ഹൈദരാബാദ് - ടി.വി അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ. ബി.ആർ
തൃഷ എന്ന യുവസംരഭകയാണ് അറസ്റ്റിലായത്.
തെലുങ്ക് ടി.വി ചാനലിലെ അവതാരകനായ പ്രണവിനെയാണ് യുവതി തട്ടിക്കൊണ്ടുപോയി ഗുണ്ടകളുടെ സഹായത്തോടെ വിവാഹത്തിന് നിർബന്ധിച്ചത്. എന്നാൽ, യുവതിയുടെ ആവശ്യത്തിന് വഴങ്ങാതെ രക്ഷപ്പെട്ട യുവ അവതാരകൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയെ പോലീസ് പിടികൂടിയത്. ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയുടെയും അഞ്ച് സ്റ്റാർട്ടപ്പ് കമ്പനികളുടെയും ഉടമയാണ് യുവതി. ഫെബ്രുവരി പത്തിന് ഉപ്പൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വച്ചാണ് യുവാവിനെ ഗുണ്ടകളുടെ സഹായത്തോടെ യുവതി തട്ടിക്കൊണ്ടുപോയത്. രണ്ടുവർഷം മുമ്പ് ഒരു മാട്രിമോണിയൽ സൈറ്റിൽ പ്രണവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നു. ആരോ വ്യാജ ഐഡി ഉണ്ടാക്കിയതാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയിച്ചു. തുടർന്ന് വ്യാജ ഐ.ഡി ഉണ്ടാക്കിയതിന് പ്രണവ് പോലീസിൽ പരാതിയും നൽകി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇതിന് പിന്നാലെ പ്രണവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവതി യുവാവിനെ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചു. താൽപ്പര്യമില്ലെന്നറിയിച്ചിട്ടും യുവതി പ്രണവിനെ ശല്യപ്പെടുത്തുന്നത് തുടർന്നു. പ്രണവിനെ നിരീക്ഷിക്കാനായി ഇയാളുടെ കാറിൽ യുവതി ജി.പി.എസും ഘടിപ്പിച്ചു. അവസാനം ഫെബ്രുവരി പത്തിന് പതിവുപോലെ അവതാരകൻ ജോലി കഴിഞ്ഞു മടങ്ങവെ പ്രണവിനെ യുവതിയും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. യുവതിയെ സഹായിച്ച് ഒളിവിൽ പോയ മറ്റു പ്രതികൾക്കായുള്ള അന്വേഷണത്തിലാണെന്ന് മലർകാഗിജിരിയുടെ എ.സി.പി പുരുഷോത്തം റെഡ്ഡി പറഞ്ഞു.
അതിനിടെ, ടി.വി അവതാരകൻ പ്രണവിന്റെ ഫോട്ടോ പതിച്ച ചൈതന്യ റെഡ്ഡി എന്ന യുവാവ് തൃഷയുമായി മാട്രിമോണിയൽ സൈറ്റിൽ ചാറ്റ് ചെയ്യുന്നതായി കണ്ടെത്തിയതായും കേസിൽ ട്വിസ്റ്റുണ്ട്. ടി.വി അവതാരകനായ യുവാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്നും യുവതിയെ അറസ്റ്റ് ചെയ്ത് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പ്രതികരിച്ചു.