Sorry, you need to enable JavaScript to visit this website.

ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മറ്റൊരു വിജയഗാഥ 15 ലക്ഷം ഉപഭോക്താക്കളുമായി ഐടി കമ്പനി

കൊച്ചി- ഇന്‍ഫോപാര്‍ക്കിലെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ആഗോള ഐടി സേവന രംഗത്ത് ഉയരങ്ങള്‍ കീഴടക്കിയും ബഹുമതികള്‍ നേടിയും മോസിലര്‍ ടെക്‌നോളജീസ്. കമ്പനിയുടെ പ്രധാന ഉത്പന്നമായ കുക്കിയെസ് ആണ് ഈ നേട്ടം നേടാന്‍ മോസിലറിനെ സഹായിച്ചത്.

അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനായ ഐഎബി ടിസിഎഫ് നേടിയ കുക്കിയെസിലൂടെ യൂറോപ്പിലെ മുന്‍നിര അഡ്വര്‍ടൈസിംഗ് റെഗുലേറ്ററി സ്ഥാപനവുമായി മോസിലര്‍ കരാറിലെത്തി. കണ്‍സെന്റ് മാനേജ്മന്റ് പ്ലാറ്റ്‌ഫോമുകളില്‍ 22 ശതമാനം വിപണി സാന്നിദ്ധ്യമാണ് ഇവര്‍ക്കുള്ളത്. പ്രശസ്ത സാങ്കേതിക വിപണിയായ ജി2വിലെ ദ്രുതഗതിയില്‍ വളര്‍ച്ച കൈവരിക്കുന്ന 100 കമ്പനികളില്‍ 30ാമതായി മോസിലര്‍ സ്ഥാനം പിടിച്ചിരുന്നു. ഗൂഗിള്‍ സിഎംപി(കണ്‍സന്റ് മാനേജ്മന്റ് പ്ലാറ്റ്‌ഫോം) പട്ടികയില്‍ അംഗമായ ഇന്ത്യയില്‍ നിന്നുള്ള ഏക കമ്പനിയാണ് മോസിലര്‍. കുക്കിയെസിലൂടെയാണ് മോസിലര്‍ ഈ നേട്ടം കരസ്ഥമാക്കിയത്.

ഇന്‍ഫോപാര്‍ക്കുമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോസിലറിന്റെ ബന്ധം ഏറെ ഊഷ്മളമായിരുന്നുവെന്ന് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ലാഭകരമായ ഉദ്യമങ്ങളില്‍ ഇടപെടാനുള്ള ശ്രമം എല്ലായ്‌പോഴും അവരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. മികച്ച ഇന്‍കുബേഷനിലൂടെയുള്ള മോസിലറിന്റെ വിജയകഥയില്‍ ഇന്‍ഫോപാര്‍ക്കിനും ആഹഌദിക്കാനേറെയുണ്ട്. മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇവര്‍ ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദശകത്തെ ഇന്‍ഫോപാര്‍ക്കിന്റെ ചരിത്രത്തില്‍ മോസിലര്‍ തീര്‍ച്ചയായും ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകവ്യാപകമായി 15 ലക്ഷം വെബ്‌സൈറ്റുകളില്‍ മോസിലറിന്റെ നൂതന ഉത്പന്നം ഉപയോഗിച്ചു വരുന്നുണ്ട്. റെനോ, ടൊയോട്ട, ഫോബ്‌സ്, യു കെ സര്‍ക്കാര്‍, റോയിട്ടേഴ്‌സ്, കെഎഫ്‌സി, ഡോമിനോസ് തുടങ്ങിയ മുന്‍നിര ഉപഭോക്താക്കളാണ് മോസിലറിനുള്ളത്. അത്യന്തം സൂക്ഷ്മമായ ഡാറ്റാസുരക്ഷാ സംവിധാനത്തോടെ പുതിയ ഉത്പന്നങ്ങളുമായി വിപണിയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മോസിലര്‍.

ലോകോത്തര സോഫ്റ്റ് വെയര്‍  ഉത്പന്നങ്ങള്‍ ഒരുക്കിയ പ്രതിഭാധനരായ ജീവനക്കാരാണ് കമ്പനിയുടെ നട്ടെല്ലെന്ന് മോസിലര്‍ സ്ഥാപകനും സിഇഒയുമായ അന്‍വര്‍ ടി കെ പറഞ്ഞു. കൂടുതല്‍ ഉത്പന്നങ്ങള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കായി പ്ലഗ്ഇന്‍, എക്‌സ്റ്റെന്‍ഷന്‍ എന്നിവ പുറത്തിറക്കിയാണ് 2017 ല്‍ മോസിലര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് യൂറോപ്യന്‍ യൂണിയന്‍ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ കൊണ്ടുവന്നു. ഈ സാധ്യത ഉപയോഗപ്പെടുത്തി വെബ്‌സൈറ്റുകള്‍ക്ക് ജിഡിപിആര്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സഹായിക്കുന്ന കുക്കിയെസ് എന്ന സാസ് ഉത്പന്നം പുറത്തിറക്കി. ഇതിനെത്തുടര്‍ന്ന് സിസിപിഎ കാലിഫോര്‍ണിയ, എല്‍ജിപിഡി ബ്രസീല്‍, പിഡിപിഎ സിംഗപ്പൂര്‍ തുടങ്ങി ലോകത്തെ മിക്ക ഡാറ്റാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാനുള്ള സേവനങ്ങള്‍ മോസിലര്‍ നല്‍കി.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോസിലറിന് കൊച്ചി കൂടാതെ കോഴിക്കോട്ടും ഓഫീസുണ്ട്.

 

 

Latest News