തിരുവനന്തപുരം- കേരളത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുകയും തെരഞ്ഞെടുപ്പു പരാജയത്തിന് മുഖ്യകാരണമാകുകയും ചെയ്ത സോളാര്‍ അഴിമതിക്കേസ് അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ ഇന്നു മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചേക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നാളെ തീരാനിരിക്കെ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ജസ്റ്റിസ് ശിവരാജന്‍ സമയം ചോദിച്ചിട്ടുണ്ട്. 2013 ഓഗസ്റ്റ് 16-നാണ് സോളാര്‍ അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആറു മാസത്തേക്കാണ് കമ്മിഷനെ ആദ്യം നിയോഗിച്ചതെങ്കിലും പലതവണ കാലാവധി നീട്ടി വാങ്ങിയ കമ്മീഷന്‍ അന്വേഷണം നാലു വര്‍ഷം പിന്നിട്ടിരിക്കുകയാണിപ്പോള്‍. അപൂര്‍വതകള്‍ ഏറെയുണ്ട് ഈ അന്വേഷണ കമ്മീഷന്. രാജ്യത്ത് ആദ്യമായി ഒരു മുഖ്യമന്ത്രിയെ തുടര്‍ച്ചയായി 15 മണിക്കൂര്‍ ചോദ്യം ചെയ്തത് ഈ അന്വേഷണ കമ്മീഷനായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദവി ഒഴിഞ്ഞതിനു ശേഷം ആറു തവണ കൂടി മൊഴി നല്‍കാനായി കമ്മീഷന്‍ മുമ്പാകെ ഹാജരായിട്ടുണ്ട്.കേസിലെ മുഖ്യ ശ്രദ്ധാ കേന്ദ്രമായ സരിത എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും കേരളത്തില്‍ ആദ്യ സംഭവമായിരുന്നു. ഹാജരാകാനുള്ള ആവശ്യം പല തവണ നിരസരിച്ചതോടെയായിരുന്നു ഇത്.
ആയിരക്കണക്കിന് പേജുകള്‍ വരുന്ന സാക്ഷിമൊഴികള്‍ പഠിച്ച് നിഗമനത്തിലെത്താനാണ് പലതവണ കമ്മീഷന്‍ കാലാവധി നീട്ടി വാങ്ങിയത്. നാലു വര്‍ഷത്തിനിടെ 353 സിറ്റിങുകള്‍ നടത്തി. 214 സാക്ഷികളെ വിസ്തരിച്ചു. ഇവരുടെ മൊഴികള്‍ 8,464 പേജുകള്‍ വരും. 7998 പേജുകളിലായി 972 രേഖകളും കമ്മിഷന്‍ തയാറാക്കിയിട്ടുണ്ട്.