ജനസേവനത്തിൽ സായൂജ്യം കണ്ടെത്തുന്ന പൊതുപ്രവർത്തകനാണ് കഴിഞ്ഞ പത്തു വർഷത്തോളമായി ഖത്തർ പ്രവാസിയായ സിദ്ദീഖ് ചെറുവല്ലൂർ. പ്രവാസി സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സമയവും അധ്വാനവും ചെലവഴിക്കുന്ന സിദ്ദീഖ് പലപ്പോഴും സ്വന്തം കാര്യങ്ങൾ പോലും വിസ്മരിച്ചാണ് പൊതുപ്രവർത്തന രംഗത്തും സേവന മേഖലയിലും സജീവമാകുന്നത്.
സിദ്ദീഖിന് സേവനമെന്നത് ജീവവായു പോലെ പ്രധാനമാണ്, ഒരു ദിവസം എന്തെങ്കിലും സേവന പ്രവർത്തനം ചെയ്തില്ലെങ്കിൽ മനസ്സ് അസ്വസ്ഥമാകും. വ്യക്തിപരമായി തൊഴിൽ രംഗത്ത് പല പ്രതിസന്ധികളും അഭിമുഖീകരിക്കുമ്പോഴും മറ്റുള്ളവരുടെ സേവനത്തിനായി ഓടിനടക്കുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണ്.
തന്റെ പ്രവർത്തന ഫലമായി ഒരാൾക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമ്പോഴാണ് സിദ്ദീഖ് ഏറ്റവുമധികം സന്തോഷിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങളനുഭവിക്കുന്ന സഹോദരങ്ങൾക്ക് ലഭ്യമാകുന്ന ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും പരിചയപ്പെടുത്തുകയും അവയുടെ ഗുണഭോക്താക്കളാക്കി മാറ്റുന്നതുമാണ് സിദ്ദീഖ് ചെയ്യുന്ന പ്രധാന ദൗത്യം.
ലേബർ ക്യാമ്പുകളിലും തൊഴിലാളികൾ ഒത്തുകൂടുന്ന ഇടങ്ങളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചും നിരന്തരമായി തൊഴിലാളികളുമായി ബന്ധപ്പെട്ടുമാണ് സിദ്ദീഖ് തന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്. ചെറുതും വലുതുമായ നൂറുകണക്കിന് ബോധവൽക്കരണ പരിപാടികളിലൂടെ ആയിരങ്ങളെയാണ് നോർക്കയുടെ ക്ഷേമനിധി, പ്രവാസി പെൻഷൻ പദ്ധതി തുടങ്ങിയവയിൽ ചേർത്തത്.
ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം ഭീമ ഇൻഷുറൻസുമായി സഹകരിച്ച് നടപ്പാക്കിയ ഇൻഷുറൻസ് പദ്ധതിയിലും ആയിരത്തി അറുന്നൂറോളം പേരെ അംഗങ്ങളാക്കാൻ സിദ്ദീഖിന് സാധിച്ചിട്ടുണ്ട്. രണ്ട് വർഷത്തേക്ക് കേവലം 125 റിയാൽ പ്രീമിയം അടച്ച് അംഗങ്ങളാകുന്നവർക്ക് ജീവഹാനി സംഭവിച്ചാൽ ഒരു ലക്ഷം റിയാലും അപകടം സംഭവിച്ചാൽ അമ്പതിനായിരം റിയാൽ വരേയും ആനൂകൂല്യം ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയാണിത്. കുടുംബത്തിന്റെ അത്താണിയാകുന്ന പ്രവാസിക്ക് എന്തെങ്കിലും അപായം സംഭവിച്ചാൽ വഴിയാധാരമാവാതെ കുടുംബത്തെ പരിരക്ഷിക്കാനാകുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കുറഞ്ഞ പ്രീമിയത്തിന് ഇത്രയും മികച്ച പരിരക്ഷ ലഭിക്കുമെന്ന കാര്യം തൊഴിലാളികളെ നേരിൽ കണ്ട് ബോധ്യപ്പെടുത്തുകയും സ്‌കീമിൽ ചേരാൻ പ്രോൽസാഹിപ്പിക്കുകയും മാത്രമല്ല, ഈ പ്രീമിയം പോലും അടയ്ക്കാൻ കഴിയാത്ത പാവപ്പെട്ട തൊഴിലാളികളുടെ പ്രീമിയം സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയും സേവനത്തിന്റെ പുതിയ മുഖമാണ് സിദ്ദീഖ് പരിചയപ്പെടുത്തുന്നത്. നാമൊക്കെ മനസ്സ് വെച്ചാൽ കുറെ കുടുംബങ്ങളുടെ ആവലാതികളും വേവലാതികളും പരിഹരിക്കാനാകും. അതിന് വലിയ പണച്ചെലവൊന്നുമില്ല. സഹായിക്കാനുള്ള മനസ്സും സേവന സന്നദ്ധതയും മാത്രം മതി. ആ ദൗത്യമാണ് താൻ നിർവഹിക്കുവാൻ ശ്രമിക്കുന്നത് -സിദ്ദീഖ് അഭിമാനത്തോടെ പറയുന്നു.
