- എടവണ്ണ ജാമിഅ നദ്‌വിയ്യ വാർഷിക സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി
എടവണ്ണ (മലപ്പുറം) - ബാബരി മസ്ജിദ് തകർത്തവർ തന്നെയാണ് ഗ്യാൻവാപി പള്ളിക്കു പിന്നിലും പ്രവർത്തിക്കുന്നതെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ നൽകിയ മുസ്‌ലിംകളെ ഭയപ്പെടുത്തി നിശബ്ദമാക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമമാണെന്നും കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. എടവണ്ണയിൽ ജാമിഅ നദ്‌വിയ്യ വാർഷിക ദഅ്‌വ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം പള്ളികൾക്കും മതസ്ഥാപനങ്ങൾക്കും ഇസ്‌ലാമിക ശരീഅത്തിനും നേരെ ഒരുപോലെ ആക്രമണം അഴിച്ചുവിട്ട് മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് തിരുത്തേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജനാധിപത്യത്തിന്റെ മറവിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറുന്ന ഏക സിവിൽ കോഡ് പരീക്ഷണം വൻ പരാജയമാണെന്നും അത് വരും നാളുകളിൽ കൂടുതൽ ബോധ്യപ്പെടുമെന്നും പറഞ്ഞു. മുസ്‌ലിം ന്യുനപക്ഷത്തെ പേടിപ്പിക്കുക എന്നതാണ് ഏകസിവിൽ കോഡിന് പിന്നിലുമുള്ളത്. മുസ്‌ലിം ന്യൂനപക്ഷത്തെ കൂടുതൽ ഭയപ്പെടുത്തിയാൽ അവർ തെരുവിലിറങ്ങി അക്രമം ചെയ്തുകൊള്ളുമെന്ന് കരുതരുത്. ജനാധിപത്യ രീതിയിലുള്ള പ്രതിരോധം ഉണ്ടാകും. മതനിരപേക്ഷ സമൂഹവുമായി ചേർന്ന് ഭയപ്പെടുത്തി അരികുവൽക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ വിവേകമതികൾ രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വിഭജന നാളുകളിൽ ഇന്ത്യയിൽ ജീവിച്ച മുസ്‌ലിംകളുടെ പിൻഗാമികൾക്കു പ്രകോപനം സൃഷ്ടിക്കുന്നവരുടെ മുമ്പിൽ എങ്ങനെ ജീവിക്കണമെന്ന് ബോധ്യമുണ്ട്. ഏക വ്യക്തി നിയമം പാസാക്കിയാൽ മുസ്‌ലിം സമൂഹം അവരുടെ ശരീഅത്ത് ഒഴിവാക്കുമെന്ന് കരുതുന്നവർക്കാണ് അബദ്ധം പറ്റിയത്. ഏത് ഏകാധിപത്യ രാജ്യത്തും ഇസ്‌ലാമിക ശരീഅത്ത് മുറുകെ പിടിച്ചു ജീവിക്കാനുള്ള അകബലമുള്ളവരാണ് മുസ്‌ലിംകൾ. അതിനാൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ ഇസ്ലാമിക ചരിത്രം വായിക്കണമെന്നും ടി.പി വ്യക്തമാക്കി.
ജാമിഅ നദ്‌വിയ്യ മാനേജിങ് ട്രസ്റ്റി നൂർ മുഹമ്മദ് നൂർഷ അധ്യക്ഷത വഹിച്ചു. പി.വി ആരിഫ് കോയമ്പത്തൂർ, യു അബ്ദുല്ല ഫാറൂഖി, കുഞ്ഞി മുഹമ്മദ് അൻസാരി എന്നിവർ അവാർഡുകൾ സമ്മാനിച്ചു. ജാമിഅ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഉണ്ണീൻകുട്ടി മൗലവി, കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ചെങ്ങര, എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്‌ലഹ്, ജാമിഅ അലൂംനി അസോസിയേഷൻ സെക്രട്ടറി റഹ്മത്തുല്ല സ്വലാഹി, ഹനീഫ് കായക്കൊടി, ഡോ. എ.ഐ അബ്ദുൽമജീദ് സ്വലാഹി, ശരീഫ് മേലേതിൽ, അഹ്മദ് അനസ് മൗലവി, ശുക്കൂർ സ്വലാഹി തുടങ്ങിയവർ പ്രസംഗിച്ചു.
ഫാസിസം സഞ്ചരിക്കുന്നത് ജനാധിപത്യത്തിന്റെ നേർവിപരീത ദിശയിലാണ് എന്ന സെഷനിൽ കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. പി സരിൻ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ഡോ. സുൽഫിക്കർ അലി, ഡോ. ജംഷീർ ഫാറൂഖി, ഇസ്മായിൽ ഫുർഖാനി പ്രസംഗിച്ചു.
തൗഹീദ് വ്യാഖ്യാനങ്ങളും വ്യതിയാനങ്ങളും എന്ന സെഷനിൽ അബ്ദുൽ വഹാബ് സ്വലാഹി, മുനീർ സ്വാലാഹി കാരക്കുന്ന്, ഖദ്‌റത്തുല്ല നദ്‌വി, അനസ് കോഴിച്ചെന പ്രസംഗിച്ചു.
നിർമിത ബുദ്ധിയുടെ കാലത്തെ അധ്യാപനം എന്ന സെഷനിൽ ഷമീർ ഖാൻ, സ്വാബിർ നജ്മുദ്ദീൻ, അലി അക്ബർ ഇരിവേറ്റി, ആഷിദ് സലഫി പ്രസംഗിച്ചു. മധുരം ഖുർആൻ സെഷനിൽ ഡോ. അബ്ദുല്ല തിരൂർക്കാട്, അബ്ദുറഹ്മാൻ തിരൂർക്കാട്, അബ്ദുൽ വഹാബ് തിരൂർക്കാട്, റസീഫ് അലി ഫാറൂഖി, അലീഫ് മുഹ്‌സിൻ പങ്കെടുത്തു.
ഇസ്‌ലാമിന് രാഷ്ട്രീയ വ്യാഖ്യാനമോ എന്ന സെഷനിൽ ഡോ. കെ.എ അബ്ദുൽ ഹസീബ് മദനി, ശഫീഖ് അസ്‌ലം, അബൂബക്കർ കെ.വി, വി അഹ്മദ് കുട്ടി മദനി തുടങ്ങിയവർ പ്രസംഗിച്ചു.
ഖുർആൻ മാത്രവാദം; ഒരു പൊളിച്ചെഴുത്ത്, പാണ്ഡിത്യവും ധിഷണയും; ചെറിയമുണ്ടം ഓർമപുസ്തകത്തെ മുൻനിർത്തി ഒരു ചർച്ച, ന്യൂജൻ സാമ്പത്തിക വ്യവഹാരത്തിന്റെ കരുതിയിരിക്കേണ്ട ചതിക്കുഴികൾ, മുസ്‌ലിം ലോകം: പരീക്ഷണങ്ങളും പ്രതീക്ഷകളും തുടങ്ങിയ സെഷനുകളിൽ പ്രമുഖർ സംസാരിച്ചു.