ന്യൂഡൽഹി - ലോകസഭയിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ മതിയായ ചർച്ചകൾ പോലുമില്ലാതെ കാര്യങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് രാജ്യസഭയിലും ഭൂരിപക്ഷത്തിന് വേണ്ടത് വെറും ഒരു കൈയിലെ വിരലുകളിൽ താഴെ സീറ്റ് മാത്രം. വഴങ്ങാത്തവരെ കൂടെ നിർത്താൻ പണം എറിഞ്ഞും ഇ.ഡിയെ അയച്ചും ഭീഷണിപ്പെടുത്തിയും കാര്യങ്ങൾ നടത്തുന്നവർക്ക് ഈ കൈവിരലിലെ എണ്ണം ഒരു അക്കമേയല്ലെന്നു ചുരുക്കം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റുകൾ സ്വന്തമാക്കിയതോടെ എൻ.ഡി.എക്ക് പാർലമെന്റിന്റെ ഉപരിസഭയിൽ ഭൂരിപക്ഷം നേടാൻ ഇനി വേണ്ടത് വെറും നാലേ നാലുസീറ്റുകൾ മാത്രം. 56 രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിൽ എതിരാളികൾ ഇല്ലാതെയും പത്ത് സീറ്റിൽ മത്സരത്തിലൂടെയുമാണ് ബി.ജെ.പി ജയിച്ചുകയറിയത്. യു.പിയിലും ഹിമാചൽ പ്രദേശിലും കൂറുമാറ്റത്തിലൂടെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായത് പ്രതിപക്ഷത്തിന് വൻ തിരിച്ചടിയായി.
പ്രത്യേകിച്ച്, യു.പിയിൽ എസ്.പിയുടെയും ഹിമാചലിൽ കോൺഗ്രസിന്റെയും ഓരോ സ്ഥാനാർത്ഥികളുടെ സുനിശ്ചിത വിജയമാണ് ബി.ജെ.പി തട്ടിത്തെറിപ്പിച്ചത്. ഇതോടെ ബി.ജെ.പിക്ക് രാജ്യസഭയിൽ 97 അംഗങ്ങളും എൻ.ഡി.എിക്ക് 117 അംഗങ്ങളുമായി. പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നതോടെ നിലവിൽവരുന്ന 240 അംഗ രാജ്യസഭയിൽ ഭൂരിപക്ഷത്തിന് 121 സീറ്റുകളാണ് ആവശ്യം. അതായത് ഇനി നാലു സീറ്റുകൾ കൂടി കൈപ്പിടിയിലൊതുക്കിയാൽ രാജ്യസഭയിലും ബി.ജെ.പിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.
ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ 15 രാജ്യസഭ സീറ്റുകളിൽ പത്ത് സീറ്റിൽ ബി.ജെ.പിയും മൂന്നിൽ കോൺഗ്രസും രണ്ടിൽ സമാജ് വാദി പാർട്ടിയുമാണ് വിജയിച്ചത്. 41 സ്ഥാനാർത്ഥികൾ അതിന് തൊട്ടു മുമ്പിലെ ആഴ്ച എതിരില്ലാതെയും തെരഞ്ഞടുക്കപ്പെടുകയുണ്ടായി. ഏപ്രിൽ മൂന്നിന് 50 രാജ്യസഭാംഗങ്ങളും ഏപ്രിൽ രണ്ടിന് ആറ് അംഗങ്ങളും കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി -97, കോൺഗ്രസ് -29, തൃണമൂൽ കോൺഗ്രസ് -13, ഡി.എം.കെ -10, എ.എ.പി -10, ബി.ജെ.ഡി -9, വൈ.എസ്.ആർ കോൺഗ്രസ് -9, ബി.ആർ.എസ് -7, ആർ.ജെ.ഡി -6, സി.പി.എം -5, എ.ഐ.എ.ഡി.എം.കെ -4, ജെ.ഡി.യു -4 എന്നിങ്ങനെയാണ് നിലവിൽ രാജ്യസഭയിലെ ഒരോ കക്ഷികളുടെയും സീറ്റു നില.
ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബി.ജെ.പി മൂന്നാമൂഴത്തിനായി കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോൾ മോഡി സർക്കാറിനെ താഴെ ഇറക്കാനാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്ത്യാ മുന്നണിയുമായി കരുക്കൾ നീക്കുന്നത്. പരമാവധി പ്രതിപക്ഷ പാർട്ടികളെ യോജിപ്പിച്ചുനിർത്തി ശക്തമായൊരു തിരിച്ചുവരവിനാണ് കോൺഗ്രസും ഇന്ത്യാ മുന്നണിയും ശ്രമിക്കുന്നത്. എന്നാൽ, വിവിധ സമ്മർദ്ദ തന്ത്രങ്ങളിലൂടെ അധികാരം നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്ര-കുതന്ത്രങ്ങളിലൂടെയും മോഡിയും പരിവാരങ്ങളും മുന്നോട്ടു പോകുന്നത്.