പ്രവാസി തൊഴിലാളികളുടെ ജീവിതം പലപ്പോഴും യാന്ത്രികമാണ്. ജോലിയും താമസവുമൊക്കെ തികച്ചും യാന്ത്രികമായി മുന്നേറുമ്പോൾ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാൻ സാധിക്കാത്ത നിസ്സഹായരാണ് മിക്ക പ്രവാസികളും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചോ സാധ്യമായ മറ്റു സുരക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ചോ മഹാഭൂരിഭാഗം പേർക്കും അറിയില്ല. പ്രവാസ ലോകത്ത് നിരവധി സാമൂഹ്യ സാംസ്‌കാരിക സേവന സംഘടനകളും കൂട്ടായ്മകളുമുണ്ടെങ്കിലും വളരെ ചെറിയൊരു ശതമാനം മാത്രമേ ഇത്തരം കൂട്ടായ്മകളുടെ ഭാഗമാകുന്നുള്ളൂ. ബാക്കി വരുന്ന മഹാഭൂരിഭാഗം പ്രവാസി തൊഴിലാളികളും തൊഴിലിടങ്ങളിലും ക്യാമ്പുകളിലും കഴിയുകയാണ്. അവരിലേക്ക് കടന്നു ചെല്ലുകയും ജീവിതത്തിന് വെളിച്ചവും സുരക്ഷയുമൊരുക്കുന്ന വിവിധ തരം പദ്ധതികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നിരവധി കുടുംബങ്ങളെ സഹായിക്കാനാകും.
2002 ൽ ആണ് സിദ്ദീഖ് പ്രവാസം ആരംഭിച്ചത്. പന്ത്രണ്ട് വർഷത്തോളം യു.എ.ഇയിലായിരുന്നു. അവിടെയും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിലാണ് സിദ്ദീഖ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സമൂഹത്തിലെ താഴേക്കിടയിലുള്ള പ്രവാസികളുടെ ക്ഷേമത്തിനാണ് മുന്തിയ പരിഗണന നൽകേണ്ടതെന്നും പലപ്പോഴും അവഗണിക്കപ്പെടുന്നവരാണ് ഈ വിഭാഗമെന്നും സിദ്ദീഖ് പറയുന്നു.
തൊഴിലാളികളെ ബോധവൽക്കരിക്കുവാനും സഹായിക്കാനും ലഭിക്കുന്ന ഒരവസരവും സിദ്ദീഖ് പാഴാക്കാറില്ല. വിവിധ സംഘടനകളുടെ മേൽനോട്ടത്തിൽ നടക്കുന്ന നോമ്പുതുറ പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ മുതലായവയൊക്കെ ബോധവൽക്കരണത്തിന്റെ സന്ദർഭങ്ങളാക്കി മാറ്റും. ഇത്തരം വേദികളിൽ ഹെൽപ് ഡെസ്‌ക് സ്ഥാപിച്ചും വാട്സ് ആപ് നമ്പറുകൾ ശേഖരിച്ച് ഗ്രൂപ്പുകളാക്കി ബോധവൽക്കരണ സന്ദേശങ്ങൾ കൈമാറിയുമൊക്കെ സിദ്ദീഖ് അവസരം പ്രയോജനപ്പെടുത്തും.
