രജനീകാന്ത് അഭിനയിക്കുകയും മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുകയും ചെയ്ത 'ലാല്‍ സലാം' റിലീസ് ചെയ്ത് രണ്ടുദിവസത്തിനുള്ളില്‍ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും തിയറ്ററുകളില്‍നിന്നു പുറത്ത്.
തെലുങ്ക് സംസ്ഥാനങ്ങളില്‍ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമേ ചിത്രം റിലീസ് ചെയ്തിട്ടുള്ളൂ. എന്നാല്‍ പലയിടങ്ങളിലും ആദ്യ ദിവസം പോലും ഒറ്റമനുഷ്യന്‍ തീയറ്ററില്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് തെലുങ്ക് സംസ്ഥനങ്ങളില്‍ ഒരു രജനി ചിത്രത്തിന് ഇത്തരം ഒരു ദുര്യോഗമുണ്ടാകുന്നത്.
തെന്നിന്ത്യയിലെ ഇതിഹാസ സിനിമാതാരം എന്‍.ടി.ആറിന്റെ ജന്മശതാബ്ദി ആഘോഷവേളയില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം രജനികാന്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തമിഴ്‌നാട്ടിലും ചിത്രത്തിന് വലിയ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ലൈക്ക പ്രൊഡക്ഷന്‍സ് പോലൊരു വലിയ ബാനറിന്‌റെ അകമ്പടിയുണ്ടായിട്ടും ചിത്രം അവഗണിക്കപ്പെടുന്ന കാഴ്ചയാണ്.
ചിത്രം ശനിയാഴ്ച വെറും 3 കോടി രൂപയാണ് നേടിയത്. തമിഴ്‌നാട്ടില്‍ ഇതുവരെ ചിത്രത്തിന്റെ ആകെ കളക്ഷന്‍ 6.55 കോടി രൂപയാണ്.