ഓഹരി വിപണിക്ക് വീണ്ടും തിരിച്ചടി നേരിട്ടു. പുതിയ ബാധ്യതകൾക്ക് തയ്യാറാവാതെ പ്രാദേശിക നിക്ഷേപകർ രംഗത്ത് നിന്ന് അൽപ്പം പിൻവലിഞ്ഞത് കണ്ട് വിദേശ ഫണ്ടുകൾ വിൽപ്പനയ്ക്ക് തിടുക്കം കാണിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരായി നിലയുറപ്പിച്ചെങ്കിലും വിദേശ വിൽപ്പനയ്ക്ക് മുന്നിൽ വിപണിക്ക് പിടിച്ചു നിൽക്കാനായില്ല. സെൻസെക്സ് 490 പോയിന്റും നിഫ്റ്റി 71 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
രാജ്യം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തിൽ സൂചികയിലെ ചാഞ്ചാട്ട സാധ്യതകൾക്ക് ശക്തിയേറുന്നു. അതേസമയം വിദേശ ഫണ്ടുകൾ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ മാർക്കറ്റിനെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ സൂചികയിലെ ഓരോ തിരുത്തലുകളും തിരിച്ചു വരവിന് അവസരം ഒരുക്കും. വിപണിയുടെ അടിയോഴുക്ക് അളക്കുന്ന ഫണ്ടുകൾ, തൊട്ട് മുൻവാരം സൂചിപ്പിച്ച 21,200 റേഞ്ചിൽ പുതിയ ബയ്യിങിനുള്ള സാധ്യത ഉറ്റ് നോക്കുന്നു.
നിഫ്റ്റി സൂചിക 21,853 പോയിന്റിൽ നിന്നും 22,053 വരെ ഉയർന്നതിനിടയിൽ ഉടലെടുത്ത വിൽപ്പന തരംഗം സൂചികയെ 21,629 വരെ താഴ്ന്നെങ്കിലും വ്യാപാരാന്ത്യം നിഫ്റ്റി 21,782 ലാണ്. ഈ വാരം 22,013 22,118 പ്രതിരോധമുള്ളതിനാൽ ഓരോ മുന്നേറ്റത്തിലും പുതിയ വിൽപ്പനകൾക്ക് നീക്കം നടന്നാൽ 21,589 ലേയ്ക്കും തുടർന്ന് 21,397 ലേയ്ക്കും സൂചിക സാങ്കേതിക പരീക്ഷണം നടത്താം.
നിഫ്റ്റി ഫെബ്രുവരി ഫ്യൂച്ചർ 21,950 ൽ നിന്നും 21,848 ലേയ്ക്ക് താഴ്ന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 132.6 ലക്ഷം കരാറുകളിൽ നിന്നും 132.1 ലക്ഷമായി. നേരിയ കുറവ് മാത്രം സംഭവിച്ചതിനാൽ ഫ്യൂച്ചേഴ്സ് പൊസിഷനുകൾക്ക് വ്യക്തമായ ദിശ കണ്ടെത്താനായിട്ടില്ല.
സെൻസെക്സ് 72,085 ൽ നിന്നും 72,478 വരെ ഉയർന്നു. ഈ അവസരത്തിൽ മുൻ നിര ഓഹരികളിലെ വിൽപ്പന സമ്മർദ്ദവും ലാഭമെടുപ്പും മൂലം സൂചിക 71,200 ലേയ്ക്ക് തളർന്നെങ്കിലും ക്ലോസിങിൽ 71,595 പോയിന്റിലാണ്. ഈ വാരം മുന്നേറ്റത്തിന് ശ്രമിച്ചാൽ 72,264 72,933 റേഞ്ചിൽ പ്രതിരോധം നേരിടും, വിൽപ്പനക്കാർ പിടിമുറുക്കിയാൽ 71,063 70,531 ൽ താങ്ങുണ്ട്.
ബി എസ് ഇ ഒയിൽ ആന്റ് ഗ്യാസ്, ഹെൽത്ത് കെയർ, എഫ് എം സി ജി സൂചികൾക്ക് തളർച്ച. മുൻ നിര ഓഹരിയായ ഐ റ്റി സി, എയർടെൽ, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഇൻഡസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഫോസീസ്, ടെക് മഹീന്ദ്ര, എം ആന്റ് എം, എച്ച് യു എൽ, എൽ ആന്റ് റ്റി തുടങ്ങിയവയ്ക്ക് തിരിച്ചടി.
വിദേശ ഓപ്പറേറ്റർമാർ 2024 ൽ ഇതുവരെ 28,819 കോടി രൂപയുടെ വിൽപ്പന നടത്തി. ഫിനാൻഷ്യൽസ്, എഫ് എം സി ജി, ഓട്ടോ, മീഡിയ, ലോഹങ്ങൾ, രാസവസ്തുക്കൾ, കൺസ്യൂമർ ഗുഡ്സ് വിഭാഗമാണ് അവർ കൂടുതലായി കൈവെടിഞ്ഞത്. പിന്നിട്ടവാരം അവർ 6624 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതിനിടയിൽ അവർ 753 കോടി രൂപയുടെ നിക്ഷേപകവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 6936 കോടി രൂപയുടെ വാങ്ങലും 1610 കോടി രൂപയുടെ വിൽപ്പനയും നടത്തി.
റിസർവ് ബാങ്ക് വായ്പ്പാ അവലോകനത്തിൽ ആറാം തവണയും പലിശ നിരക്ക് സ്റ്റെഡിയായി നിലനിർത്തി. 2008 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഇടവേളയാണിത്. രൂപയുടെ മൂല്യം 82.88 ൽ നിന്നും 83.03 ലേയ്ക്ക് ദുർബലമായി.
ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളറായി. എണ്ണ വില 80 ഡോളറിലെ പ്രതിരോധം മറികടന്നതിനൊപ്പം 200 ദിവസത്തെ ശരാശരിക്ക് മുകളിലെത്തിയത് കണക്കിലടുത്താൽ 84 ഡോളറിനെ ലക്ഷ്യമാക്കാം. ഈ പ്രതിരോധം തകർക്കാനായാൽ ക്രൂഡ് ബാരലിന് 90 ഡോളർ വരെ ഉയരാനാവും.
സ്വർണ വില ട്രോയ് ഔൺസിന് 2039 ഡോളറിൽ നിന്നും 2024 ലേയ്ക്ക് താഴ്ന്നു. ലൂണാർ പുതുവത്സരാഘോഷങ്ങളിലേയ്ക്ക് ചൈന തിരിഞ്ഞതിനാൽ താക്കാലികമായി സ്വർണത്തിന് ഡിമാന്റ് മങ്ങും. ഡോളർ സൂചിക കരുത്ത് നേടിയതും സ്വർണത്തിന്റെ മുന്നേറ്റത്തിന് തടസമാണ്. അമേരിക്കൻ ഓഹരി ഇൻഡക്സുകളിലെ റെക്കോർഡ് പ്രകടനവും നിക്ഷേപകരെ സ്വർണത്തിൽ നിന്നും തൽക്കാലം അകറ്റും.