർട്ട് നൽകാതെ കാടടച്ച് വെടിവെക്കുകയാണ് സർക്കാർ എന്നാണ് ഹസന്റെ വാദം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ നേതാക്കളും സർക്കാർ നിലപാടിനെതിരെ വിമർശനമുന്നയിച്ചു. വേങ്ങര തെരഞ്ഞെടുപ്പിൽ ആശയകുഴപ്പമുണ്ടാക്കാൻ വേണ്ടി മാത്രമാണ് സോളാർ വിഷയം പുറത്തിട്ടത് എന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം.