Sorry, you need to enable JavaScript to visit this website.

കെണിയില്‍ വീഴ്ത്തുന്ന തട്ടിപ്പുകള്‍ തടയാന്‍ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

ഓണ്‍ലൈനിലെ ഫിഷിംഗ് തട്ടിപ്പുകള്‍ കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ്  പണവും വ്യക്തിഗത ഡാറ്റയും നഷ്ടപ്പെടുന്നത്. ദിവസേന ഗണ്യമായി വര്‍ധിക്കുന്ന തട്ടിപ്പുകള്‍ വാട്‌സ്ആപ്പ് പോലുള്ള ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലും വ്യാപകമാണ്.വാട്‌സ്ആപ്പില്‍ ഉപയോക്താക്കളെ സംരക്ഷിക്കുമെന്ന് അവകാശപ്പെട്ട് പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കയാണ് മാതൃസ്ഥാപനമായ മെറ്റ. ആരുടേയും ഫോണ്‍ നമ്പര്‍ കിട്ടിയാല്‍  വാട്‌സ്ആപ്പിലേക്ക് മെസേജ് അയക്കാന്‍ സാധിക്കുമെന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് അനാവശ്യ കോണ്‍ടാക്ടുകള്‍ പെട്ടെന്ന് തന്നെ തിരിച്ചറിയാനും തടായനും
അനുവദിക്കുന്ന ഫീച്ചര്‍ വളരെയേറെ പ്രയോജനപ്രദമാണ്.   
ലോക്ക് സ്‌ക്രീനില്‍ നിന്ന് തന്നെ അജ്ഞാത നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ സംവിധാനം.  സന്ദേശം തുറക്കാതെ തന്നെ കോണ്‍ടാക്റ്റ് ബ്ലോക്ക് ചെയ്യാന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഉപയോക്താക്കളോട് ലിങ്കില്‍ ക്ലിക്കുചെയ്യാന്‍ ആവശ്യപ്പെടുക, വ്യക്തിഗത വിവരങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുക, ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ ആവശ്യപ്പെടുക തുടങ്ങിയ വഴികളിലൂടെ സൈബര്‍ ഹാക്കര്‍മാര്‍ നടത്തുന്ന ഫിഷിംഗ് ശ്രമം എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചും വാട്‌സ്ആപ്പ് ഉപയോക്താക്കളെ ബോധവത്കരിക്കുന്നുണ്ട്.
ഫിഷിംഗ്, സ്മിഷിംഗ് ശ്രമങ്ങള്‍ നിലവില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സൈബര്‍ കുറ്റവാളികള്‍ വളരെ പ്രാധാന്യമുള്ളതായി തോന്നുന്ന സന്ദേശങ്ങള്‍ അയക്കുകയും അവയില്‍ ക്ലിക്ക് ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചില സന്ദര്‍ഭങ്ങളില്‍ വ്യക്തിപരമായ വിവരങങളും ബാങ്കിംഗ് വിശദാംശങ്ങളും പങ്കിടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 278 കോടിയിലധികം ആളുകള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സൈബര്‍ ഹാക്കര്‍മാര്‍ക്കും കുറ്റവാളികള്‍ക്കും കൂടുതല്‍ ആളുകളെ ടാര്‍ഗെറ്റ് ചെയ്യുക  എളുപ്പമാണ്. ഈ അപകടങ്ങള്‍ തടയാനാണ് അജ്ഞാത നമ്പറുകള്‍ ബ്ലോക്ക് ചെയ്യാനും  പ്രത്യേക നമ്പര്‍ റിപ്പോര്‍ട്ടുചെയ്യാനുമുള്ള ഫീച്ചറുകള്‍ വാട്‌സ്ആപ്പ് പ്രോത്സാഹിപ്പിക്കുന്നത്.
ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്ന നമ്പറുകള്‍ പരിശോധിച്ച്  പ്ലാറ്റ്‌ഫോമില്‍ നിന്ന് അക്കൗണ്ട് ശാശ്വതമായി ഇല്ലാതാക്കാന്‍ വാട്‌സ്ആപ്പിന് കഴിയും.
അജ്ഞാത നമ്പറില്‍ നിന്നുള്ള സന്ദേശമാണെങ്കില്‍ആപ്പ് തുറക്കാതെ തന്നെ  തടയാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് പുതിയ പതിപ്പിലുള്ളത്. ഇതുവരെ ഇത് മൂന്ന്ഘട്ട പ്രക്രിയയായിരുന്നു. ഇപ്പോള്‍ ലോക്ക് സ്‌ക്രീനില്‍ തന്നെ വാട്‌സ്ആപ്പ് രണ്ട് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.  മറുപടി നല്‍കി നിങ്ങളുടെ കോണ്‍ടാക്റ്റിലേക്ക് ചേര്‍ക്കുകയോ ബ്ലോക്ക് ചെയ്ത് നമ്പര്‍ റിപ്പോര്‍ട്ടുചെയ്യുകയോ ആകാം.

 

 

Latest News