മുംബൈ - പ്രശസ്ത ബോളിവുഡ് തെന്നിന്ത്യൻ നടി തപ്‌സി പന്നു വിവാഹിതയാകുന്നു. ബാഡ്മിന്റൺ പരിശീലകൻ മത്യാസ് ബോയെ ആണ് വരൻ. അടുത്തമാസം അവസാനം രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാകും വിവാഹം.
പത്തു വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ബോളിവുഡിലെ ആദ്യ സിനിമ ചാഷ്‌മേ ബദ്ദൂർ ചെയ്യുന്ന വർഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് തപ്‌സി പറഞ്ഞിരുന്നു.
ഡെൻമാർക്കിൽ നിന്നുള്ള അറിയപ്പെടുന്ന ബാഡ്മിന്റൺ കളിക്കാരനാണ് മത്തിയാസ്. ഫ്രഞ്ച് ഓപ്പൺസ്, സമ്മർ ഒളിമ്പിക്‌സ്, യൂറോപ്യൻ ഗെയിംസ് തുടങ്ങി നിരവധി നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ദേശീയ ബാഡ്മിന്റൺ പുരുഷ ടീമിന്റെ (ഡബിൾസ്) പരിശീലകനായ മത്യാസ് 2020-ൽ തന്റെ 39-ാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
സിഖ്-ക്രിസ്ത്യൻ ആചാരപ്രകാരമായിരിക്കും വിവാഹം. വിവാഹം ലളിതമായിരിക്കും. തപ്‌സിയുടെയും മത്യാസിന്റെയും കുടുംബാംഗങ്ങൾ മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുകയെന്നാണ് റിപോർട്ടുകൾ.
അടുത്തിടെ തന്റെ പ്രണയബന്ധത്തെക്കുറിച്ച് തപ്‌സി തുറന്നുപറഞ്ഞിരുന്നു. ആർക്കുവേണ്ടിയും ആ ബന്ധം ഉപേക്ഷിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.