മുംബൈ - തെരഞ്ഞെടുപ്പിൽ മാതാപിതാക്കൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നിരാഹാരമിരിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്ത് ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗം നേതാവും മഹാരാഷ്ട്രയിലെ കലംനൂരി എം.എൽ.എയുമായ സന്തോഷ് ബംഗാർ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തരുതെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദ്ദേശത്തിന് പിന്നാലെയാണ് എം.എൽ.എയുടെ വിവാദ ആഹ്വാനം.
ഹിംഗോലി ജില്ലയിലെ ഒരു സ്‌കൂൾ പരിപാടിയിലാണ് എം.എൽ.എ കുട്ടികളോട് വിവാദ ആഹ്വാനം നടത്തിയത്. പത്തുവയസ്സിൽ താഴെയുള്ള കുട്ടികളോടായിരുന്നു എം.എൽ.എയുടെ നിർദേശം. പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എം.എൽ.എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പലരും രംഗത്തെത്തിയിട്ടുണ്ട്.
'അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങളുടെ മാതാപിതാക്കൾ എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രണ്ടുദിവസം ഭക്ഷണം കഴിക്കരുത്. എന്തുകൊണ്ട് ഭക്ഷണം കഴിക്കുന്നില്ലെന്ന് മാതാപിതാക്കൾ ചോദിച്ചാൽ അവരോട് പറയണം: സന്തോഷ് ബംഗറിന് വോട്ട് ചെയ്യൂ, എങ്കിൽ മാത്രമേ ഞങ്ങൾ ഭക്ഷണം കഴിക്കൂ' എന്നായിരുന്നു എം.എൽ.എയുടെ ആഹ്വാനം.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശത്തിന് വിരുദ്ധമാണ് ബംഗാറുടെ പ്രസ്താവനയെന്നും ബി.ജെ.പിയുടെ സഖ്യകക്ഷിയായതിനാലാണ് എം.എൽ.എ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നതെന്നും ഇയാൾക്കെതിരെ കേസെടുക്കണമെന്നും എൻ.സി.പി ശരത് പവാർ പക്ഷം വക്താവ് ക്ലൈഡ് ക്രാസ്റ്റോ പ്രതികരിച്ചു.
സന്തോഷ് ബംഗാർ മുമ്പും പല വിവാദ പ്രസ്താവനകളും നടത്തിയ ആളാണ്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോഡി പ്രധാനമന്ത്രിയായില്ലെങ്കിൽ തൂങ്ങിമരിക്കുമെന്ന് ഇയാൾ പറഞ്ഞിരുന്നു. കഴിഞ്ഞവർഷം ആഗസ്തിൽ ഒരു ഉത്സവ റാലിക്കിടെ വാൾ വീശിയതിന് കളംനൂരി പോലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. തൊഴിലാളികൾക്കുള്ള ഉച്ചഭക്ഷണ പരിപാടിയുടെ കാറ്ററിംഗ് മാനേജരെ 2022-ൽ ഇയാൾ തല്ലുന്ന വീഡിയോയും വൈറലായിരുന്നു.