ബംഗളൂരു- ബംഗളൂരു സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി. ബംഗളൂരു സിറ്റി സിവിൽ കോടതിയുടെതാണ് വിധി. വ്യവസായി എം.കെ കുരുവിള നൽകിയ കേസിലാണ് കോടതിയുടെ സുപ്രധാന വിധി. കേസിൽ അഞ്ചാം പ്രതിയായിരുന്നു ഉമ്മൻ ചാണ്ടി. സോളാർ കേസിൽനിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി നൽകിയ ഇടക്കാല ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 400 കോടി രൂപയുടെ സോളാർ പദ്ധതിയിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
400 കോടി രൂപയുടെ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി കൊച്ചിയിലെ സ്‌കോസ എജ്യുക്കേഷണൽ കൺസൾട്ടൻസി 1.35 കോടി വാങ്ങി വഞ്ചിച്ചെന്ന് കുരുവിള ആരോപിച്ചിരുന്നു. എന്നാൽ കുരുവിള ഉന്നയിച്ചിരിക്കുന്ന പരാതിയിൽ താൻ നേരിട്ട് കൈക്കൂലി വാങ്ങിയതായി ആരോപണം ഉയർന്നിട്ടില്ലെന്നും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി ഇടക്കാല ഹരജി നൽകിയത്.
നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പിഴ അടക്കണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാൽ കേസിൽ തന്റെ ഭാഗം കേൾക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്നും തന്റെ വാദം കൂടി കേൾക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.