സിദ്ദീഖിന്റെ വാട്സ് ആപ്പിൽ നിത്യവും വരുന്ന മെസേജുകളധികവും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ടതാണെന്നത് സ്വാഭാവികം മാത്രം. എല്ലാവരേയും ആശ്വസിപ്പിച്ചും സാധ്യമാകുന്ന പരിഹാര നടപടികൾ നിർദേശിച്ചും സേവനത്തിന്റെ മഹിത മാതൃകയാണ് സിദ്ദീഖ് സമ്മാനിക്കുന്നത്. തൊഴിലാളികളിലേക്കെത്തി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവർക്ക് അർഹമായ ആനുകൂല്യങ്ങൾ നേടിക്കൊടുക്കുവാൻ സാധിക്കുകയും ചെയ്യുക എന്നത് ചെറിയ കാര്യമല്ല.
കേന്ദ്ര - കേരള സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളിൽ അംഗങ്ങളാവാൻ സഹായ സഹകരണങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഓർഗനൈസേഷന്റെ പ്രസിഡന്റാണ് സിദ്ദീഖ്. പ്രവാസികൾക്കായി നൂറ് കണക്കിന് സംഘടനകളുണ്ടെങ്കിലും ക്ഷേമപദ്ധതികളെ പരിചയപ്പെടുത്താനും പ്രയോജനപ്പെടുത്താനും മാത്രമായൊരു കൂട്ടായ്മ എന്ന നിലക്ക് പ്രവാസി മലയാളി ഓർഗനൈസേഷന്റെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണ്. ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലൂടെ ധാരാളം പേരെ വിവിധ ക്ഷേമപദ്ധതികളിൽ അംഗങ്ങളാക്കാനും ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനും സാധിച്ചിട്ടുണ്ടെന്ന് സിദ്ദീഖ് പറഞ്ഞു.
കൊറോണ രൂക്ഷമായ ഘട്ടത്തിൽ ക്വാറന്റൈനിൽ ഉള്ളവരെ ബന്ധപ്പെട്ട് മാനസിക പിന്തുണ നൽകുക, അവരുടെ കുടുംബങ്ങളെ നാട്ടിൽ വിളിച്ചു ആശ്വാസം പകരുക, വിവിധ സംഘടനകളുടേയും നോർക്ക ഹെൽപ് ഡസ്‌കിന്റേയും സഹകരണത്തോടെ റൂമുകളിൽ ഭക്ഷണ കിറ്റ് എത്തിക്കുക തുടങ്ങി വിവിധ സേവനങ്ങളിൽ സിദ്ദീഖ് സജീവമായിരുന്നു. പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ.എം. സുധീർ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് മുൻ ആക്ടിംഗ് പ്രസിഡന്റ് വിനോദ് വി. നായർ, ലോക കേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ജൂട്ടാസ് പോൾ തുടങ്ങിയവരൊക്കെ സിദ്ദീഖിന്റെ പ്രവർത്തനങ്ങളെ പ്രചോദിപ്പിച്ചവരാണ്. ഐ.സി.ബി.എഫും ഇൻകാസും സിദ്ദീഖിന്റെ സേവനങ്ങൾ പരിഗണിച്ച് മെമന്റോ നൽകി ആദരിച്ചിട്ടുണ്ട്.
കലയും സംഗീതവും ആസ്വദിക്കുന്ന സിദ്ദീഖ്, നാദം ദോഹ, മാപ്പിള കലാ അക്കാദമി തുടങ്ങിയവയുടെ വേദികളിൽ പാടിയും തന്റെ സാന്നിധ്യം അടയാളപ്പെടുത്താറുണ്ട്. ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഖത്തർ നൂറുൽ ഇസ്‌ലാം കമ്മിറ്റി വൈസ് പ്രസിഡന്റ്, ചങ്ങരംകുളം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ്, നാദം ദോഹ കോർഡിനേറ്റർ, ചെയർമാൻ, കേരള മാപ്പിള കലാ അക്കാദമി ചങ്ങരംകുളം മേഖല തുടങ്ങി വിവിധ കൂട്ടായ്മകളുടെ ഭാഗമായ സിദ്ദീഖ് പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിലാണ് കൂടുതൽ ശ്രദ്ധേയനാകുന്നത്.
ബുഷ്റയാണ് ഭാര്യ. തന്റെ സേവന പ്രവർത്തനങ്ങളെ അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന സഹധർമിണിയാണ് പ്രവർത്തനത്തിലെ ഏറ്റവും വലിയ കരുത്ത്. ഷഹബാസ്, ഷഹ്‌സാദ്, മുഹമ്മദ് റസൽ എന്നിവർ മക്കളാണ്.