ന്യൂയോര്‍ക്ക്- യുഎസ് ടെക്നോളജി ഭീമന് ആപ്ളിനു പിന്നാലെ ആമസോണ്‍ ഡോട്ട് കോമും ലക്ഷം കോടി വിപണി മൂല്യമുള്ള കമ്പനിയായി. 15 മാസങ്ങള്‍ക്കിടെ ഓഹരി വില ഇരട്ടിയായതോടെയാണ് ആമസോണ്‍ ഈ നേട്ടം കൈവരിച്ചത്. ഇത്രയും വിപണി മൂല്യമുള്ള രണ്ടു കമ്പനികള്‍ ആപ്പ്ളും ആമസോണും മാത്രമാണ്. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഭീമനായ ആമസോണിന്റെ ഓഹരി വില ഇതേ തോതില്‍ ഉയരുകയാണെങ്കില്‍ വിപണി മൂല്യത്തില്‍ ആപ്ളിനേയും കവച്ചുവയ്ക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ആപ്ളിന്റെ പിപണി മൂല്യം ലക്ഷം കോടി കടന്നത്. 38 വര്‍ഷമെടുത്താണ് ആപ്ള്‍ ഈ നേട്ടം കൈവരിച്ചതെങ്കില്‍ ആമസോണിന് 21 വര്‍ഷമെ വേണ്ടി വന്നുള്ളൂ. വിവിധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വഴി ആപ്ളിന്റെ ലാഭത്തില്‍ വര്‍ധനയുണ്ടെങ്കിലും ആമസോണിന്റെ വളര്‍ച്ച ആപ്ളിനേയും മറികടക്കുന്നതാണ്.
റീട്ടെയ്ല്‍ മേഖലയില്‍ എല്ലായിടത്തും കൈവച്ച ആമസോണ്‍ തങ്ങളുടെ കച്ചവട തന്ത്രങ്ങളില്‍ വൈവിധ്യവല്‍ക്കരണം വിജയകരമായി നടപ്പാക്കി നിക്ഷേപകരെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ വാങ്ങല്‍ രീതിയെ അടിമുടി മാറ്റമറിച്ച ആമസോണ്‍ സാന്നിധ്യമുറപ്പിച്ച വിപണികളിലെല്ലാം പരമ്പരാഗത റീട്ടെയ്ല്‍ വ്യവസായ രംഗം സമ്മര്‍ദ്ദത്തിലാണ്. ഓണ്‍ലൈന്‍ ചില്ലറ വ്യാപാരത്തിനു പുറമെ നെറ്റ്ഫ്ളിക്സിനും യുട്യൂബിനും എതിരാളിയായ ആമസോണ്‍ പ്രൈം എന്ന പേരില്‍ വിഡിയോ സ്്ട്രീമിങ് സേവനവും ആരംഭിച്ചിട്ടുണ്ട്. ക്ലൗഡ് കമ്പ്യൂട്ടിങ് സേവനത്തിലൂടെയും വിവിധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെയും ആമസോണ്‍ ലാഭം കൊയ്യുന്നു.
1994ല്‍ ജെഫ് ബെസോസ് തന്റെ ഗാരേജില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പുസ്തക വില്‍പ്പനയാണ് ആമസോണ്‍. 1997ല്‍ ഓഹരി ഒന്നിന് 1.50 ഡോളര്‍ നിരക്കില്‍ ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങിയ കമ്പനിയുടെ ഒരു ഓഹരിക്ക് 2009 ആയപ്പോഴേക്കും 100 ഡോളറിലെത്തി. 2017 മേയിലാണ് ആദ്യമായി 1000 ഡോളറിലെത്തിയത്. 10 മാസത്തിനു ശേഷം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് 2000 ഡോളറിലെത്തി.